കൊച്ചി. മലയാളി പ്രവാസികളുടെ സ്വപ്‌ന വിമാനമായ Air Kerala സര്‍വീസ് തുടങ്ങാനാവശ്യമായ ആദ്യ കടമ്പ കടന്ന റിപോര്‍ട്ട് യാത്രാ ക്ലേശവും ഉയര്‍ന്ന വിമാന നിരക്കും മൂലം പ്രയാസം നേരിടുന്ന പ്രവാസികള്‍ക്ക് വീണ്ടും പ്രതീക്ഷ പകരുന്നതാണ്. എന്നാല്‍ കാത്തിരുന്ന എയര്‍ കേരള എന്നു മുതല്‍ സര്‍വീസ് തുടങ്ങുമെന്നതു സംബന്ധിച്ച് ഉറപ്പുകളൊന്നുമായിട്ടില്ല. അടുത്ത വർഷം ആരംഭിക്കുമെന്നാണ് കമ്പനി പറയുന്നത്. സര്‍വീസ് ആരംഭിക്കുന്നതിന് ഇനിയും ഏതാനും കടമ്പകള്‍ കൂടി എയര്‍ കേരളയ്ക്ക് മുന്നിലുണ്ട്. ഷെഡ്യൂള്‍ഡ് യാത്രാ വിമാന സര്‍വീസ് നടത്തുന്നതിനുള്ള പ്രാഥമിക നിരാക്ഷേപ പത്രമാണ് (എന്‍ഒസി) ഇന്ത്യയിലെ വ്യോമഗതാഗത നിയന്ത്രണ ഏജന്‍സിയായ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) എയര്‍ കേരള ഉടമകളായ സെറ്റ്ഫ്‌ളൈ ഏവിയേഷന്‍ എന്ന കമ്പനിക്ക് നല്‍കിയിരിക്കുന്നത്. ഈ എന്‍ഒസിയുടെ കാലാവധി മൂന്ന് വര്‍ഷമാണ്. ഇതിനുള്ളില്‍ ബാക്കിയുള്ള പ്രധാന അനുമതികള്‍ കൂടി ഡിജിസിഎയില്‍ നിന്ന് ലഭിച്ചാലെ എയര്‍ കേരളയ്ക്ക് വിമാന സര്‍വീസ് ആരംഭിക്കാന്‍ കഴിയൂ.
ഇക്കാലയളവില്‍ അന്തിമ പ്രവര്‍ത്തന അനുമതി (എയര്‍ ഓപറേറ്റര്‍ സര്‍ട്ടിഫിക്കറ്റ് ഫോര്‍ ഷെഡ്യൂള്‍ഡ് കമ്യൂട്ടര്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് സര്‍വീസസ്) ലഭിക്കുന്നതിനുള്ള നടപടികളൊന്നും സ്വീകരിച്ചില്ലെങ്കില്‍ പ്രാഥമിക എൻഒസി അസാധുവാകും. കമ്പനി ഡയറക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള പ്രധാന ഉദ്യോഗസ്ഥര്‍ക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ സുരക്ഷാ ക്ലിയറന്‍സ് ലഭിക്കേണ്ടതുണ്ട്. ഇതിനു ശേഷം എയര്‍ ഓപറേറ്റര്‍ സര്‍ട്ടിഫിക്കറ്റ് കൂടി ലഭിച്ചാലെ സര്‍വീസ് തുടങ്ങാനുള്ള അനുമതി പൂര്‍ണമാകൂ. എയര്‍ ഓപറേറ്റര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് വ്യോമയാന മന്ത്രാലയത്തിനു കീഴിലുള്ള ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷനില്‍ നിന്നുള്ള സുരക്ഷാ അനുമതി കൂടി ലഭിച്ചിരിക്കണം.
വിമാന സര്‍വീസ് ആരംഭിക്കാന്‍ കമ്പനിക്ക് മൂന്ന് വിമാനങ്ങള്‍ ഉണ്ടായിരിക്കണമെന്നാണ് ചട്ടം. എല്ലാ അനുമതികളും ലഭിച്ചാല്‍ ഒരു വിമാനം ഉപയോഗിച്ചും സര്‍വീസ് ആരംഭിക്കാം. എന്നാല്‍ പ്രവര്‍ത്തനം ആരംഭിച്ച് മൂന്ന് വര്‍ഷത്തിനുള്ളില്‍ സ്വന്തമായി വാങ്ങിയതോ പാട്ടത്തിന് എടുത്തതോ ആയ മൂന്ന് വിമാനങ്ങളെങ്കിലും കമ്പനിക്ക് ഉണ്ടായിരിക്കണം.
ഇവയെല്ലാം ഇന്ത്യയിൽ ആഭ്യന്തര സർവീസ് ആരംഭിക്കുന്നതിനുള്ള പ്രാഥമിക കടമ്പകളാണ്. ഇവയെല്ലാം പൂർത്തിയാക്കി ഗൾഫ് രാജ്യങ്ങളിലേക്കുള്ള രാജ്യാന്തര സർവീസുകൾ ആരംഭിക്കാൻ കടമ്പകൾ വേറയേും കടക്കാനുണ്ട്. ഇതിനായി പ്രധാനമായും വേണ്ടത് കമ്പനിയുടെ പക്കൽ 20 വിമാനങ്ങൾ ഉണ്ടായിരിക്കണമെന്നതാണ്. സ്വന്തമായി വേണമെന്നില്ല, ദീർഘകാല പാട്ടത്തിന് എടുത്തവ ആയാലും മതി. ഇന്ത്യൻ വ്യോമയാന മേഖല മികച്ച വളർച്ചയുടെ പാതയിലാണെങ്കിലും, വമ്പൻമാർക്ക് പോലും കാലിടറുന്ന ഈ ബിസിനസിൽ രാജ്യാന്തര സർവീസ് അനുമതിയുള്ള ഒരു കേരള വിമാന കമ്പനി എന്ന ഉയരത്തിലേക്ക് എയർ കേരളയെ നയിക്കാൻ പുതിയ കമ്പനിക്ക് ശേഷിയുണ്ടോ എന്നത് കാണാനിരിക്കുന്നേയുള്ളൂ.
ദുബായിൽ വ്യവസായികളായ അഫി അഹമദ് യുപിസി ചെയർമാനും അയൂബ് കല്ലട വൈസ് ചെയർമാനും കനിക ഗോയൽ ഡയറക്ടറുമായ കമ്പനിയാണ് എയർ കേരളയ്ക്ക് നേതൃത്വം നൽകുന്നത്. 78 പേർക്ക് വരെ യാത്ര ചെയ്യാവുന്ന ATR 72-600 ചെറുവിമാനങ്ങളാണ് ആദ്യ ഘട്ടത്തിൽ സർവീസിന് ഉപയോഗിക്കുക. ഇന്ത്യയിലെ ചെറുകിട പട്ടണങ്ങളെ ബന്ധിപ്പിച്ചായിരിക്കും സർവീസ്. കൊച്ചി ആയിരിക്കും കമ്പനി ആസ്ഥാനം.
ഇന്ത്യയില്‍ നിവലില്‍ 15ഓളം വിമാന കമ്പനികളാണ് രാജ്യാന്തര, ആഭ്യന്തര, പ്രാദേശിക, കാർഗോ സര്‍വീസ് ലൈസന്‍സുള്ളവ. വിമാന യാത്രക്കാരുടെ എണ്ണത്തിന്റെ വലിയ വര്‍ധന ഉണ്ടായതോടെ കൂടുതല്‍ കമ്പനികളാണ് താല്‍പര്യം പ്രകടിപ്പിച്ച് മുന്നോട്ടു വരുന്നത്. എന്നാല്‍ ആഗോള തലത്തില്‍ തന്നെ ആവശ്യമായ എണ്ണം വിമാനങ്ങള്‍ ലഭിക്കുന്നതിന് ഇപ്പോള്‍ തടസ്സങ്ങളുണ്ട്.
പ്രവാസികളുടെ യാത്രാ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണാന്‍ ഉമ്മന്‍ ചാണ്ടി മുഖ്യന്ത്രിയായിരിക്കെയാണ് സംസ്ഥാന സര്‍ക്കാര്‍ സ്വകാര്യ പങ്കാളിത്തത്തോടെ എയര്‍ കേരള എന്ന ആശയം മുന്നോട്ടുവച്ചത്. വിജയകരമായ കൊച്ചി രാജ്യാന്തര വിമാനത്താവള കമ്പനി മാതൃകയില്‍ പൊതു-സ്വകാര്യ പങ്കാളിത്തത്തില്‍ കേരളത്തിന് സ്വന്തമായൊരു വിമാന കമ്പനി എന്ന ആശയത്തിന് പരക്കെ സ്വീകാര്യ ലഭിച്ചെങ്കിലും കേന്ദ്ര സര്‍ക്കാരിന്റെ കര്‍ശന നിയന്ത്രണങ്ങളിലും വന്‍ സാമ്പത്തിക ബാധ്യതകളിലും ഉടക്കി ഈ ചര്‍ച്ചകള്‍ പാതി വഴിയില്‍ നിലച്ചു പോകുകയായിരുന്നു.