വിനോദയാത്രകൾക്കും വിവാഹ ആഘോഷത്തിനുമുള്ള യാത്രാ ആവശ്യങ്ങൾക്ക് ബസുകൾ വാടകയ്ക്ക് എടുക്കുന്നത് പതിവാണല്ലോ. ടൂറിസ്റ്റ് ബസുകളോ സാധാരണ സ്വകാര്യ ബസുകളോ ഈ ആവശ്യങ്ങൾക്ക് ഉപയോഗിച്ചു വരുന്നു. എന്നാൽ നമ്മുടെ KSRTC ബസുകൾ ഈ ആവശ്യങ്ങൾക്ക് വാടകയ്ക്ക് ലഭിക്കുമെന്ന് എത്ര പേർക്കറിയാം? വിവാഹം, വിനോദയാത്ര തുടങ്ങി ഏതു യാത്രയുമാകട്ടെ, അൽപ്പം വ്യത്യസ്തമായി കെഎസ്ആർടി ബസുകളെ ചാർട്ടർ ചെയ്ത് ഉപയോഗിക്കാൻ വഴികളുണ്ട്. സാധാരണ ബസുകൾക്കു പുറമെ, ലോ ഫ്ളോർ എ സി ബസുകളും വാടകയ്ക്ക് ലഭിക്കും.
KSRTC ബസുകൾ വാടകയ്ക്ക് ലഭിക്കുന്നതിനെപ്പറ്റി അറിയാൻ ട്രാൻസ്പോർട്ട് വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ പരിശോധിച്ചാൽ കൂടുതൽ വിവരങ്ങളൊന്നും ലഭിച്ചെന്നു വരില്ല. എങ്കിലും ഈ സൗകര്യം കെഎസ്ആർടിസി ഡിപ്പോകളിലൂടെ പൊതുജനങ്ങൾക്കായി തുറന്നിട്ടിട്ടുണ്ട്. ബസുകൾ ആവശ്യമുള്ളവർ ആദ്യം തൊട്ടടുത്ത ഡിപ്പോയുമായി ബന്ധപ്പെടുകയാണ് വേണ്ടത്. ശ്രദ്ധിക്കുക, ശബരിമല തീർത്ഥാടനം പോലുള്ള തിരക്കേറിയ സീസണുകളിൽ ഒരു പക്ഷെ ബസുകളുടെ ലഭ്യത അനുസരിച്ചെ വാടകയ്ക്ക് ലഭിക്കൂ.
കെഎസ്ആർടിസി ബസുകളുടെ (FP) വാടക നിരക്കുകൾ
- 5 മണിക്കൂർ / 100 കിലോമീറ്റർ വരെ – 8000 രൂപ.
- 6 മണിക്കൂർ / 150 കിലോമീറ്റർ വരെ 10000 രൂപ.
- 8 മണിക്കൂർ / 200 കിലോമീറ്റർ വരെ 12000 രൂപ.
- 8 മണിക്കൂർ / 200 കിലോമീറ്ററിൽ കൂടുതൽ ദുരമെങ്കിൽ 15000 രൂപ.
എസി ലോഫ്ലോർ ബസ്സുകളുടെ വാടക നിരക്ക് :
- 4 മണിക്കൂർ / 100 കിലോമീറ്റർ വരെ 10000 രൂപ.
- 6 മണിക്കൂർ / 150 കിലോമീറ്റർ വരെ 15000 രൂപ.
- 8 മണിക്കൂർ / 200 കിലോമീറ്റർ വരെ 18000 രൂപ.
- 200 കിലോമീറ്റർ കൂടുതലെങ്കിൽ മിനിമം 21000 രൂപ.
ഈ ചാർജ്ജുകൾക്ക് പുറമെ നിശ്ചിത ശതമാനം സർവ്വീസ് ടാക്സ് കൂടി നൽകേണ്ടി വരും. 200 കിലോമീറ്ററിന് മുകളിലുള്ള യാത്രകൾക്ക് ഓരോ കിലോമീറ്ററിനും ചാർജ്ജുകൾ ഈടാക്കും. ഇത് സാധാരണ ഓർഡിനറി ബസകൾക്ക് 40 രൂപയും, ഫാസ്റ്റ് പാസഞ്ചർ ബസുകൾക്ക് 70 രൂപയും ലോഫ്‌ളോർ ബസുകൾക്ക് 100 രൂപയുമാണ്. ബസ് എടുക്കുന്ന ഡിപ്പോയിൽ നിന്ന് ആളെ കയറ്റി യാത്രയ്ക്കു ശേഷം തിരികെ അതേ ഡിപ്പോയിൽ എത്തുന്ന ദൂരമാണ് യാത്രാദൂരമായി കണക്കാക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള കെഎസ്ആർടിസി ഡിപ്പോയുമായി ബന്ധപ്പെടുക.