പീച്ചി ശുദ്ധജല അക്വേറിയം സന്ദർശകർക്കായി തുറന്നു

തൃശൂർ. പീച്ചി ശുദ്ധജല അക്വേറിയം ഒരിടവേളയ്ക്കു ശേഷം പൊതുജനങ്ങൾക്കായി വീണ്ടും തുറന്നു നൽകി. നവീകരിച്ച അക്വേറിയത്തിൽ പൊതുജനങ്ങൾക്കായി ഒട്ടേറെ കാഴ്ചകൾ ഒരുക്കിയിട്ടുണ്ട്. അലങ്കാര മത്സ്യങ്ങളുടെ പ്രദർശനത്തിന് പുറമേ നാടൻ മത്സ്യങ്ങളെ അടുത്തറിയാൻ സഹായിക്കുന്ന പ്രദർശനവും അക്വേറിയത്തിൽ ഒരുക്കിയിട്ടുണ്ട്. സന്ദർശകർക്ക് രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് ആറു വരെയാണ് പ്രവേശന സമയം. വേനൽ അവധിക്കാലമായതിനാൽ സമയം വൈകീട്ട് ഏഴു മണി വരെ നീട്ടിയേക്കാം. 10 വയസ്സിൽ താഴെ പ്രായമുള്ളവർക്ക് പ്രവേശനം സൗജന്യമാണ്. അഞ്ച് രൂപയാണ് പ്രവേശന നിരക്ക്.

പീച്ചി ബോട്ടാണിക്കൽ ഗാർഡനിലേക്കുള്ള വഴിയിൽ സർക്കാർ ഹാർബറിന് സമീപമാണ് ഈ 850 ചതുരശ്ര അടി വലിപ്പമുള്ള അക്വേറിയം. പുതുതലമുറയ്ക്ക് നാടൻ മത്സ്യങ്ങളെ തിരിച്ചറിയുവാനും അവയെ കുറിച്ച് പഠിക്കുവാനും ഇവിടെ സൗകര്യമൊരുക്കിയിട്ടുണ്ട്. കൂടാതെ അലങ്കാര മത്സ്യക്കുഞ്ഞുങ്ങളെ ഇവിടെ നിന്നും വാങ്ങാം. സെറ്റ് ചെയ്ത അക്വേറിയങ്ങളും വിൽപ്പനയ്ക്കുണ്ട്. ആവശ്യക്കാർക്ക് അക്വേറിയം സെറ്റ് ചെയ്തു നൽകാൻ വിദഗ്ധരുടെ സേവനവും ലഭ്യമാണ്.

പീച്ചി പട്ടികജാതി പട്ടികവർഗ്ഗ റിസർവോയർ ഫിഷറീസ് സഹകരണ സംഘം 2016ലാണ് ഈ അക്വേറിയം നിർമിച്ചത്. 2018ലെ പ്രളയത്തിനും കോവിഡ് വ്യാപനത്തിനും ശേഷം സന്ദർശകർ കുറഞ്ഞതോടെ പ്രതിസന്ധിയിലായ അക്വേറിയം താൽക്കാലികമായി അടച്ചിടുകയായിരുന്നു. ഇപ്പോൾ ജില്ലാ പഞ്ചായത്തിൻറെ സഹകരണത്തോടെയാണ് നവീകരണം പൂർത്തിയാക്കി വീണ്ടും തുറന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Legal permission needed