ന്യൂഡൽഹി. എയർ ഇന്ത്യ എക്സ്പ്രസ് (Air India Express) മിഡിൽ ഈസ്റ്റ്, സിംഗപ്പൂർ എന്നിവിടങ്ങിലേക്കുള്ള വിമാന സർവീസുകളിൽ സൗജന്യ ചെക്ക്-ഇൻ ബാഗേജ് അലവൻസ് വർധിപ്പിച്ചു. യാത്രക്കാർക്ക് ഇനി 30 കിലോഗ്രാം വരെ ചെക്ക്-ഇൻ ബാഗേജും 7 കിലോഗ്രാം കേബിൻ ബാഗേജും അനുവദിക്കും. കുട്ടികളുമായി യാത്ര ചെയ്യുന്ന കുടുംബങ്ങൾക്ക് അധികമായി 10 കിലോഗ്രാമും അനുവദിക്കും.
വിവിധ ഗൾഫ് രാജ്യങ്ങളിലെ 13 നഗരങ്ങളിലേക്ക് ഇന്ത്യയിലെ 19 വിമാനത്താവളങ്ങളിൽ നിന്നായി ആഴ്ച തോറും 450 സർവീസുകളാണ് എയർ ഇന്ത്യ എക്സ്പ്രസിനുള്ളത്. ചെന്നൈ, മധുരൈ, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിൽ നിന്ന് സിംഗപൂരിലേക്ക് ആഴ്ചതോറും 26 സർവീസുകളുമുണ്ട്.
ബിസിനസ് ക്ലാസ് യാത്രക്കാർക്ക് (എക്സ്പ്രസ് ബിസ്) ബാഗേജ് അലവൻസ് 40 കിലോഗ്രാം ആയി വർധിപ്പിച്ചിട്ടുണ്ട്. ഇതോടൊപ്പം ചെക്ക്-ഇൻ മുൻഗണന, റീക്ലൈനർ സീറ്റുകൾ, സൗജന്യ ഭക്ഷണം തുടങ്ങിയ അനുകൂല്യങ്ങളും ലഭിക്കും.
കുറഞ്ഞ് നിരക്ക് നോക്കി യാത്ര ചെയ്യുന്നവർക്കായി എക്സ്പ്രസ് ലൈറ്റ് നിരക്കുകളും എയർ ഇന്ത്യ എക്സ്പ്രസ് നൽകുന്നുണ്ട്. കുറഞ്ഞ ടിക്കറ്റ് നിരക്കിനൊപ്പം ഈ യാത്രക്കാർക്ക് മൂന്ന് കിലോഗ്രാം കേബിൻ ബാഗേജും ലഭിക്കും. ചെക്ക് ഇൻ ബാഗേജ് പിന്നീട് ഉൾപ്പെടുത്തണമെങ്കിൽ കുറഞ്ഞ നിരക്കിൽ മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. ആഭ്യന്തര യാത്രകൾക്ക് 15 കിലോഗ്രാമും രാജ്യാന്തര യാത്രകൾക്ക് 20 കിലോഗ്രാമുമാണ് എക്സ്പ്രസ് ലൈറ്റ് ടിക്കറ്റുകളിൽ അനുവദിക്കുക.
എക്സ്ട്രാ കാരി-ഓൺ എന്ന പുതിയ ഓപ്ഷൻ പ്രകാരം യാത്രക്കാർക്ക് കേബിൻ ബാഗേജ് 3–5 കിലോഗ്രാം വർധിപ്പിക്കാം. നിശ്ചിത വലിപ്പത്തിനുള്ളിൽ വരുന്ന സംഗീതോപകരണങ്ങൾ അധിക ചിലവില്ലാതെ കേബിൻ ബാഗേജായി കൊണ്ടുപോകാം. വലുതാണെങ്കിൽ ചെക്ക്-ഇൻ ബാഗേജായും കൊണ്ടുപോകാം. പ്രതിദിനം 400ലേറെ വിമാന സർവീസുകൾ നടത്തുന്ന എയർ ഇന്ത്യ എക്സ്പ്രസ് ഇപ്പോൾ ബാങ്കോക്ക്, ഫുകെറ്റ്, മിഡിൽ ഈസ്റ്റിലെ പ്രധാന നഗരങ്ങൾ എന്നിവ ഉൾപ്പെടെ 50ലധികം നഗരങ്ങളിലേക്ക് സർവീസ് വിപുലീകരിച്ചിട്ടുണ്ട്.