✍🏻 ലത്തീഫ് നെല്ലിച്ചോട്
അലസത കൊണ്ടു മാത്രം അലക്കാനിട്ട വസ്ത്രങ്ങൾ പോലെ മനസിന്റെ മേശപ്പുറത്ത് കുന്നുകൂടിയ ആഗ്രഹങ്ങളുടെ കെട്ടഴിച്ചത് അട്ടപ്പാടി വെച്ചാണ്. മുക്കാലി, കക്കുപ്പടി, കൽക്കണ്ടി, പാക്കുളം, താവളം, നരസിമുക്ക്, ഗൂളിക്കടവ്, അഗളി, ആനക്കട്ടി, ഷോളയൂർ… അട്ടപ്പാടിയിലെ ഓരോ ദേശത്തിന്റെ പേരിലും ആസ്വാദനത്തിന്റെ മധുരം പൊതിഞ്ഞു വെച്ച പോലെ തോന്നും. എല്ലാ കവലയിലും മുത്തശ്ശി പ്രായമുള്ള മരങ്ങൾ. അതിനു ചുറ്റും പണിതുയർത്തിയ സിമന്റ് തറകൾ. വെയിലു കായുന്ന തെരുവു നായ്ക്കൾ. അന്തം വിട്ടിരിക്കുന്ന ആൾക്കൂട്ടം. വലിച്ചൂതി വിടുന്ന ബീഡിപ്പുകയുടെ മണം.
എവിടെ എത്തിച്ചേരുമെന്നറിയാത്ത ഏതോ ഒരു വഴിയിലൂടെ എങ്ങോട്ടെന്നില്ലാതെ വണ്ടിയോടിച്ചോടിച്ച് ഏറെ ദൂരം പോയി. വേനൽ മഴയിൽ പുതുനാമ്പ് നീട്ടുന്ന പുൽച്ചെടി തുമ്പുകൾ. പച്ചപ്പട്ടുടുത്ത നാട്ടുബാലികയുടെ മൊഞ്ചുള്ള മൊട്ടക്കുന്നുകൾ. വഴിയരികിൽ ഓലകൊണ്ടൊരുക്കിയ പീടികപ്പുര. പുറത്ത് മരക്കമ്പിൽ തീർത്ത ഇരിപ്പിടം. അരിമുറുക്ക് കടിച്ചൂട്ടി ഒരു കട്ടൻ ചായ കുടിച്ചു. കടയിലെ റേഡിയോയിൽ നിന്ന് പരന്നൊഴുകുന്ന തമിഴ് പാട്ട്. വേഗതയുള്ള കാറ്റിലും മെല്ലെ മെല്ലെ കറങ്ങുന്ന കാറ്റാടി കൈകൾ. അതിരില്ലാതെ അലയുന്ന കാലിക്കൂട്ടം.
ആത്മവിശ്വാസത്തിന്റെ ഊർജ്ജം റീചാർജ്ജ് ചെയ്യാവുന്ന അന്തരീക്ഷമാണ് അട്ടപ്പാടിയിൽ. ഇവിടെ വെച്ചാണ് സച്ചി അയ്യപ്പൻ നായരെ വരഞ്ഞിട്ടത്. കോശിയുട വീറും വാശിയും കടലാസിൽ പകർത്തിയത്. നഞ്ചിയമ്മയെന്ന മൂത്തു പഴുത്ത ഫലത്തെ കഥാകൃത്ത് കണ്ടെത്തിയ കാടാണിത്. സിനിമക്കാരുടെ ഇഷ്ട ലൊക്കേഷനാണിപ്പോ അട്ടപ്പാടി. അഭിനേതാക്കളും, അണിയറ പ്രവർത്തകരുമായി പലയിടങ്ങളിൽ ഷൂട്ടിങ് പുരോഗമിക്കുന്നതും കണ്ടു.
ആനക്കട്ടി: വഴിക്കടവിന്റെ അതേ വലിപ്പം. ഇടതടവില്ലാതെ വന്നു പോകുന്ന ആന വണ്ടികൾ. നിരയായി നിർത്തിയിട്ട ജീപ്പുകൾ. തമിഴും,മലയാളവും സമം ചേരുന്ന സംസാരം. യാചകരെ പോലെ സ്വൈര്യം കെടുത്തുന്ന ലോട്ടറി വിൽപ്പനക്കാർ. അതിർത്തി പങ്കിടുന്ന ചെക്പോസ്റ്റ്. അഴിമുഖ ത്തേക്ക് ഒഴുകിയെത്തുന്ന പുഴപോലെ പരന്നൊഴുകുന്ന അനേകം വാഹനങ്ങൾ.
അമ്മയുടെ വാത്സല്യ മുഖമാണ് ഭവാനി പുഴയ്ക്ക്. കാട്ടുചോല കടന്നെത്തുന്ന ഓളങ്ങൾക്ക് ഇളനീർ തെളിമ. അടിത്തട്ട് കാണുന്ന കണ്ണാടിപ്പുഴയിൽ നീരാടി നേരം പോയതറിഞ്ഞില്ല. അന്തിവെയിൽ ചാഞ്ഞു തുടങ്ങുമ്പോൾ അഗളിയിലെ റസ്റ്റ് ഹൗസിലെത്തി. അന്തിയുറങ്ങാനല്ല, ഇനി എഴുതി തുടങ്ങണം. വന്നത് ചുറ്റിക്കറങ്ങാനല്ലെന്ന് മനസ്സ് പറഞ്ഞു കൊണ്ടേയിരുന്നു. അപശബ്ദമില്ലാത്ത അന്തരീക്ഷം. അപരിചിതമായ ഇടം.
ഏകാന്തതയുടെ ഒറ്റമുറിയിൽ അനേകായിരം ആശയങ്ങളുടെ വലയം. ഓരോ കഥാപാത്രങ്ങളും റൂമിൽ ചുറ്റിതിരിയുന്ന പോലെ തോന്നി. അവയുടെ അദൃശ്യ രൂപങ്ങൾ എന്നെ കാണുന്നുണ്ടെന്ന് കരുതി. പലരും പാദസരം കുലുക്കി വരാന്തയിലൂടെ വരുന്നുണ്ടോന്നൊരു ഭീതി. ഒറ്റയ്ക്കിരുന്ന് യക്ഷിക്കഥയൊക്കെ എഴുതുന്നവനെ സമ്മതിക്കണം. പേടി പുതയാൻ തുടങ്ങിയപ്പോൾ ഞാൻ പുറത്തേക്കിറങ്ങി. എഴുത്തിന്റെ സ്റ്റാർട്ടിംഗ് പോയിന്റിന് എന്നും എന്തെന്നില്ലാത്ത പെയിൻഫുള്ളാണ്.
തുടങ്ങി കിട്ടിയാൽ മതി പിന്നെ…തയ്യൽ മെഷീനിലെ സൂചി മുനപോലെ അക്ഷര തെയ്ത്തിന് വേഗത വരും. പണി തീർത്ത് പടിയിറങ്ങിപ്പോരുമ്പോൾ പ്രസവം തീർന്ന സുഖം. മനസും, മൂർദ്ദാവും ഫ്രീയായ ഫീൽ. ഫോർമാറ്റ് ചെയ്ത ഡിവേസിന്റെ പരുവത്തിൽ മൊത്തത്തിൽ ക്ലീൻ.
എന്ത് കാര്യത്തിനും വിളിക്കാമെന്ന സ്നേഹ മസൃണമായ വാഗ്ദാനം നൽകിയ സൗഹൃദങ്ങൾ, അട്ടപ്പാടിയിലെ സുഹൃത്തുക്കൾ, ഫോൺ നമ്പർ അയച്ചു തന്ന പ്രിയപ്പെട്ടവർ, എല്ലാർക്കും നന്മനിറഞ്ഞ നന്ദി. വീർപ്പുമുട്ടി തുടങ്ങുമ്പോൾ വീണ്ടും വരും. അട്ടപ്പാടിയിലെ ശുദ്ധശ്വാസം വലിച്ചു കേറ്റി ആത്മാവ് തണുപ്പിക്കുന്നതിൽ നിർവചനങ്ങൾക്കപ്പുറത്തെ ആനന്ദമുണ്ട്.
മുക്കാലി തട്ടുകയിലെ ഇഡലി സാമ്പാറും, ആനക്കട്ടിയിലെ ആവിപറക്കുന്ന തട്ടുദോശയും, ഗൂളിക്കടവിലെ നെയ്റോസ്റ്റും ലളിത ഭക്ഷണത്തിന്റെ സുഖലാസ്യം കൊണ്ടാവാം ഉദരത്തിൽ വിളംബരങ്ങളുടെ വിഷമങ്ങളില്ല.
“യാത്ര, തുടക്കത്തിൽ നിങ്ങളെ മൗനിയാക്കുന്നു. പിന്നെ, പിന്നെ കഥ പറച്ചിലുകാരനാക്കുന്നു.” (ഇബ്നു ബത്തൂത്ത)
ഒറ്റയ്ക്കുള്ള യാത്രകൾ ഉള്ളിലെ ഭീതികളെ പുറത്തേക്ക് കുടഞ്ഞിട്ട് നേർക്കുനേർ നിർത്തിത്തരും. ഒറ്റയ്ക്കുള്ള യാത്രകൾ ഒരിക്കലും ഏകാന്തമല്ല. അപ്പോഴാണ് നാം ചുറ്റുമുള്ള മനുഷ്യരെ കാണുന്നത്. അവരിലേക്ക് എത്താൻ ശ്രമിക്കുന്നത്. (സോണിയ റഫീഖ്, പച്ചക്കുതിര മാസിക, മെയ് 2023. )
ചുരമിറങ്ങുമ്പോൾ മഴ പെയ്തു തുടങ്ങുന്നുണ്ട്. റോഡിൽ ചതഞ്ഞരഞ്ഞ കശുമാങ്ങയുടെ മണം. പരാരിയുടെ പാട്ടിൽ പറഞ്ഞ പോലെ.