✍🏻 അമീർ ഷാജി
ഫൂഡ് അടിക്കാൻ സമയമായെന്ന് ക്രിസിനെ ഓർമിപ്പിച്ചപ്പോൾ ഒരു സർപ്രൈസ് സ്ഥലമുണ്ട് എന്നു പറഞ്ഞിരുന്നല്ലോ. ക്രിസിനൊപ്പം അവിടെ എത്തിയിരിക്കുകയാണ്. പാർക്കിങ് ലോട്ടിൽ കാർ നിർത്തി ഞങ്ങൾ പുറത്തിറങ്ങി. ഏതാനും പടികൾ ഇറങ്ങി താഴേക്ക് നടന്നപ്പോൾ ഒരു തോട്ടത്തിലാണ് എത്തിയത്. ആപ്പിളും ആപ്രിക്കോട്ടുമടക്കം പഴങ്ങൾ നിറഞ്ഞു നിൽക്കുന്നൊരു തോട്ടം. ഇവിടെ നിന്ന് ഇഷ്ടമുള്ളത്ര പറിച്ചു തിന്നാം. ആഹ… കൊള്ളാം. ഭക്ഷണം കഴിക്കാനെന്നു പറഞ്ഞ് തോട്ടത്തിലേക്കാണോ കൊണ്ടുവന്നിരിക്കുന്നത് എന്നാണ് ആദ്യം സംശയിച്ചത്. എന്നാൽ സംഗതി മറ്റൊന്നാണ്. ഇതൊരു ഹോട്ടൽ തന്നെയാണ്. ഭക്ഷണം ഓർഡർ ചെയ്യാം. അത് വരുന്നത് വരെ ഈ പഴങ്ങളൊക്കെ പറിച്ചു തിന്നുകയുമാകാം. അടിപൊളി സെറ്റപ്പ്. ആദ്യമായാണ് ഈ അനുഭവം.

ഫൂഡ് ഓർഡർ ചെയ്തു. പിന്നെ തോട്ടത്തിൽ നടന്ന് പഴങ്ങൾ പറിച്ചെടുത്തു രുചിച്ചു നോക്കി. കുറച്ചു പഴങ്ങൾ കവറിലുമാക്കി. ഏതാണ്ട് ഒരു മണിക്കൂറെടുത്തു ഭക്ഷണമെത്താൻ. കാത്തിരുന്ന് ഒടുവിലെത്തിയത് പാതി വെന്ത ചിക്കൻ ബാർബിക്യു. നമ്മുടെ നാട്ടിൽ കിട്ടുന്ന പോലെ ഒന്നല്ല ഇത്. മുറിച്ചു കഷണങ്ങൾ ആക്കിയിട്ടുണ്ട്. ഒരു കഷണം വിശപ്പിന്റെ വിളി കൊണ്ട് തിന്നു. ബാക്കി ക്രിസ്‌നോട് തിന്നാൻ പറഞ്ഞു ഞാൻ കവറിലാക്കിയ പഴങ്ങൾ തന്നെ എടുത്തു കഴിച്ചു. സമയം ഏതാണ്ട് 3 മണിയോടടുത്തിട്ടുണ്ട്. അടുത്ത ഡെസ്റ്റിനേഷൻ മദർ ഓഫ് അർമേനിയ ആണ്.
മദർ അർമേനിയ
രണ്ടാം ലോക മഹായുദ്ധത്തിന്റെ വിജയ സ്മാരകമായി 1950ൽ നിർമ്മിച്ച സോവിയറ്റ് സ്വേച്ഛാധിപതി ജോസഫ് സ്റ്റാലിന്റെ കൂറ്റൻ പ്രതിമ മാറ്റി അവിടെ 1967ൽ സ്ഥാപിച്ച പ്രതിമയാണ് മദർ അർമേനിയ. അർമേനിയൻ സ്ത്രീ ശക്തി വിളിച്ചോതുന്ന നിർമ്മിതിയാണിത്. സമാധാനത്തിലൂടെ ശക്തി എന്ന ആശയമാണ് പ്രതീകവൽക്കരിക്കുന്നത്. തലസ്ഥാന നഗരമായ യേരവാനെ അഭിമുഖീകരിക്കുന്ന വിക്ടറി പാർക്കിലാണിത് സ്ഥിതിചെയ്യുന്നത്. ഇവിടെ നിന്നിറങ്ങി. ഇനി മറ്റൊരു സ്ഥലം കൂടി കാണാനുള്ള സമയം ഇല്ല. വൈകീട്ട് സിറ്റിയിൽ കറങ്ങാമെന്ന് തീരുമാനിച്ചു. അങ്ങനെ നേരെ വിട്ടു. ക്രിസിന്റെ റസ്ട്രന്റിനടുത്ത് കാർ പാർക്ക് ചെയ്ത് നടക്കാനിറങ്ങി.

റിപബ്ലിക്കൻ സ്ക്വയർ
യേരവാൻ നഗരം അതിമനോഹരമാണ്. വൈകുന്നേരമായതിനാൽ ആൾത്തിരക്കുണ്ട്. നഗരത്തിലെ പ്രധാന കവലയാണ് റിപബ്ലിക്കൻ സ്ക്വയർ. അർമേനിയൻ ശിൽപ്പ ഭംഗിയോടെ നിയോക്ലാസിക്കൽ ശൈലിയിൻ നിർമ്മിച്ച അഞ്ച് പ്രധാന കെട്ടിടങ്ങളാണ് ഈ ചത്വരത്തിനു ചുറ്റും സ്ഥിതി ചെയ്യുന്നത്. ഇവയിൽ സർക്കാർ ഓഫീസുകൾ, ചരിത്ര മ്യൂസിയം, നാഷനൽ ഗാലറി, അർമേനിയ മാരിയറ്റ് ഹോട്ടൽ എന്നിവ പ്രവർത്തിക്കുന്നു. നേരത്തെ വിവിധ മന്ത്രാലയങ്ങളും ഇവിടെ പ്രവർത്തിച്ചിരുന്നു.

1924-ൽ അലക്സാണ്ടർ തമാനിയൻ ആണ് ഈ ചത്വരം രൂപകൽപ്പന ചെയ്തത് മിക്ക കെട്ടിടങ്ങളുടെയും നിർമ്മാണം പൂർത്തിയാക്കിയത് 1950കളിലാണ്. അവസാന കെട്ടിടമായാ നാഷനൽ ഗാലറി 1977ൽ ആണ് പൂർത്തിയായത്. സോവിയറ്റ് ഭരണകാലത്ത് ലെനിൻ സ്ക്വയർ എന്നായിരുന്നു ഈ ചത്വരം അറിയപ്പെട്ടിരുന്നത്. ലെനിന്റെ പ്രതിമയും ഇവിടെ ഉണ്ടായിരുന്നു. അർമേനിയയുടെ സ്വാതന്ത്ര്യത്തിനുശേഷം ഇതു നീക്കം ചെയ്യുകയും സ്ക്വയർ പുനർനാമകരണം ചെയ്യുകയും ചെയ്തു. ക്രിസ് അവിടയുള്ള ഓരോ കെട്ടിടങ്ങളും പരിചയപ്പെടുത്തി തന്നു. കുറച്ചു ഫോട്ടോസും എടുത്ത് തിരിച്ചു നടന്നു.

നമ്മുടെ നാട്ടിലെ പോലെ ചന്തകളും ഉണ്ട്. കരകൗശല വസ്തുക്കൾ, വെള്ളി ആഭരങ്ങൾ, ഭക്ഷണ വസ്തുക്കൾ, സോവനീറുകൾ, വസ്ത്രങ്ങൾ, ബാഗുകൾ തുടങ്ങി പലതും വിൽപ്പനയ്ക്കുണ്ട്. ഞങ്ങൾ അവിടെയെത്തിയപ്പോഴേക്കും പല കടകളും അടച്ചു തുടങ്ങിയിരുന്നു. രാവിലെ 9 മുതൽ വൈകുന്നേരം ഏകദേശം 6 മണി വരെയുണ്ടാകും ഈ കച്ചവടങ്ങൾ. ഒന്ന് രണ്ട് ഷോപ്പുകളിൽ വെറുതെ കയറിയിറങ്ങി. പിന്നീട് തിരിച്ചു പോന്നു. റൂമിലെത്തി ഒന്ന് ഫ്രഷ് ആയി വെറുതെ രാത്രി പുറത്തേക്ക് ഇറങ്ങി. ഇരുട്ടുവീഴാൻ ഒൻപത് മാണി കഴിയും. അടുത്തുള്ള പാർക്കിൽ പോയി അൽപ നേരം ഇരുന്നു. പിന്നീട് റൂമിൽ തിരിച്ചെത്തി. നാളെ അർമേനിയയിലെ അവസാനത്തെ ദിവസമാണ്. ഇനി കറക്കം ഒറ്റയ്ക്കാണ്. പോകാത്ത ചില സ്ഥലങ്ങൾ കൂടി സന്ദർശിക്കണം. നെറ്റിൽ പരതി ഒരു ലിസ്റ്റ് ഉണ്ടാക്കി വേഗം ഉറങ്ങാൻ കിടന്നു. മുറിയിൽ വെളിച്ചവും ശബ്ദവും വളരെ അപൂർവ്വമാണ്. ഡോർമിറ്ററി ആയത് കൊണ്ടും ടൂറിസ്റ്റുകളാണ് താമസക്കാരെന്നതിനാലും പലരും പലസമയത്താണ് വരവും പോക്കും. അതു കൊണ്ട് ലൈറ്റും ശബ്ദവും മറ്റുള്ളവർക്ക് അരോചകമാകാതെ വളരെ സൂക്ഷിക്കണം.
അവസാന ദിവസം
രാവിലെ ഒമ്പത് മണിയൊടെ കുളിച്ചു മാറ്റി കുട്ടപ്പനായി പുറത്തിറങ്ങി. അർമേനിയ ടൂർ ടാക്സിക്ക് പുറമെ കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാവുന്ന ടാക്സി സർവീസ് ആണ് Yandex GO. ഇന്ന് യാത്ര അതിലാണ്. റൂമിൽ നിന്ന് അഞ്ചു മിനിറ്റ് നടന്നാൽ തൊട്ടടുത്ത മെട്രോ സ്റ്റേഷനിൽ എത്താം. അതും കൂടി കാണാനായി ആദ്യം അങ്ങോട്ടു വച്ചു പിടിച്ചു. അകത്തു കയറി എല്ലാ കണ്ട് തിരിച്ചിറങ്ങിയപ്പോൾ ഒരാൾ വന്നു പേരും നാടുമൊക്കെ ചോദിച്ചു. അദ്ദേഹം ഒരു ട്രാവൽ ഏജന്റ് ആണെന്നും പല സ്ഥലങ്ങളിലേക്കും കൊണ്ടുപോകാമെന്നും പറഞ്ഞു. വന്നിട്ട് മൂന്ന് ദിവസമായെന്നും ഇന്ന് തിരിച്ചു പോകുകയാണെന്നും പറഞ്ഞു. എങ്കിലും അദ്ദേഹത്തിന്റ നമ്പർ വാങ്ങിവച്ചു. അടുത്ത വരവിൽ ആവശ്യമെങ്കിൽ ബന്ധപ്പെടാമല്ലോ.
ബ്ലൂ മോസ്‌ക്

ഇന്നത്തെ ആദ്യ ലക്ഷ്യം ബ്ലൂ മോസ്ക് ആണ്. പതിനെട്ടാം നൂറ്റാണ്ടിൽ നിർമ്മിച്ച പേർഷ്യൻ പള്ളിയാണിത്. സെൻട്രൽ യേരവാനിലെ ഏറ്റവും പഴക്കമുള്ളതും വലുതുമായ മുസ്ലിം ആരാധനാലയം. അർമേനിയിയിൽ സജീവമായ ഒരേ ഒരു ഷിയാ പള്ളി കൂടിയാണിത്. 1920കൾ തൊട്ട് അഞ്ച് പതിറ്റാണ്ടിലേറെക്കാലം യേരവാനിലെ ചരിത്ര മ്യൂസിയം ആയിരുന്നു. 1936 മുതൽ സോവിയറ്റ് യൂണിയന്റെ തകർച്ച വരെ ഈ പള്ളിയിൽ മ്യൂസിയം ഓഫ് നാച്ചുറൽ സയൻസസ് ഉണ്ടായിരുന്നു. പ്രധാന പ്രാർത്ഥന ഹാളിനുള്ളിൽ ഒരു പ്ലാനറ്റോറിയവും ഉണ്ടായിരുന്നു.

അർമേനിയയുടെ സ്വാതന്ത്ര്യത്തെത്തുടർന്ന്, ഇറാൻ സർക്കാരിന്റെ പിന്തുണയോടെ മസ്ജിദ് പുതുക്കിപ്പണിയുകയും അർമേനിയയിലെ മുസ്ലിംകൾക്ക് വേണ്ടി വീണ്ടും ഒരു പള്ളിക്കി മാറ്റുകയും ചെയ്തു. ആയിരത്തിൽ താഴെ മാത്രമാണ് അർമേനിയയിലെ മുസ്ലിം ജനസംഖ്യ. മൊത്തം ജനസംഖ്യയുടെ 0.03 ശതമാനം മാത്രം.
പുറത്ത് ടാക്സിക്കാരൻ കാത്തിരിക്കുന്നതു കൊണ്ട് കൂടുതൽ സമയം അവിടെ ചെലവഴിക്കാൻ കഴിഞ്ഞില്ല. അകത്ത് കയറി എല്ലാം ഓടിച്ചു കണ്ട് വേഗം പുറത്തിറങ്ങി. കാർ പാർക്ക് ചെയ്യാൻ ഇടമില്ലെന്നും ഫൈൻ കിട്ടുമെന്നും ഡ്രൈവർ ആംഗ്യഭാഷയിൽ പറയുന്നുണ്ടായിരുന്നു. ഇംഗ്ലീഷ് പൊടിക്കു പോലും അറിയാത്തവരാണ് ഇവിടുത്തെ സാധാരണക്കാർ. ഇനി യാത്ര ഒരു മ്യൂസിയം ഇൻസ്റ്റിറ്റ്യൂട്ടിലേക്കാണ്. കൊമിറ്റാസ് മ്യൂസിയം ഇൻസ്റ്റിറ്റ്യൂട്ട് 2015ൽ തുറന്ന താരതമ്യേന പുതിയ മ്യൂസിയമാണ്. അൽപ്പ സമയം അവിടെ കറഞ്ഞി റൂമിലേക്ക് തന്നെ തിരിച്ചു.

വെയ്റ്റിങ് നീണ്ടു പോയി എന്ന് പറഞ്ഞ് ഡ്രൈവർ 500 ഡ്രം അധികം ഈടാക്കുകയും ചെയ്തു. 2200 ഡ്രം ആയിരുന്നു ബുക്ക് ചെയ്ത നിരക്ക്. മൊത്തം 2700 ഡ്രം കൊടുത്ത് ഡ്രൈവറെ പിരിച്ചുവിട്ടു. റൂം വെക്കേറ്റ് ചെയ്യാനുള്ള ഒരുക്കങ്ങളിലേക്ക് കടന്നു. എല്ലാ പാക്ക് ചെയ്തു. ക്രിസിന് മെസേജും അയച്ചു. വൈകീട്ട് ഏഴു മണിക്ക് എത്താമെന്ന് ക്രിസ് പറഞ്ഞു. അതുവരെ ഒന്നു കൂടി പുറത്തിറങ്ങി ഒരു ജ്യൂസ് വാങ്ങി പാർക്കിലിരുന്ന് കുടിച്ച് വൈകുന്നേരമാക്കി. തിരിച്ചെത്തി ബാഗെല്ലാം എടുത്ത് യാത്ര പറഞ്ഞിറങ്ങി. വൈകാതെ ക്രിസ് സ്ഥലത്തെത്തുകയും ചെയ്തു. വർക്കിങ് ഡേ ആയത് കൊണ്ട് എയർപോർട്ടിലേക്കുള്ള റോഡിൽ നല്ല തിരക്കുണ്ട്. 25 മിനിറ്റ് സമയമെടുക്കുന്നിടത്ത് ഒരു മണിക്കൂറോളമെടുത്തു എയർപോർട്ടിലെത്താൻ. ക്രിസിനോട് യാത്ര പറഞ്ഞ് എയർപോർട്ടിനുള്ളിലേക്ക് കടന്നു. ഇതിനിടെ വലിയൊരു ട്വിസ്റ്റും സംഭവിച്ചിരുന്നു. അതിവിടെ പറയുന്നില്ല. അനുഭവങ്ങളിൽ ചിലതൊക്കെ പറയാതേയും കിടക്കട്ടെ. അല്ലെങ്കിൽ മറ്റൊരവസരത്തിൽ പറയാം.
യേരവാൻ ചെറിയ എയർപോർട്ടാണ്. കൗണ്ടറിൽ വലിയ തിരക്കൊന്നുമില്ല. നടപടികളെല്ലാം വേഗം പൂർത്തിയാക്കിയെങ്കിലും വിമാനം പറന്നുയരാൻ അൽപ്പം വൈകി. എങ്കിലും സമയത്തു തന്നെ ഖത്തറിൽ തിരിച്ചെത്തി. ജീവിതത്തിൽ എന്നെന്നും ഓർമ്മിക്കാൻ നല്ല ഓർമ്മകൾ സമ്മാനിച്ച മൂന്നു നാവ് അർമേനിയൻ ദിനരാത്രങ്ങൾക്ക് ഇവിടെ തിരശ്ശീല വീഴുകയാണ്.

“അറിഞ്ഞതിൽ പാതി പറയാതെ പോയി, പറഞ്ഞതിൽ പാതി പതിരായും പോയി,
പാതി ഹൃത്തിനാൽ പൊറുത്തു കൊൾക നിങ്ങൾ പാതി ഹൃത്തിനാൽ വെറുത്തു കൊൾക”