ARMENIA: അക്ഷരമാലയിൽ തീർത്ത ഒരു കൗതുക കാഴ്ച

✍🏻 അമീർ ഷാജി

അരാഗറ്റ്സ് മലയും ആംബർഡ് കോട്ടയും കയറി അത്യാവശ്യം ക്ഷീണമുണ്ട്. എന്തെങ്കിലും കഴിച്ച് വിശപ്പ് തീർക്കണം. പക്ഷെ ക്രിസ് സമ്മതിച്ചില്ല. രണ്ട് സ്ഥലങ്ങൾ കൂടി കണ്ടാൽ നിന്ന് ആദ്യ ദിവസത്തെ കറക്കം അവസാനിക്കുമെന്നും ഭക്ഷണം അതുകഴിഞ്ഞാകാമെന്നും പറഞ്ഞു. ഇവിടെ നല്ല ചൂടുണ്ട്. താൽക്കാലികാശ്വാസത്തിന് ഒരു ഐസ്ക്രീം വാങ്ങിക്കഴിച്ചു. അടുത്ത സന്ദർശന കേന്ദ്രം അർമേനിയൻ അക്ഷരമാല സ്മാരകം ആണ്.

അക്ഷരമാല സ്മാരകം (Armenian Alphabet Monument)

അർതാഷവൻ ഗ്രാമത്തിലാണീ സ്മാരകം. യേരവാനിൽ നിന്ന് 35 കിലോമീറ്ററോളം ദൂരമുണ്ട്. ലോകത്തിലെ ഏറ്റവും പുരാതന അക്ഷരമാലകളിലൊന്നാണ് അർമേനിയൻ. പ്രശസ്ത അർമേനിയൻ വാസ്തുശില്പിയായ ജിം ടൊറോസ്യനാണ് അക്ഷരമാല സ്മാരകം രൂപകൽപ്പന ചെയതത്. അർമേനിയൻ അക്ഷരമാലയുടെ  1600-ാം വാർഷികം ആചരിച്ച 2005ലാണ് ഈ സ്മാരകം സ്ഥാപിച്ചത്. 39 അർമേനിയൻ അക്ഷരങ്ങളെ കല്ലുകളിൽ കൊത്തിവച്ച മനോഹരമായ ഒരു താഴ്വരയാണിത്. പുൽമേട്ടിലെ പാറക്കെട്ടുകളിൽ അർമേനിയൻ അക്ഷരങ്ങളുടെ വലിയ രൂപം കുത്തനെ നിർത്തിയ പോലുണ്ട്.

എ ഡി 405-406 മുതൽ ഈ അക്ഷരമാല ഉപയോഗത്തിലുണ്ട്. ക്രിസ്തുമത പ്രചാരണത്തിനും ബൈബിൾ അർമേനിയക്കാർക്ക് ലഭ്യമാക്കുന്നതിനുമായി ഭാഷാപണ്ഡിതനും പുരോഹിതനുമായിരുന്ന സെയ്ന്റ് മെസ്റോപ് മഷ്ടോട്സ് ആണ് ഇതു വികസിപ്പിച്ചെടുത്തതെന്നാണ് ചരിത്രം. സെന്റ് മെസ്റോപിന്റെ കുടീരവും ഈ സ്മാരകത്തിനു സമീപമാണ്. വിശപ്പിന്റെ വിളി കൂടി വരുന്നതിനാൽ അധിക സമയം അവിടെ നിൽക്കാൻ കഴിഞ്ഞില്ല. കുറച്ച് ഫോട്ടോസ് ക്ലിക്ക് ചെയ്ത് വേഗം കാറിലേക്ക് തിരിച്ചുകയറി.

സഗ്മോസാവ ആശ്രമം (The Saghmosavank complex)

സങ്കീർത്തനങ്ങളുടെ ആശ്രമം എന്നാണ് സഗ്മോസാവ ആശ്രമ സമുച്ചയത്തെ വിശേഷിപ്പിക്കുന്നത്.  സഗ്മോസാവ  ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്നു.  പതിമൂന്നാം നൂറ്റാണ്ടിലെ ഒരു ക്രിസ്തീയ സന്യാസി ആശ്രമമാണിത്. കസാഗ് നദിയൊഴുകുന്ന മലയിടുക്കിനു മുകളിലാണിത് സ്ഥിതി ചെയ്യുന്നത്. ആദ്യ ക്രിസ്ത്യൻ രാജ്യം എന്ന് വിശേഷിപ്പിക്കപ്പെടുന്ന അർമേനിയയിൽ ഈ ആശ്രമ സമുച്ചയത്തിന് മതപരവും സാംസ്കാരികലുമായ വലിയ പ്രാധാന്യമുണ്ട്. ഞങ്ങളിവിടെ എത്തുമ്പോൾ വിവാഹ പരിപാടികളും ഫോട്ടോ ഷൂട്ടുകളും നടക്കുന്നുണ്ടായിരുന്നു. ഇവിടെ വിവാഹങ്ങൾ നടക്കാറുണ്ടെന്ന് ക്രിസ് പറഞ്ഞു. തൊട്ടടുത്തായി പാർട്ടി നടത്താനുള്ള സൗകര്യവും ഉണ്ട്. അതിമനോഹരമായ സ്ഥലമായതിനാൽ കുറച്ചധികം സമയം ഇവിടെ ചെലഴിച്ചു.

അർമേനിയയിലെ ആദ്യ ദിവസത്തെ കറക്കം അവസാനിപ്പിച്ച് താമസ സ്ഥലത്തേക്ക് മടങ്ങുകയാണിനി. ആദ്യം ഫൂഡ്. ഇക്കാര്യം പറഞ്ഞപ്പോഴാണ് തനിക്കൊരു ജാപ്പനീസ് റസ്ട്രന്റ് ഉള്ള കാര്യം ക്രിസ് ഓർമിപ്പിച്ചത്. ഇന്ന് അവിടെ നിന്ന് ട്രൈ ചെയ്യാം എന്നു പറഞ്ഞു. ഏതാണ്ട് അര മണിക്കൂർ കൂടി യാത്ര ചെയ്താൽ അവിടെ എത്താം. വണ്ടി പതുക്കെ നീങ്ങി തുടങ്ങി. പോകുന്ന വഴിയിൽ മിക്ക സ്ഥലങ്ങളിലും വിവിധ പഴങ്ങൾ ചെറിയ കുട്ടകളിലാക്കി കച്ചവടം ചെയ്യാനിരിക്കുന്ന ഗ്രാമീണവാസികളെ കണ്ടു. ഇതിവിടെ സാധാരണ കാഴ്ചയാണത്രെ.

പെട്രോൾ പമ്പുകൾ എല്ലായിടത്തുമുള്ളതും ശ്രദ്ധിച്ചു. റോഡിനോട് ചേർന്ന് തന്നെ അടുത്തടുത്തായി കുറെ പമ്പുകളുണ്ട്. ചിലയിടങ്ങളിൽ എണ്ണ അടിക്കുന്നത് റോഡിൽ വെച്ചാണ്. മെയിൻ റോഡുകളിൽ. ഇവിടെ എണ്ണ തീർന്ന് ഒരാളും കുടുങ്ങില്ലെന്നുറപ്പാണ്. വില ജിസിസി രാജ്യങ്ങളിലേതിനേക്കാൾ അല്പം കൂടുതലാണ്. പെട്രോൾ ഏകദേശം 5 റിയാൽ വരുന്നുണ്ട് ഒരു ലിറ്ററിന്. ഏകദേശം 112 ഇന്ത്യൻ രൂപ.

ക്രിസിന്റെ ജാപ്പനീസ് ഭക്ഷണശാലയിലെത്തി. ചെറിയൊരു സെറ്റപ്പാണ്. മെനു നോക്കി കഴിക്കാൻ കൊള്ളാവുന്നത് വല്ലതുമുണ്ടോ എന്നു പരതി നോക്കി. കേട്ടു പോലും പരിചയമില്ലാത്ത കുറെ ഐറ്റംസാണ്. അതിനിടെ നമ്മുടെ നൂഡിൽസ് കണ്ണിലുടക്കി. എന്നാൽ പിന്നെ അതു തന്നെ. അങ്ങനെ ഒരു ചിക്കൻ നൂഡിൽസ് ഓർഡർ ചെയ്തു. 2500 ഡ്രം ആണ് വില. പണം നോക്കിയില്ല. ഇനി ഇതു കഴിച്ചു തീർത്തിട്ട് ബാക്കി കഥ പറയാം…

(അവസാനിക്കുന്നില്ല)

One thought on “ARMENIA: അക്ഷരമാലയിൽ തീർത്ത ഒരു കൗതുക കാഴ്ച

Leave a Reply

Your email address will not be published. Required fields are marked *

Legal permission needed