ഇടുക്കിയിലേക്ക് യാത്ര പോകുമ്പോൾ നിർബന്ധമായും കാണേണ്ട സ്ഥലമാണ് മറയൂർ. മനോഹരമായ കൊച്ചു ഗ്രാമപ്രദേശം. പേരുകേട്ട ശർക്കര നിർമാണ കേന്ദ്രമാണ് മറയൂർ. നിറയെ കുഞ്ഞു കുഞ്ഞു വീടുകൾ. ഒട്ടേറെ ശർക്കര നിർമാണ യൂണിറ്റുകൾ ഇവിടെയുണ്ട്. ചന്ദനക്കാടുകൾ കൊണ്ട് പേരുകേട്ട സ്ഥലം കൂടിയാണ് ഇവിടം. പോകുന്ന വഴിയിലൂടനീളം കരിമ്പിൻ തോട്ടങ്ങളും, വെളുത്തുള്ളി കൃഷിയും കാണാം. സെപ്തംബർ മാസത്തിൽ ഓറഞ്ച് , ആപ്പിൾ തുടങ്ങിയ പഴ വർഗങ്ങളുടെ കൃഷിത്തോട്ടങ്ങളും കാണാം.
നല്ല പോലെ കായികാദ്ധ്വാനമുള്ള ജോലിയാണ് ശർക്കര നിർമാണം. ജോലിക്കാരിൽ മിക്കവരും സ്ത്രീകൾ തന്നെയാണ്. ഒരു ഭാഗത്ത് കരിമ്പ് മെഷീൻ വഴി ജ്യൂസ് എടുക്കുന്നു. വലിയ കാനിൽ നിറക്കുന്ന ജ്യൂസ് പൈപ്പ് വഴി തിളക്കുന്ന ചെമ്പിലേക്ക്. അടുത്ത് നിൽക്കുമ്പോൾ വലിയ ചൂടുണ്ടെങ്കിലും ഹൈറേഞ്ചിലെ തണുപ്പ് വലിയൊരു ആശ്വാസമാണ്. കുറേനേരം തിളപ്പിച്ച് കുറുകി വന്നാൽ അടുത്തുള്ള വലിയ മരപ്പാത്രത്തിലേക്ക് ഒഴിക്കും. ജ്യൂസെടുത്ത് കിട്ടുന്ന കരിമ്പിൻ വേസ്റ്റാണ് കത്തിക്കാനും ഉപയോഗിക്കുന്നത്. മണ്ണെണ്ണയോ മറ്റോ ഉപയോഗിക്കാറില്ല. എല്ലാവരും കഠിനാധ്വാനികളാണ്. ചിരിച്ചും കഥകൾ പറഞ്ഞോണ്ടുമുള്ള അവരുടെ ജോലി കാണാൻ വല്ലാത്തൊരു ചന്തമാണ്. പലരും വർഷമായി ഇവിടെ ജോലി ചെയ്തുവരുന്നു.