ARMENIA: ഗർനിയിലെ പൗരാണിക കാഴ്ചകള്‍

✍🏻 അമീർ ഷാജി

അർമേനിയയിൽ ഇത് രണ്ടാം ദിവസം. ഇന്ന് പോകാനുള്ള സ്ഥലങ്ങളെല്ലാം കഴിഞ്ഞ ദിവസം തന്നെ പ്ലാൻ ചെയ്തിരുന്നു. ക്രിസ് മാത്രമെ കൂടെയുള്ളൂ. ഫിലിപ്പിനോ സഹയാത്രികർ ഇന്ന് രാത്രി ഖത്തറിലേക്ക് തിരിച്ചു പോകും. പകലിൽ അവർ സിറ്റി കറങ്ങാനിറങ്ങുകയാണ്. റൂമിൽ നിന്ന് പത്തരയോടെ ഇറങ്ങി. അൽപ്പം വൈകിയിട്ടുണ്ട്.

ചാരന്റ്സ് ആർച്ച്

ആദ്യം പോയത് ചാരന്റ്സ് ആർച്ച് (The Arch of Charents) കാണാനായിരുന്നു. അർമേനിയൻ കവി യഗിഷേ ചാരന്റ്സിന്റെ ഓർമയ്ക്കായി 1957ൽ പണിത മനോഹരമായ ഒരു കമാനം ആണിത്. വാസ്തുശിൽപ്പിയായ റഫേൽ ഇസ്രയേൽ രൂപകൽപ്പന ചെയ്ത ഈ കമാനത്തിലൂടെ നോക്കിയാൽ ദൂരെ മഞ്ഞിൽ പുതച്ചു കിടക്കുന്ന  അറാറത്ത് പർവ്വതത്തിന്റെ മനോഹര ദൃശ്യം കാണാം. Pass the whole world, there’s no summit as white as that of Ararat, Like glory road, unreachable, I love as well my Mount Massis എന്ന് ആർച്ചിൽ എഴുതിവച്ചിരിക്കുന്നു. മികച്ചൊരു ഫ്രെയിം ആയത് കൊണ്ട് തന്നെ ഫോട്ടോ എടുക്കാൻ ഇവിടെ ആളുകളുടെ വലിയ തരിക്കാണ്. ഒരു ഫോട്ടോ എടുക്കാൻ കുറച്ചു നേരം അവിടെ കാത്തിരിക്കേണ്ടി വന്നു. ക്രിസ് കൂടെയുള്ളത് കൊണ്ട് പല പോസിലുള്ള ചിത്രങ്ങൾ എടുത്ത് തരും.

പരിസരത്തുള്ള മൊട്ട കുന്നുകളെല്ലാം പച്ചവിരിച്ചതു പോലെ പല്ല് പിടിച്ചു കിടക്കുന്നു. അങ്ങിങ്ങായി മേഞ്ഞു നടക്കുന്ന കാലികളേയും കാണാം. പോകുന്ന വഴികളിൽ പലയിടത്തും ആപ്രിക്കോട്ടും പ്ളംസും കായ്ച്ചു നിൽക്കുന്ന ചെറിയ ചെറിയ തോട്ടങ്ങൾ കണ്ടു. അതിൽ നിന്നും പറിച്ച പഴങ്ങളുമായി വഴിയോരങ്ങളിൽ വിൽപ്പനക്കാരായ പ്രദേശവാസികളേയും കാണാം.

ഗർനി ടെമ്പിൾ

അർമേനിയയിൽ എന്നു മാത്രമല്ല, മുൻ സോവിയറ്റ് യൂനിയൻ മേഖലയിൽ അവശേഷിക്കുന്ന ഒരേ ഒരു ഗ്രീക്ക്-റോമൻ നിർമ്മിതിയാണ് മധ്യ അർമേനിയയിലെ ഗർനി എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ പൗരാണിക ക്ഷേത്രം (Garni Temple). ഇതൊരു സൂര്യദേവ ക്ഷേത്രമായിരുന്നു എന്ന് വിശ്വസിക്കപ്പെടുന്നു. നാലാം നൂറ്റാണ്ടിന്റെ ആദ്യത്തോടെ അർമേനിയയിൽ ക്രിസ്തുമതം ആധിപത്യം സ്ഥാപിച്ചതോടെ ഈ ക്ഷേത്രത്തെ അന്നത്തെ രാജാവ് ഒരു വേനൽ കാല വസതിയാക്കി മാറ്റി.

ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്ന് സഞ്ചാരികൾ ഈ നിർമിതി കാണാൻ എത്തുന്നു. 1500 ഡ്രം ആണ് എൻട്രി ഫീ. അത്യാവശ്യം നല്ല വരിയുണ്ടായിരുന്നു ടിക്കറ്റ് എടുക്കാൻ. അകത്തേക്ക് പ്രവേശിക്കുന്ന കവാടത്തിൽ തന്നെ ഗർനി ടെംപിളിന്റെ ചരിത്രം പറയുന്ന ചെറിയ ബോഡുകൾ വച്ചിട്ടുണ്ട്. പൊളിഞ്ഞു വീണു തുടങ്ങിയ കവാടമാണെങ്കിലും മനോഹരമാണ്. ആപ്രിക്കോട്ടും ചെറി പഴങ്ങളും മൾബെറിയുമൊക്കെ നിറഞ്ഞു നിൽക്കുന്ന നടവഴി, രണ്ടു ഭാഗത്തും പഴങ്ങൾ കൊണ്ട് നിറഞ്ഞ മരങ്ങൾ. തിരിച്ചു വരുമ്പോൾ പറിക്കാം എന്ന ക്രിസിന്റെ വാക്കിൽ നേരെ ടെംപിളിനടുത്തേക്ക് നീങ്ങി. നിറയെ സഞ്ചാരികൾ ഉണ്ട്.  സ്കൂളിൽ നിന്നാണ് എന്ന് തോന്നുന്നു കുറെ കുട്ടികളും ഉണ്ട്. ചുറ്റും നടന്നു പുറം ഭാഗം ഒക്കെ കണ്ടു. കുറച്ചു ഫോട്ടോസും എടുത്തു. ഉള്ളിലേക്ക് കേറാൻ നോക്കിയപ്പോ ഭയങ്കര തിരക്കായിരുന്നു. അല്പം കാത്തു നിന്നു. താഴെ ചെരുവിൽ മൾബറിയും ചെറി പഴവും പറിക്കുന്ന ചിലരെയും കാണാമായിരുന്നു.

അല്പം കാത്തിരുന്നെങ്കിലും അത് വെറുതെയായില്ല എന്ന് ഉള്ളിലേക്ക് കേറിയപ്പോ ബോധ്യപ്പെട്ടു. ഒറ്റ കല്ലുകൾ കൊണ്ടും ലെഡുകളും ചേർത്ത് നിർമിച്ച ഒരു ആരാധനാലയം. ഗർനി എന്നത് ഇത് ഒരു കോട്ട നഗരമായിരുന്നു. റോമൻ മാതൃകയിൽ നിർമിച്ച വളരെ പഴക്കമുള്ള ഒരു ക്ഷേത്രമാണ് നമ്മൾ കാണുന്ന ഈ ഗർനി ടെമ്പിൾ, ഇതിന്റെ പല പ്രധാന ഭാഗങ്ങളും 1679ൽ ഉണ്ടായ ഒരു ഭൂകമ്പത്തിൽ തകർന്നു പോയതാണ്. എങ്കിലും ഈ ബാക്കി ശേഷിപ്പുകളും ഏറെ മനോഹരമായ കാഴചയാണ്‌. പല ഭാഗങ്ങളും തകർന്നു പോയത് കല്ലുകളുപയോഗിച്ച് അതെ മാതൃകയിൽ നിലനിർത്തിയത് കാണാൻ സാധിക്കും.

ഈ ടെമ്പിൾ സ്ഥിതി ചെയ്യുന്നത് ഒരു മലഞ്ചെരുവ് പോലെയുള്ള സ്ഥലത്താണ്. അവിടെ നിന്നുള്ള പുറം കാഴ്ചകൾ മനോഹരമാണ്, ദൂരേക്ക് നോക്കിയാൽ ചെറിയ ഒരു നദി ഒഴുകുന്നതും കാണാം. കാഴ്ചകൾ കണ്ട് മതി വന്നില്ല. കാണാൻ ഇനിയും സ്ഥലങ്ങൾ ബാക്കിയുള്ളതിനാൽ അവിടെ നിന്നും തിരിച്ചിറങ്ങി.

പഴങ്ങൾ പറിക്കണം എന്ന് നേരത്തെ തന്നെ തീരുമാനിച്ചതാണല്ലോ. പതുക്കെ താഴേയുള്ള തോട്ടത്തിലേക്ക് ഇറങ്ങി. കൈ കൊണ്ട് പറിക്കാനുള്ള ശ്രമം വിഫലമാണെന്നു മനസ്സിലായപ്പോ അവസാന ശ്രമം എന്ന നിലക്ക് കുലുക്കി നോക്കാൻ തീരുമാനിച്ചു. അത് വിജയിച്ചു. മൂത്തു നിൽക്കുന്ന ആപ്രികോട്ട് പഴങ്ങൾ താഴേക്ക് വീണു. ഓരോന്നായി പെറുക്കി തിന്നാൻ തുടങ്ങി. മരത്തിൽ നിന്നും ഇങ്ങനെ പറിച്ചു നേരിട്ട് തിന്നുന്നത് ആദ്യമായാണ്. ചെറുപ്പത്തിൽ മാവിൽ നിന്നും മാങ്ങ എറിഞ്ഞിട്ടു തിന്നുന്ന ഒരു ഫീൽ. മനോഹരമായ സ്ഥലം. ഇങ്ങനെ പഴം പറിച്ചു തിന്നുന്നതിനു ഇവിടെ വിലക്കോ മറ്റു പ്രശ്നങ്ങളോ ഇല്ല കെട്ടോ.

സിംഫണി ഓഫ് ദ് സ്റ്റോൺസ്

ഗർനി ഗ്രാമത്തിൽ അസാത് നദിയോരത്ത് സ്ഥിതി ചെയ്യുന്ന ഒരു മനോഹര പ്രകൃതിദത്ത സ്മാരകമാണ് അഗ്നിപർവതം തകർന്ന് രൂപപ്പെട്ട Symphony of the stones എന്നറിയപ്പെടുന്ന ഈ പാറക്കെട്ടുകൾ. യേരവാനിൽ നിന്ന് ഏതാണ് 30 കിലോമീറ്ററോളം ദൂരമുണ്ട് ഇവിടേക്ക്. അഗ്നിപർവതത്തിൽ നിന്നൊഴുകുന്ന ലാവ ഉറഞ്ഞ് രൂപപ്പെടുന്ന ബലോൾട്ട് എന്നു പേരുള്ള ഒരിനം ഇരുണ്ട ശിലകളാണിത്. പഞ്ചകോണ, ഷഡ്ഭുജ സ്തൂപങ്ങൾ അടുക്കും ചിട്ടയോടും കൂടി കൂട്ടിവച്ചതു പോലെയിരിക്കുന്നു.  കൊത്തിയെടുത്തതു പോലുള്ള സമാന രൂപവും ശിൽപ ഭംഗിയുമാണ് ഈ പാറകളെ വേറിട്ടു നിർത്തുന്നത്. 50 മീറ്റോളം ഉയരത്തിൽ തൂങ്ങിനിൽക്കുന്ന ഈ പാറക്കെട്ടുകൾ ഒരു സംഗീതോപകരണത്തെ അനുസ്മരിപ്പിക്കും. അങ്ങിനെയാണ് ബസോൾട്ട് ഓർഗൻ പൈപ്പ്സ് എന്ന് പേരും ഇതിനു ലഭിച്ചത്. താഴെ മലയിടുക്കിലൂടെ ഒഴുകുന്ന അസാത് നദി ഈ പാറക്കെട്ടുകളുടെ ദൃശ്യമഹിമ കൂട്ടുന്നു. സിംഫണി ഓഫ് സ്റ്റോൺസ് ഒരു സംരക്ഷിത സ്മാരകമാണ്.  

Legal permission needed