കൊച്ചി. കേരളത്തിന്റെ തെക്കേ അറ്റം മുതല്‍ വടക്കേ അറ്റംവരെ നീളുന്ന സ്വപ്‌ന ജലഗതാഗത പദ്ധതിയുടെ ആദ്യ ഘട്ടം ഈ വര്‍ഷം തന്നെ യാഥാര്‍ത്ഥ്യമാകും. കോവളം-ബേക്കല്‍ ജലപാതയില്‍ ബോട്ട് സര്‍വീസ് വൈകാതെ ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ. ദേശീയ ജലപാത 3 (West Coast Canal) പൂര്‍ണമായും ബോട്ട് സര്‍വീസ് യോഗ്യമാക്കുന്നതിന് സര്‍ക്കാര്‍ നേരിട്ടിരുന്ന വെല്ലുവിളിക്ക് പരിഹാരമായതോടെയാണ് ജലഗതാഗതം ആരംഭിക്കുന്നതിന് വഴി തെളിഞ്ഞത്. കനാല്‍ പുറമ്പോക്കില്‍ അനധികൃതമായി കഴിയുന്ന കുടുംബങ്ങളുടെ പുനരധിവാസമായിരുന്നു ഈ വെല്ലുവിളി. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക പുനരധിവാസ പാക്കേജ് തയാറാക്കി.
തിരുവനന്തപുരം ആക്കുളം മുതല്‍ തൃശൂര്‍ ചേറ്റുവ വരെയുള്ള കനാല്‍ പുറമ്പോക്കിലുള്ള മുഴുവന്‍ കുടുംബങ്ങളേയും അടുത്ത മാസത്തോടെ പുനരധിവസിപ്പിക്കും. ഇതോടെ ആദ്യ ഘട്ടത്തില്‍ 280 കിലോമീറ്റർ ദൂരം ബോട്ട് സര്‍വീസ് നടത്താനാകും. ബോട്ട് വാങ്ങാനുള്ള ടെന്‍ഡര്‍ ഇതിനകം വിളിച്ചിട്ടുണ്ട്. ഇതോടനുബന്ധിച്ച് വര്‍ക്കല ടണലില്‍ ടൂറിസം പദ്ധതി നടപ്പിലാക്കാനും ശ്രമങ്ങളാരംഭിച്ചു.
പദ്ധതിയുടെ ഭാഗമായി 1397 കുടുംബങ്ങളെയാണ് ആകെ പുനരധിവസിപ്പിക്കേണ്ടത്. 327 കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരത്തുക അനുവദിക്കുകയും പുനരധിവസിപ്പിക്കുകയും ചെയ്തു. 101 കുടുംബങ്ങളെ ഈ മാസം പുനരധിവസിപ്പിക്കും. ബാക്കിയുള്ളവരുടെ പുനരധിവാസം സെപ്തംബറിലും പൂര്‍ത്തിയാക്കാനാണു പദ്ധതി.
ഒരു കുടുംബത്തിന് 10 ലക്ഷം രൂപ, നിലവിലുള്ള വീടിന്റെ മൂല്യം കണക്കാക്കി നിശ്ചിതി തുക, വാടക വീട് ലഭിക്കുന്നതു വരെയുള്ള ചെലവായി ഒരു ലക്ഷം രൂപ എന്നിവയാണ് പുനരധിവാസ പാക്കേജിലുള്ളത്. ഒരു വര്‍ഷത്തില്‍ താഴെ പഴക്കമുള്ള വീടുകള്‍ക്ക് 14 ലക്ഷം രൂപ വരെയാണ് പരമാവധി മൂല്യം കണക്കാക്കിയിരിക്കുന്നത്. പണം ബാങ്കിലെത്തിയാല്‍ 15 ദിവസത്തിനകം വീട് ഒഴിയണമെന്നാണ് വ്യവസ്ഥ. കനാ പുറമ്പോക്കിലെ എല്ലാ വീടുകളും 700 ചതുരശ്ര മീറ്ററിനു താഴെ വിസ്തീര്‍ണമുള്ളവയാണ്.
കിഫ്ബി ധനസഹായത്തോടെ 6000 കോടി രൂപയിലേറെ ചെലവിട്ടാണ് 616 കിലോമീറ്റര്‍ ജലഗതാഗത പദ്ധതി. സംസ്ഥാന സര്‍ക്കാരും കൊച്ചി വിമാനത്താവള കമ്പനിയായ സിയാലും (CIAL) ചേര്‍ന്നുള്ള സംയുക്ത കമ്പനിയായ കേരള വാട്ടര്‍വേയ്‌സ് ആന്റ് ഇന്‍ഫ്രാസ്ട്രക്‌ചേഴ്‌സ് ലിമിറ്റഡ് (KWIL) ആണ് ഈ പദ്ധതിക്ക് മേല്‍നോട്ടം വഹിക്കുന്നത്.