തിരക്കിട്ടുള്ള ട്രെയ്ൻ യാത്രകൾക്ക് ടിക്കറ്റ് ലഭിക്കാൻ പലപ്പോഴും റെയിൽവേ സ്റ്റേഷനിൽ കൗണ്ടറില്‍ ഏറെ നേരം കാത്തിരിക്കേണ്ട വരാറുണ്ട്. പലപ്പോഴും ട്രെയിൻ സ്റ്റേഷനിലെത്താനിരിക്കെ ആകും ഓടിക്കിതച്ച് പലരും കൗണ്ടറില്‍ എത്തുക. നീണ്ട വരിയായിരിക്കും. വരിയിൽ ക്ഷമയോടെ കാത്തിരിക്കന്നവരെ പലപ്പോഴും വെറുപ്പിക്കേണ്ടിയും വരും. ഇതൊക്കെ ഒഴിവാക്കാനാണ് ഇന്ത്യൻ റെയിൽവേ അൺറിസർവ്ഡ് ടികറ്റിങ് സിസ്റ്റം (Unreserved Ticketing System) അഥവാ UTS എന്ന പേരിൽ ഒരു അപ്ലിക്കേഷൻ അവതരിപ്പിച്ചത്. വരിനിൽക്കാതെ ജനറൽ ടിക്കറ്റെടുക്കാനുള്ള ഈ സംവിധാനം ഉപയോഗിക്കുന്നവരുടെ എണ്ണവും വർധിച്ചു വരികയാണ്.
തുടക്കകാലത്ത് യുടിഎസ് വഴി ടിക്കറ്റെടുക്കാൻ പല നിയന്ത്രണങ്ങളും ഉണ്ടായിരുന്നു. റെയിൽവേ സ്റ്റേഷൻ പരിധിക്കുള്ളിൽ നിന്ന് ഇതുപയോഗിച്ച് ടിക്കറ്റെടുക്കാൻ കഴിയുമായിരുന്നില്ല. തൊട്ടടുത്ത സ്റ്റേഷനല്ലാത്ത, വിദൂര സ്റ്റേഷനുകളിൽ നിന്ന് മറ്റിടങ്ങളിലേക്ക് ടിക്കറ്റ് ലഭിക്കുമായിരുന്നില്ല. അങ്ങനെ പല നിയന്ത്രണങ്ങളും ഉണ്ടായിരുന്നു. എന്നാൽ കൂടുതൽ യാത്രക്കാർ യുടിഎസ് ആപ്പ് ഉപയോഗം കൂടിയതോടെ റെയിൽവെ ഈ സേവനം കൂടുതൽ ലളിതമാക്കിയിരിക്കുകയാണ്. എക്സ്പ്രസ്/ സൂപ്പർഫാസ്റ്റ്/ അന്ത്യോദയ സൂപ്പർഫാസ്റ്റ് ജനറൽ ടിക്കറ്റുകൾക്കു പുറമെ, സീസൺ ടിക്കറ്റ്, പ്ലാറ്റ്ഫോം ടിക്കറ്റ് എന്നിവ എടുക്കാൻ ഇതിലും മികച്ച മറ്റൊരു സംവിധാനം ഇല്ല.
UTS ആപ്പിലെ സൗകര്യങ്ങള്‍
ജിപിഎസ് അടിസ്ഥാനമാക്കിയാണ് യുടിഎസ് ആപ്പ് പ്രവർത്തിക്കുന്നത്. അതുകൊണ്ടു തന്നെ നമ്മുടെ തൊട്ടടുത്ത റെയിൽവേ സ്റ്റേഷന്റെ 15 മീറ്റർ പരിധിക്കുള്ളിൽ നിന്ന് യുടിഎസ് വഴി ടിക്കറ്റെടുക്കാൻ കഴിയില്ല. പക്ഷെ ഇത് പ്രശ്നമല്ല. നാം സ്റ്റേഷനിലെത്തിയിട്ടുണ്ടെങ്കിൽ അവിടെ യുടിഎസ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള ഒരു QR കോഡ് പ്രദർശിപ്പിച്ചിട്ടുണ്ടായിരിക്കും. അത് സ്കാൻ ചെയ്ത് ലളിതമായി യുടിഎസ് ആപ്പ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്. കൗണ്ടറില്‍ വരി നിൽക്കേണ്ട ആവശ്യമില്ല.
ഇതുവരെ യുടിഎസ് ആപ്പ് വഴി നമ്മുടെ തൊട്ടടുത്ത റെയിൽവേ സ്റ്റേഷനുകളിൽ നിന്ന് തുടങ്ങുന്ന യാത്രകൾക്കെ ടിക്കറ്റെടുക്കാൻ കഴിഞ്ഞിരുന്നുള്ളൂ. 25 കിലോമീറ്റർ പരിധിക്കുള്ളിൽ മാത്രമെ ടിക്കറ്റ് ലഭിച്ചിരുന്നുള്ളൂ. ഇപ്പോൾ ഈ ദുരപരിധിയും ഇപ്പോൾ ഒഴിവാക്കി. ഇപ്പോൾ എവിടെയിരുന്നു വിദൂര സ്റ്റേഷനുകളിൽ നിന്നുള്ള യാത്രകൾക്ക് ടിക്കറ്റെടുക്കാം. ഉദാഹരണത്തിന് കോട്ടയത്തിരുന്ന് നമുക്ക് തിരൂർ മുതൽ കോഴിക്കോട് വരെയുള്ള ടിക്കറ്റ് യുടിഎസ് ആപ്പിലൂടെ എടുക്കാം. ടിക്കറ്റെടുത്ത് മൂന്ന് മണിക്കൂറിനുള്ളിൽ യാത്ര ചെയ്തിരിക്കണമെന്ന നിബന്ധനയുണ്ടെന്നു മാത്രം.
പണമടക്കാൻ യുടിഎസ് ആപ്പിലെ ആർ വോലറ്റ് (R Wallet) ഉപയോഗിക്കുകയാണെങ്കിൽ റെയിൽ നമുക്ക് ബോണസും നൽകും. മൂന്ന് ശതമാനമാണ് ബോണസ്. 100 രൂപ വാലറ്റിൽ റീചാർജ് ചെയ്താൽ 103 രൂപ ലഭിക്കും.
UTS ആപ്പ് ഉപയോഗം ഇങ്ങനെ
ആൻഡ്രോയ്ഡ്, ഐഒഎസ് പതിപ്പുകളിൽ യുടിഎസ് ആപ്പ് ലഭ്യമാണ്. ഇൻസ്റ്റോൾ ചെയ്ത ശേഷം തുറന്നാൽ മൊബൈൽ നമ്പർ നൽകി, അതുവഴി ലഭിക്കുന്ന ഒടിപി ഉപയോഗിച്ച്, പാസ് വേഡും നൽകി രജിസ്റ്റർ ചെയ്യാം. ശേഷം ബുക്കിങ് തിരഞ്ഞെടുക്കുക. ശേഷം പേപ്പർലെസ് ടിക്കറ്റ് ആണോ പേപ്പർ ടിക്കറ്റ് (സ്റ്റേഷനിൽ നിന്ന് പ്രിന്റെടുക്കാവുന്നവ) ആണോ എന്ന് സെലക്ട് ചെയ്യുക. ശേഷം പുറപ്പെടുന്ന സ്റ്റേഷനും എത്തിച്ചേരേണ്ട സ്റ്റേഷനും നൽകുക. ഇതു കഴിഞ്ഞ് നെക്സ്റ്റ് അടിച്ചാൽ യാത്രക്കാരുടെ എണ്ണവും ട്രെയിൻ ടൈപ്പും (എക്സ്പ്രസ്, സൂപ്പർഫാസ്റ്റ്) നൽകാം. ഇപ്പോൾ കാണുന്ന ഗെറ്റ് ഫയർ എന്ന ബട്ടൺ ടാപ് ചെയ്താൽ ടിക്കറ്റ് നിരക്ക് കാണിക്കും. വോലറ്റിൽ ബാലൻസ് തുക ഉണ്ടെങ്കിൽ അതും കാണിക്കും. (ഇവിടെ തന്നെ നമുക്ക് ട്രെയ്നുകളുടെ ഷെഡ്യൂളുകളും പരിശോധിക്കാം) ശേഷം പേമെന്റ് തിരഞ്ഞെടുക്കാം. ഇവിടെ ആർ വോലറ്റ് വഴിയോ പേമെന്റ് ഗേറ്റ് വേ വഴി കാർഡ്, നെറ്റ്ബാങ്കിങ്, യുപിഐ എന്നിവ ഉപയോഗിച്ചോ പണമടക്കാം. ഏറ്റവും ലാഭകരം ആർ വോലറ്റ് ആണ്. യുപിഐ മുഖേന നമുക്ക് ഈ വോലറ്റ് സർവീസ് ചാർജുകളൊന്നുമില്ലാതെ റീ ചാർജ് ചെയ്യാം. നാം ചേർക്കുന്ന തുകയുടെ മൂന്ന് ശതമാനം ബോണസായി അപ്പോൾ തന്നെ വോലറ്റിൽ ലഭിക്കുകയും ചെയ്യും.
UTS ആപ്പ് ആന്‍ഡ്രോയ്ഡ് പതിപ്പിന് ഇവിടെ ക്ലിക്ക് ചെയ്യാം. ഐഒഎസ് പതിപ്പ് ഇവിടെ ലഭിക്കും.