✍🏻 നൗഷാദ് കുനിയില്‍
അസര്‍ബെെജാനിലെ ബാക്കു നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള രമണ ഗ്രാമവും രമണ കോട്ടയും ഗോപുരവും രമണീയമായ കാഴ്ചകളേകുന്നൊരിടമാണ്. കോട്ടയ്ക്കു മുകളില്‍നിന്നും ചുറ്റുപാടുമൊന്നു കണ്ണോടിച്ചാല്‍ കണ്ണെത്തും ദൂരത്ത് എണ്ണപ്പാടങ്ങള്‍ കാണാം. ഒന്നുകൂടി സൂക്ഷിച്ചുനോക്കിയാല്‍, കണ്ണെത്താദൂരത്ത് കാസ്പിയന്‍ കടലും കാണാം! സ്വയംമറന്ന് കാഴ്ചകള്‍ കണ്ടുകണ്ടങ്ങനെ നില്ക്കവേ മഴപെയ്തു. പെട്ടെന്ന് താഴോട്ടിറങ്ങാനായി ഒരുങ്ങിയപ്പോഴാണ് കുടുസ്സായ, ഗുഹസമാനമായൊരു തുരങ്കത്തിലൂടെയാണല്ലോ താഴോട്ടിറങ്ങേണ്ടതെന്ന് ഓര്‍ത്തത്. വളഞ്ഞുകൊണ്ടുള്ള പടവുകള്‍ വീതി തീരെക്കുറഞ്ഞതായിരുന്നു. ശ്രദ്ധയോടെ ഇറങ്ങാനായി തുനിഞ്ഞപ്പോള്‍ മുന്നിലൊരു സ്ത്രീ തന്റെ കുഞ്ഞിനേയും ചേര്‍ത്തുപിടിച്ച് ആയാസപ്പെട്ട് പടവുകളിറങ്ങാന്‍ ശ്രമിക്കുന്നതു കണ്ടു. അവരെന്തോ പറയുന്നുണ്ട്. അസര്‍ബെെജാനി ഭാഷയില്‍, തന്റെ കുഞ്ഞിനെ ഒന്നു പിടിക്കാമോ എന്നാണ് അവര്‍ പറയുന്നതെന്ന് ഞാന്‍ സ്വയം പരിഭാഷപ്പെടുത്തി. കുഞ്ഞിനെ വാങ്ങാനായി കെെനീട്ടി. പെട്ടെന്ന് തന്നെ അവര്‍ കുട്ടിയെ തന്നു. ലോകത്തെ ഏതൊരമ്മയുടെയും സംസാരവും സംസ്കാരവും ഒന്നുതന്നെയായിരിക്കും, അത് മനസ്സിലാക്കാന്‍ അവരുടെ ഭാഷ അറിയേണ്ടതില്ല!
പുറത്തെത്തി, അവിടെ കാത്തിരിക്കുന്ന വാനിലേക്ക് ഓടിക്കയറി. വണ്ടി നീങ്ങി. മഴനിന്നു. സമയം ആറുമണി കഴിഞ്ഞിട്ടുണ്ട്. സന്ധ്യാനേരത്തും നല്ല വെളിച്ചമാണിവിടെ!
പോകുംവഴിക്ക് വാനിന്റെ ജാലകത്തിലൂടെ, പാതയോരത്ത് മതിലിനപ്പുറം വലിയൊരു ഖബര്‍സ്ഥാന്‍ കണ്ടു. ഖബറിനു മുകളില്‍ തലഭാഗത്തോട് ചേര്‍ന്ന് ഗ്രാനെെറ്റ് പാളികളില്‍ മരണപ്പെട്ടയാളുടെ പേരും ഫോട്ടോയും മുദ്രണം ചെയ്യപ്പെട്ടതു കണ്ടു. കൗതുകകരമായ ആ കാഴ്ച പിറ്റേന്നുവന്ന് കാണണമെന്നോര്‍ത്ത് അതിന്റെ ലൊക്കേഷന്‍ മൊബെെല്‍ ഫോണില്‍ സേവ് ചെയ്തു വച്ചു. അസരി ഭാഷയിലും ‘ഖബറിസ്ഥാന്‍’ എന്നുതന്നെയാണ് പറയാറുള്ളതെന്ന് ഗൂഗ്ള്‍ മാപ്പിലെ സ്ഥലനാമം വായിച്ചപ്പോള്‍ മനസിലായി. ഇന്ത്യയെ ‘ഹിന്ദിസ്ഥാന്‍’ എന്നാണ് അസരികള്‍ വിളിക്കാറുള്ളതെന്ന് തലേദിവസം എയര്‍പോര്‍ട്ടിലെ കോഫിഷോപ്പില്‍ വച്ച് പരിചയപ്പെട്ടൊരു അസര്‍ബെെജാനുകാരന്‍ പറഞ്ഞപ്പോള്‍ മനസിലാക്കിയതാണല്ലോ! ഹിന്ദിസ്ഥാന്‍ എന്നറിഞ്ഞാല്‍ പിന്നെ അസരിയുടെ അടുത്തൊരുചോദ്യം അകമ്പടിയായുണ്ടാകും – ‘ഷാറൂഖ് ഖാനെ അറിയോ?!.’
രാവിലെ പ്രാതലും കഴിച്ച് ‘ബോള്‍ട്ട്’ല്‍ ടാക്സി ഓര്‍ഡര്‍ ചെയ്തു. അസര്‍ബെെജാനിലെ ഹോട്ടലുകളില്‍ കോംപ്ളിമെന്ററിയായി ലഭിക്കുന്ന ബ്രേക്ഫാസ്റ്റ് എട്ടരമണിക്കു ശേഷമേ സേര്‍വ് ചെയ്യപ്പെടൂ!
ആദ്യത്തെ ഓഡര്‍ ആയതിനാല്‍ തന്നെ 50% ഡിസ്കൗണ്ട് ഉണ്ടായിരുന്നു, ‘ബോള്‍ട്ട്’ ടാക്സിയില്‍. വളരെ ലാഭകരമായ ഈ ടാക്സി സംവിധാനത്തില്‍ 22 കി.മീറ്റര്‍ അപ്പുറത്തുള്ള ആ സെമിത്തേരിയിലെത്താന്‍ 2 മനാത്ത് (ഏകദേശം 100 രൂപ) മാത്രമേ ആയുള്ളൂ! ബോള്‍ട്ട് ആപ്ളിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ നിങ്ങള്‍ക്കൊരു അസര്‍ബെെജാന്‍ മൊബെെല്‍ നമ്പർ ഉണ്ടായിരിക്കേണ്ടതുണ്ട്.
നെഞ്ചുയരത്തിലുള്ള മതിലിനപ്പുറത്ത് സ്മാരകശിലകള്‍ക്കു താഴെ അന്ത്യവിശ്രമംകൊള്ളുന്ന അനേകസഹസ്രം ആളുകള്‍. കറുത്തനിറമാര്‍ന്ന, മിനുസമാര്‍ന്ന ശിലാപാളികളില്‍ മരണപ്പെട്ടയാളുടെ ഏറ്റവും മികച്ച ഫോട്ടോയും ജനനത്തിയ്യതിയും മരണപ്പെട്ട ദിവസവും ഉല്ലേഖനം ചെയ്യപ്പെട്ടിരിക്കുന്നു.
പൂര്‍വ്വാഹ്നം കഴിഞ്ഞ ആ നേരത്ത്, ഭൗതിക ജീവിതം തീര്‍ന്ന അനേകമാളുകള്‍ മണ്ണോട്ചേര്‍ന്ന ആ ഖബര്‍സ്ഥാനിലേക്ക് പ്രവേശിച്ചു. ശ്മശാനമൂകതയുടെ ഭീതിപ്പെടുത്തുന്ന ചുറ്റുപാട് വളരെപ്പെട്ടെന്ന് വേറൊരു ലെവലിലേക്കെത്തി. അതിമനോഹരമായി സംവിധാനിക്കപ്പെട്ട കല്ലറകൾ. മനോഹരമായ ഫോട്ടോ. അസരി ഭാഷയിലോ റഷ്യന്‍ ഭാഷയിലോ പേരെഴുതി വച്ചിട്ടുണ്ട്. അപൂര്‍വമായി മാത്രം, അക്ഷരത്തെറ്റുകള്‍ നിറഞ്ഞ അറബിയിലെഴുതിയ വാചകങ്ങളും കണ്ടു. കഅബാലയത്തിന്റെ ചിത്രം മുദ്രണം ചെയ്തിട്ടുണ്ട്, ഒരു ശിലാഫലകത്തിന്മേല്‍. ബാക്കുവിലെ പ്രസിദ്ധമായ ബീബി ഹെയ്ബത്ത് മസ്ജിദിന്റെ ചിത്രമുണ്ട് വേറൊന്നില്‍. റോസാപ്പൂക്കള്‍ വിവിധ നിറങ്ങളിലുള്ള റിബണുകളുപയോഗിച്ച് മാര്‍ബിള്‍ പാളിയില്‍ കെട്ടിവച്ചതുകണ്ടു. ഏതോ പാനീയം ഖബറിനു മുകളില്‍, തലയോടു ചേര്‍ന്നുള്ള ഭാഗത്ത് വച്ചിട്ടുണ്ട്. മരിച്ചുപോയയാളുടെ പ്രിയപ്പെട്ട പാനീയമാകാം ഒരുപക്ഷേ, അത്. അയാളുടെ പ്രിയപ്പെട്ടയാളുകള്‍ തങ്ങളുടെ ഇഷ്ടം പ്രകടിപ്പിക്കാനായി കൊണ്ടുവച്ചതാവാം!
ഓരോ ശിലയ്ക്കും എത്രയെത്ര കഥകള്‍ പറയാനുണ്ടാകും! എത്രയെത്ര സ്വപ്നങ്ങളായിരിക്കും അകാലത്തില്‍ പൊലിഞ്ഞ് ആ മണ്ണില്‍ ഖബറടക്കപ്പെട്ടിട്ടുണ്ടാവുക!
ഭൗതികജീവിതത്തിനും മരണാനന്തര ജീവിതത്തിനുമിടയിലെ ഈ താത്ക്കാലിക വിശ്രമകേന്ദ്രത്തിലെ ഖബറുകള്‍ക്കിടയിലൂടെ നടക്കുംനേരം ഒരു സംസാരം കേട്ടു. കേട്ടഭാഗത്തേക്ക് ശ്രദ്ധിച്ചുനോക്കിയപ്പോള്‍ കുറ്റിച്ചെടികള്‍ക്കപ്പുറത്ത് രണ്ടുമൂന്നു മനുഷ്യര്‍ എന്തോ ജോലിചെയ്യുന്നതുകണ്ടു.
അസര്‍ബെെജാനിയോ റഷ്യന്‍ ഭാഷയോ അല്ലാതെ മിക്ക അസരികള്‍ക്കും വേറൊരു ഭാഷ അറിയില്ലെന്നത് അനുഭവമാണ്. എന്നാലും, ആ ശ്മശാന ഭൂമിയില്‍ ജീവനുള്ളയാളുകളെ കണ്ടല്ലോ, അവരെ അടുത്തുനിന്നും കാണാലോ എന്നോര്‍ത്ത് അവരുടെ അടുത്തേക്ക് ചെന്നു. അവര്‍ക്കെന്നോട് സംവദിക്കാനും സംസാരിക്കാനും അറിയുന്ന ഭാഷ പുഞ്ചിരിയുടെത് മാത്രമായിരുന്നു! അടുത്തടുത്തുള്ള രണ്ടുമൂന്നു പുതിയ ഖബറുകള്‍ മാര്‍ബിള്‍ പതിക്കാന്‍വേണ്ടി കല്ലുകള്‍ പടുത്ത് തയ്യാറാക്കുകയാണവര്‍. ഒരുപക്ഷേ, ആ മൂന്നുപേരും ഒരേ കുടുംബത്തിലേതായിരിക്കാം, ഏതോ അപകടത്തില്‍ പെട്ട് മരിച്ചതാവാം!
അവിടെനിന്നും അതിനപ്പുറത്തേക്ക് നടക്കുമ്പോൾ ആറുവയസ്സുള്ളൊരു കുട്ടിയുടെ ഖബര്‍ കണ്ടു. സങ്കടം പെയ്യുന്ന മുഖമുള്ള ആ കുഞ്ഞിന്റെ ചിത്രവും നീളം കുറഞ്ഞ ഖബറും കണ്ടപ്പോള്‍ വേദനവന്നു മൂടി. ആ വേദനയില്‍ നിന്നും പുറത്തുകടക്കണം. ഞാന്‍ പുറത്തേക്കുള്ള വഴിതേടി…
മുസ്‌ലിംകള്‍ പൊതുവെ ഇങ്ങനെ ഖബറുകള്‍ക്കു മീതെ ചിത്രങ്ങള്‍ പതിക്കുന്ന പതിവില്ല. ഖബറിനെ കൂടുതല്‍ ലളിതമാക്കുന്നത് അനശ്വരജീവിതം പരലോകത്താണെന്നുള്ള വിശ്വാസത്തിനുപുറത്താണ്. എന്നാല്‍, പതിറ്റാണ്ടുകളോളം, ഔദ്യോഗികമായി ഒരു നിരീശ്വര-കമ്യൂണിസ്റ്റ് രാഷ്ട്രമായിരുന്ന സോവിയറ്റ് യൂനിയന്റെ ഭാഗമായി നിലനിന്നതിനാല്‍ അതിന്റെ സ്വാധീനമായി വളര്‍ന്നുവന്ന സംസ്കാരമായിരിക്കാം ഇവിടെ ഖബറിലെ ഇത്തരം അലങ്കാരങ്ങള്‍ എന്ന് തോന്നുന്നു. കഴിഞ്ഞ നൂറ്റാണ്ടിന്റെ തൊണ്ണൂറുകളുടെ തുടക്കത്തില്‍ മറ്റു പല രാജ്യങ്ങളെയുംപോലെ സോവിയറ്റ് യൂനിയനില്‍നിന്നും സ്വാതന്ത്ര്യംനേടിയ അസര്‍ബെെജാന്‍ ഇപ്പോഴും റഷ്യന്‍ സ്വാധീനത്തിന്റെയും റഷ്യന്‍ ഗൃഹാതുരതയുടെയും ഹാങോവറില്‍ തന്നെയാണെന്ന് എളുപ്പത്തില്‍ മനസിലാക്കാന്‍ സാധിക്കും.
വ്യക്തികളുടെയും നേതാക്കളുടെയും വീരാരാധനയെ സോവിയറ്റ് യുനിയൻ പ്രോത്സാഹിപ്പിച്ചിരുന്നല്ലോ. കമ്യൂണിസ്റ്റുകള്‍ ആത്മാവിലോ മരണാനന്തര ജീവിതത്തിലോ വിശ്വസിച്ചില്ലെങ്കിലും, ‘നല്ല കമ്യൂണിസ്റ്റുകള്‍ മറ്റുള്ളവരുടെ ഓര്‍മകളില്‍ ശാശ്വതമായി ജീവിക്കുന്നു’വെന്ന് അവര്‍ അവകാശപ്പെട്ടിരുന്നു. സോവിയറ്റ് കാലഘട്ടത്തിലെ ഏറ്റവും പ്രശസ്തമായ മുദ്രാവാക്യങ്ങളിലൊന്ന്, ‘Lenin is always alive! Lenin is always with us’ എന്നായിരുന്നല്ലോ!
ആ ഖബറിസ്ഥാനില്‍ നിന്നും പുറത്തേക്കു കടക്കാനുള്ള ഇടുങ്ങിയ കവാടങ്ങളിലൊന്നിലൂടെ പുറത്തേക്കുവരുമ്പോൾ മരണത്തെക്കാള്‍ ജീവിതത്തെക്കുറിച്ചാണ് ചിന്തിച്ചുപോയത്. മനസ്സില്‍ ഉത്തരങ്ങളെക്കാള്‍ കൂടുതല്‍ ചോദ്യങ്ങള്‍ നിറഞ്ഞു. പതിവുപോലെ, കണ്ണുകള്‍ നിറഞ്ഞു.