✍🏻 മുഹമ്മദ് നജീബ്
തമിഴ്നാട്ടിലെ തേനി ജില്ലയിലാണ് മേഘമല (Meghamalai) എന്ന മനോഹരമായ വിനോദ സഞ്ചാര കേന്ദ്രം സ്ഥിതി ചെയുന്നത്. തേയിലതോട്ടങ്ങളും ഏലം തോട്ടങ്ങളുമൊക്കെയായി 18 ഹെയർപിൻ വളവുകളുള്ള ചുരം കയറി എത്തുന്ന പശ്ചിമഘട്ട മലനിരകളിലെ ഹൈ വേവി മൌണ്ടൻ (High Wavy Mountain) എന്ന മേഘമല മൂന്നാറിനെ വെല്ലുന്ന തമിഴ്നാട്ടിലെ ഒരു പറുദീസയാണ്. അടുക്കടുക്കായി വെച്ചിരിക്കുന്ന പോലെ തോന്നിക്കുന്ന തേയില തോട്ടങ്ങൾ, എപ്പോഴും വീശുന്ന തണുത്ത കാറ്റും, കോടമഞ്ഞു പുതച്ചു നിൽക്കുന്ന കാലാവസ്ഥയും ഏതൊരു സഞ്ചാരിയുടേയും ഹൃദയം കിഴടക്കും. തൊട്ടു തലോടുന്ന മേഘങ്ങളുടെ സാന്നിധ്യം ഒരു വിസ്മയം തന്നെ. ആറായിരത്തോളം ഏക്കർ തേയില തോട്ടമാണ് മേഘമലയിലുള്ളത്.
എന്റെ ഓരോ യാത്രയും പെട്ടെന്നുള്ളതാണ്. മേഘമലയിലേക്കുള്ള ഈ യാത്രയും ഇങ്ങനെ തിരക്കുകളിൽ നിന്നൊഴിഞ്ഞ് പെട്ടെന്നൊരു പുറപ്പെടൽ ആയിരുന്നു. ഞാനടക്കം അഞ്ച് പേർ കാറിലാണ് യാത്ര തിരിച്ചത്. കൊട്ടാരക്കര, അടൂർ, പത്തനംതിട്ട, കുട്ടിക്കാനം, വണ്ടിപ്പെരിയാർ, കുമളി, കമ്പം, ചിന്നമണ്ണൂര്‍, മേഘമല ആയിരുന്നു റൂട്ട്. 271 കിലോമീറ്റർ ദൂരമുണ്ട്. തേനിയിൽ നിന്നും മേഘമലയിലേക്ക് 53 കിലോമീറ്റർ ദൂരമുണ്ട്. ചിന്നമണ്ണൂര്‍ എന്ന ചെറുപട്ടണത്തിൽ നിന്നുമാണ് മേഘമലയിലേക്കുള്ള യാത്ര ആരംഭിക്കുന്നത്. ഗൂഗിൾ മാപ്പിൽ ഹൈവേഡാം എന്ന് സെർച്ച് ചെയ്താൽ വഴി കാണിക്കും. ചിന്നമണ്ണൂരിൽ നിന്ന് വാഹനത്തിന് ആവശ്യത്തിന് ഇന്ധനം നിറയ്ക്കണം, അത്യാവശ്യത്തിന് പണവും കരുതണം. BSNL മാത്രമേ റേഞ്ച് കിട്ടൂ.
ഫോറസ്റ്റ് ചെക്ക് പോസ്റ്റ് പരിശോധന കഴിഞ്ഞാണ് യാത്ര. രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെ ആണ് പ്രവേശന സമയം. രാത്രി മൃഗങ്ങളുടെ സമയമാണ്. ടൈഗർ റിസർവിലൂടെയാണ് യാത്ര. വഴിയിൽ ഇറങ്ങി ഫോട്ടോ എടുക്കുമ്പോൾ സൂക്ഷിക്കുക. ആനയും പുലിയും കാട്ടുപോത്തും കരടിയും ഒറ്റയ്ക്കും കൂട്ടമായും വഴിയിൽ വിഹരിക്കാറുണ്ട്. ഞങ്ങളുടെ വഴിയിൽ കാട്ടുപോത്തിൻ കൂട്ടങ്ങളെയും ഒരു പിടിയാനയെയും കണ്ടു. മേഘമലയോട് അടുക്കുമ്പോൾ ആദ്യം കാണുന്നത് മണലാർ ഡാം ആണ്. അവിടുന്ന് നോക്കിയാൽ തേനി ജില്ല മുഴുവൻ കാണാം.
അഞ്ചു മണിയോടെ ഞങ്ങൾ മേഘമല പഞ്ചായത്ത് ഗസ്റ്റ് ഹൗസിൽ എത്തി. ഇവിടെ താമസ സൗകര്യങ്ങൾ വളരെ കുറവാണ്. നേരത്തെ വിളിച്ച് രണ്ട് മുറികൾ ബുക്ക് ചെയ്തിരുന്നു. ഒരു റൂമിന് 1700 രൂപയാണ് നിരക്ക്. അടുത്തായി ഒരു കാന്റീൻ ഉണ്ട്. ഫുഡ് വേണമെങ്കിൽ അവർ ഉണ്ടാക്കിത്തതരും. കൂടുതലൊന്നും പ്രതീക്ഷിക്കരുത്. ദോശയും ഇഡ്ഡലിയും ഓംലെറ്റും കിട്ടും. നീല തടാകത്തിന് അരികിൽ അൽപ്പം സമയം ചെലവിട്ട് പിന്നീട് ഏഴു മണിയോടെ നടക്കാൻ ഇറങ്ങി.
ദേഹത്തുകൂടി തണുപ്പ് അരിച്ചിറങ്ങുന്നുണ്ടായിരുന്നു. കുറേ ദൂരം നടന്നു. മൃഗങ്ങളുടെ ശബ്ദങ്ങൾ കേട്ട് തുടങ്ങിയപ്പോൾ തിരികെ മടങ്ങി. കാന്റീനിൽ വന്ന് ദോശയും ഓംലെറ്റും കഴിച്ച് പത്ത് മണിയോടുകൂടി ഉറങ്ങാൻ കിടന്നു. രാവിലെ മഹാരാജമെട്ട് പോകാൻ വേണ്ടി ജീപ്പ് ഏർപ്പാട് ചെയ്തിരുന്നു. 1500 രൂപയാണ് റേറ്റ്. അഞ്ചു മണിയോടുകൂടി എഴുന്നേറ്റു. 6:30ന് തന്നെ യാത്ര പുറപ്പെട്ടു. ഓഫ് റോഡ് ആണ് പാത.
ഇരവിലങ്ങാർ ഡാമിന്റെ കാഴ്ചയും കണ്ടുകൊണ്ട് ജീപ്പ് ഡ്രൈവർ മുരുകൻ ഞങ്ങളെയും കൊണ്ട് മെല്ലെ നീങ്ങി. മേഘമലയിൽ നിന്ന് 10 കിലോമീറ്റർ ദൂരെയാണ് ഇരവിലാങ്ങാർ എന്ന കൊച്ചു ഗ്രാമം സ്ഥിതിചെയ്യുന്നത്. ചുറ്റും കൊടുംകാടാണ്. ധാരാളം ഈറ്റപ്പുല്ല് ഉള്ളതിനാൽ ആനകളുടെ വിഹാര കേന്ദ്രമാണ് ഈ വഴികൾ. ഡാം എത്തുന്നതിന് മുമ്പായി ഒരു വ്യൂ പോയിന്റും ഉണ്ട്. അവിടെനിന്ന് അതിമനോഹരമായ ദൃശ്യങ്ങൾ പകർത്താം. ജീപ്പ് പോകാത്തതിനാൽ ഒരു കിലോമീറ്ററോളം അവിടേക്ക് നടന്നു തന്നെ പോകണം. മുകളിൽ ചെന്നപ്പോൾ കണ്ട കാഴ്ച കണ്ണഞ്ചിപ്പിക്കുന്നതാണ്. അവിടെനിന്ന് നോക്കിയാൽ തേനി കമ്പം കുമളി ഭാഗങ്ങളെല്ലാം കാണാം.
നല്ല തണുത്ത കാറ്റ് തലോടിക്കൊണ്ടിരുന്നു. അവിടെനിന്ന് നോക്കിയാൽ കുന്നിൻ ചെരുവിലെ പുൽ തകിടികളും മല നിരകളും മനോഹരമായ കാഴ്ചകളാണ്. മലയുടെ നെറുകയിൽ ചുംബിച്ച് ഒഴുകി നീങ്ങുന്ന മേഘക്കൂട്ടങ്ങളും വല്ലാത്തൊരു അനുഭവം തന്നെ. ജീവിതത്തിൽ ഒരിക്കലെങ്കിലും ഇവിടെ വന്നിരിക്കണം.
പ്രധാന കാഴ്ചകൾ
തടാകം, ഹൈവിവിഡ് ഡാം, മണലാർ ഡാം, ഇരവഗലർ ഡാം, തേക്കടി വ്യൂ പോയിന്റ്, മഹാരാജമേട്, കമ്പം വാലി വ്യൂ, മകര ജ്യോതി ഹിൽ, മണലാർ വെള്ളച്ചാട്ടം, മണലാർ എസ്റ്റേറ്റ്, വെണ്ണിയാർ എസ്റ്റേറ്റ്. തൂവാനം എന്നറിയപ്പെടുന്ന മണലാർ ഡാമിന്റെ തീരമാണ് മുഖ്യ ആകർഷണം, കമ്പം, തേനി ഗ്രാമങ്ങൾ പൂർണമായും അവിടെ നിന്നാൽ കാണാം.
പോകാനുള്ള വഴി
കോട്ടയം -പാലാ -മുണ്ടക്കയം -കുട്ടിക്കാനം -കുമളി -കമ്പം -ഉത്തമ പാളയം -ചിന്നമണ്ണൂര്‍ വഴി 280 കിലോ മീറ്റർ ദൂരമുണ്ട് മേഘമലയിലേക്ക്. ബൈക്ക് റൈഡ് ഇഷ്ടപ്പെടുന്നവർ തീർച്ചയായും പോകേണ്ട ഒരു അടിപൊളി സ്ഥലം കൂടിയാണ് ഇവിടം.
ശ്രദ്ധിക്കുക
മേഘമലയിലേക്ക് പോകണമെങ്കിൽചിന്നമണ്ണൂരിൽ വന്നതിനുശേഷം മാത്രമേ പോകുവാൻ സാധിക്കൂ. മേഘമലയിലേക്കുള്ള റൂട്ടുകളെല്ലാം വന്നുനിൽക്കുന്നത് ചിന്നമണ്ണൂരിലാണ്. ഇവിടെ നിന്നുമാണ് മേഘമലയുടെ ഉയരങ്ങളിലേക്കുള്ള യാത്ര ആരംഭിക്കുന്നത്. ചിന്നമണ്ണൂരിൽ നിന്നും 40 കിലോമീറ്റർ ദൂരമുണ്ട് മേഘമലയിലേക്ക്.
പ്രവേശനം
രാവിലെ ആറുമണി മുതൽ വൈകുന്നേരം അഞ്ച് മണി വരെ. (അഞ്ചുമണിക്ക് മുൻപ് അവിടെ നിന്നും ചെക്ക് പോസ്റ്റ് കടന്നു തിരിച്ചു പോന്നിരിക്കണം). മേഘമലയിൽ താമസമാണെങ്കിൽ മാത്രം വൈകുന്നേരങ്ങളിൽ കടത്തിവിടും. ബുക്കിംഗ് വിവരങ്ങൾ കാണിച്ചാൽ മതി.
മേഘമല പഞ്ചായത്ത് ഗസ്റ്റ് ഹൗസ്: 09488987858, 9488227944.
2 thoughts on “മേഘമലയിലേക്ക് ഒരു യാത്ര”