മുംബൈ. AIR INDIA EXPRESS ജീവനക്കാര്‍ കൂട്ടത്തോടെ രോഗാവധി എടുത്ത് ജോലിക്കെത്താതിരുന്നതോടെ ഇന്ത്യയിലുടനീളം ഒരു ദിവസം കമ്പനിക്ക് റദ്ദാക്കേണ്ടി വന്നത് 86 സര്‍വീസുകള്‍. അപ്രതീക്ഷതവും മുന്നറിയിപ്പില്ലാത്തതുമായ സര്‍വീസ് റദ്ദാക്കലിനെ തുടര്‍ന്ന് എല്ലായിടത്തും യാത്രക്കാര്‍ ആകെ വലഞ്ഞു. എയര്‍ ഇന്ത്യ എക്സ്പ്രസിലെ മുതിര്‍ന്ന 300ഓളം ജീവനക്കാരാണ് കമ്പനി നിലപാടില്‍ പ്രതിഷേധിച്ച് അവസാന നിമിഷം അവധി എടുത്തത്. ഇവരെല്ലാം ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു വച്ചതിനാല്‍ കമ്പനിക്ക് ഇവരെ ബന്ധപ്പെടാന്‍ കഴിയാത്തത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്.
ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്ത ശേഷം നടപ്പിലാക്കിയ പുതിയ തൊഴില്‍ ചട്ടങ്ങളില്‍ പ്രതിഷേധിച്ചാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് എംപ്ലോയീസ് യൂനിയന്‍ സമരം ചെയ്യുന്നത്. കഴിഞ്ഞ ദിവസം രാത്രിയാണ് ജീവനക്കാര്‍ സിക്ക് ലീവെടുക്കുന്നതായി അറിയിക്കുന്നത്. തുടര്‍ന്ന് ഒട്ടേറെ വിമാനങ്ങള്‍ വൈകി. ജീവനക്കാരുമായി ബന്ധപ്പെട്ട് പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും യാത്രക്കാര്‍ക്കുണ്ടായ പ്രയാസം ലഘൂകരിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും എയര്‍ ഇന്ത്യ എക്സ്പ്രസ് വക്താവ് അറിയിച്ചു.
റദ്ദാക്കപ്പെട്ട വിമാനങ്ങളിലെ യാത്രക്കാര്‍ക്കെല്ലാം മുഴുവന്‍ സംഖ്യയും റീഫണ്ട് നല്‍കുമെന്നും ആവശ്യമുള്ളവര്‍ക്ക് അടുത്ത ഏഴു ദിവസത്തിനകം യാത്ര സൗജന്യമായി റീഷെഡ്യൂള്‍ ചെയ്തു നല്‍കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. എന്നാല്‍ റീഫണ്ട് ലഭിക്കാന്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് നല്കിയ വെബ്സൈറ്റ് ലിങ്ക് പ്രവര്‍ത്തിക്കുന്നില്ലെന്ന പരാതിയും പലരും സമൂഹ മാധ്യമങ്ങളിലൂടെ ഉന്നയിക്കുന്നുണ്ട്. വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്ത് മാനേജ് ബുക്കിങ് എന്ന സെക്ഷനില്‍ നിന്നും റീഫണ്ടിനായി അപേക്ഷിക്കാന്‍ കഴിയും.
എന്താണ് ജീവനക്കാരുടെ പ്രശ്നം?
ജോലിയില്‍ തുല്യത ഇല്ലെന്നതാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് ജീവനക്കാര്‍ ഉന്നയിക്കുന്ന പ്രശ്നം. മാതൃകമ്പനിയായ എയര്‍ ഇന്ത്യയിലെ ജീവനക്കാരുടേതിന് സമാനമായ ആനുകൂല്യങ്ങള്‍ തങ്ങള്‍ക്കു ലഭിക്കുന്നില്ലെന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് എംപ്ലോയീസ് യൂനിയന്റെ പരാതി കാലങ്ങളായി നിലനില്‍ക്കുന്നതാണ്. ഇന്റര്‍വ്യൂകളും പരിശോധനകളുമെല്ലാം ക്ലിയര്‍ ചെയ്തിട്ടും തങ്ങള്‍ക്ക് നല്‍കുന്നത് താഴ്ന്ന പദവികളാണെന്ന് ഇവര്‍ പരാതിപ്പെടുന്നു. കൂടാതെ എതിര്‍ശബ്ദങ്ങളെ അടിച്ചൊതുക്കാന്‍ നഷ്ടപരിഹാര പാക്കേജിന്റെ പ്രധാന ഭാഗം തിരുത്തുകയോ നീക്കം ചെയ്യുകയോ ചെയ്തിട്ടുണ്ടെന്നും ജീവനക്കാര്‍ ആരോപിക്കുന്നു. ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തതിനു ശേഷം കമ്പനി ജീവനക്കാര്‍ക്കിടയില്‍ വര്‍ധിച്ചു വരുന്ന അതൃപ്തിയും പ്രതിഷേധവും അക്കമിട്ടു നിരത്തുന്നതാണ് ജീവനക്കാരുടെ യൂനിയന്‍ ടാറ്റ ഗ്രൂപ്പ് ചെയര്മാന് എന്‍ ചന്ദ്രശേഖരന് അയച്ച രണ്ടു പേജുകള്‍ വരുന്ന കത്ത്.
നേരത്തെ തന്നെ ടാറ്റ ഗ്രൂപ്പിന്റെ ഭാഗമായിരുന്ന എയര്‍ ഏഷ്യ ഇന്ത്യയെ (ഇപ്പോള്‍ എഐഎക്സ് കണക്ട്) എയര്‍ ഇന്ത്യ എക്സ്പ്രസുമായി ലയിപ്പിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് തൊഴിലാളി സമരം കമ്പനിയെ വെട്ടിലാക്കിയിരിക്കുന്നത്. എയര്‍ ഇന്ത്യയുമായി ലയിപ്പിക്കുന്ന ടാറ്റയുടെ തന്നെ മറ്റൊരു വിമാന കമ്പനിയായ വിസ്റ്റാരയിലെ ജീവനക്കാരും ഈയിടെ സമരം നടത്തിയത് കമ്പനിയെ വെട്ടിലാക്കിയിരുന്നു.