മൺസൂണിൽ അണിഞ്ഞൊരുങ്ങിയ അടവിയിൽ (Adavi Eco Tourism) മഴയുടെ ഇടവേളകളിൽ വിനോദ സഞ്ചാരികളുടെ തിരക്കും തുടങ്ങി. ഇപ്പോൾ കുടുംബമായും അല്ലാതേയും എത്തുന്ന സഞ്ചാരികളാൽ സജീവമാണ് ഈ അതിമനോഹര ഇക്കോ ടൂറിസം പ്രദേശം. കല്ലാറും കുട്ടവഞ്ചി സവാരിയും ആസ്വദിക്കാനും അനുഭവിക്കാനും അവധി ദിവസങ്ങളിൽ കൂടുതൽ പേർ എത്തുന്നു. ജൈവ വൈവിധ്യങ്ങൾ നിറഞ്ഞ സംരക്ഷിത വനമേഖലയായ അടവിയിൽ ജൂൺ മുതൽ നവംബർ വരെയാണ് മികച്ച സീസൺ.
കല്ലാറിലെ തെളിനീരിലൂടെ മുട്ടറ്റം വെള്ളത്തിൽ നടന്ന് മറുകര കയറുന്നതും നല്ലൊരു അനുഭൂതിയാണ്. കല്ലാർ രണ്ടായി പിരിയുന്ന തുരുത്തിലെ ഉരുളൻ കല്ലുകൾ നിരന്ന മനോഹര തീരവും ആഴം കുറഞ്ഞ കല്ലാറിൽ ഇറങ്ങിയുള്ള ജലകേളികളും മികച്ച ആസ്വാദനങ്ങളാണിവിടെ. തിങ്ങിനിറഞ്ഞു നിൽക്കുന്ന കാടിനുള്ളിലൂടെ ഒഴുകുന്ന പുഴയിൽ കുട്ടവഞ്ചി തുഴഞ്ഞുള്ള യാത്രയും (bowl boat riding) കല്ലാർ തീരത്തെ മരങ്ങൾക്കു മുകളിൽ സ്ഥാപിച്ച പുഴവീടുകളിലെ (Bamboo hut) താമസവുമാണ് അടവിയിലെ അവിസ്മരണീയ അനുഭവങ്ങൾ.
സീസൺ സജീവമായതോടെ കുട്ടവഞ്ചി സവാരി ടിക്കറ്റ് വരുമാനവും വർധിച്ചു. വേനൽ അവധി അവസാനിച്ച ജൂണിൽ 7.36 ലക്ഷം രൂപയിലേറെ വരുമാനം നേടി. ഇക്കഴിഞ്ഞ വാരാന്ത്യത്തിൽ ഒരു ദിവസം 68,500 രൂപ വരെ വരുമാനം ഉയർന്നു.
പത്തനംതിട്ട ജില്ലയിലെ കോന്നിയില്‍ നിന്ന് 16 കിലോമീറ്റർ അകലെയാണ് അടവി. തണ്ണിത്തോട് പഞ്ചായത്തിൽ ഉൾപ്പെടുന്ന പ്രദേശമാണിത്. അച്ചൻകോവിൽ നദിയുടെ കൈവഴിയായ കല്ലാറിന്റെ തീരത്തെ മനോഹര ഇടമാണ് അടവി. പരിസ്ഥിതി പ്രാധാന്യമുള്ള ജൈവസമ്പന്നമായ ഈ പ്രദേശത്തിന്റെ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനു വേണ്ടി വനം വകുപ്പും കേരള ടൂറിസം ഡെവലപ്മെന്റ് കോർപറേഷനും സംയുക്തമായി ആരംഭിച്ച കോന്നി-അടവി ഇക്കോ ടൂറിസം പദ്ധതി ഈ പ്രദേശത്തിന്റെ മുഖച്ഛായ തന്നെ മാറ്റി.
ഇന്ന് ദക്ഷിണേന്ത്യയിലെ തന്നെ മികച്ച പ്രകൃതി ടൂറിസം കേന്ദ്രമായി ഇവിടം മാറി. കേരളത്തിൽ ആദ്യമായി കുട്ടിവഞ്ചി സവാരി ആരംഭിച്ചതും ഇവിടെയാണ്. മണ്‍സൂണ്‍ കാലമാണ് അടവി സന്ദർശിക്കാൻ ഏറ്റവും അനുയോജ്യം. ഈ സീസണിൽ കല്ലാര്‍ നദിയില്‍ തെളിഞ്ഞ വെള്ളവും ചുറ്റുമുള്ള പച്ചപ്പുമെല്ലാം സഞ്ചാരികൾക്കായി പ്രകൃതി ഒരുക്കിയ മികച്ച വിരുന്നാകും.
Also Read അടവി ഇക്കോ ടൂറിസം കേന്ദ്രത്തിലേക്ക് യുടെ ബജറ്റ് ടൂർ
കല്ലാറ്റിലൂടെ അഞ്ച് കിലോമീറ്ററോളം ദൂരം പുഴയേയും പ്രകൃതിയേയും അടുത്തറിഞ്ഞ് കുട്ടവഞ്ചിയിൽ സഞ്ചരിക്കാം. 400 രൂപ നിരക്കിൽ 4 പേർക്ക് യാത്ര ചെയ്യാവുന്ന ഷോട്ട് റൈഡും, 800 രൂപ നിരക്കിൽ 8 പേർക്ക് യാത്ര ചെയ്യാവുന്ന ലോങ് റൈഡും എന്നിങ്ങനെ രണ്ട് കുട്ടവഞ്ചി യാത്രാ പാക്കേജുകൾ ലഭ്യമാണ്. ഏറുമാടം പോലെ മുളകൊണ്ട് നിർമ്മിച്ച പുഴവീടിൽ താമസിക്കാൻ 4 പേർക്ക് ഒരു ദിവസത്തേക്ക് 4000 രൂപയാണ് നിരക്ക്. സന്ദർശന സമയം രാവിലെ 8.30 മുതൽ വൈകീട്ട് 5.30 വരെ.
പത്തനംതിട്ടയില്‍ നിന്ന് കുമ്പഴ – കോന്നി വഴിയാണ് അടവിയിലേക്കുള്ള എളുപ്പ മാര്‍ഗം. 20 കിലോ മീറ്റർ ദൂരമുണ്ട്. 33 കിലോ മീറ്റർ അകലെയുള്ള ചെങ്ങന്നൂർ ആണ് തൊട്ടടുത്ത റെയിൽവേ സ്റ്റേഷൻ. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് 105 കിലോ മീറ്ററും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 140 കിലോമീറ്ററുമാണ് അടവിയിലേക്കുള്ള ദൂരം.
കൂടുതൽ വിവരങ്ങൾക്ക്
Divisional Forest Office, Konni
Ph: +91 468-2242233, 224 7645
Mob: 08547600599, 08547600634