ജുനൈദ് ഹസന്
നടന്നു കാണാന്‍ ഒത്തിരിയുണ്ട് അല്‍സീഫില്‍. ദുബൈയുടെ പൈതൃകം ആസ്വദിക്കുന്നതോടൊപ്പം ആധുനികതയും അനുഭവിക്കാവുന്ന ഒരു വാണിജ്യ കേന്ദ്രമാണ് അല്‍ സീഫ്. ബര്‍ദുബൈയില്‍ ദുബൈ ക്രീക്കിനോടടുത്ത് പ്രാദേശികമായി സിക്കകൾ എന്ന് വിളിക്കപ്പെടുന്ന കല്ലുകൾ പതിച്ച ഇടവഴികളിലൂടെ സഞ്ചരിക്കുമ്പോൾ ദുബൈയുടെ പുരാതനകാലത്തെ ഓര്‍മിപ്പിക്കും. ദുബൈ നഗരത്തിന്റെ തിരക്കുകളില്‍ നിന്ന് വേറിട്ട് പഴയ രീതിയില്‍ നിര്‍മിച്ച കെട്ടിടങ്ങളും ചന്തകളും സഞ്ചാരികള്‍ക്ക് പൈതൃക കാഴ്ചയൊരുക്കും. ഒപ്പം ദുബൈ ക്രീക്കിന്റെ ഭംഗിയും ആസ്വദിക്കാം. ബാർജീൽസ് (പരമ്പരാഗത കാറ്റ് ടവറുകൾ), പവിഴക്കല്ലുകൾ, ജിപ്സം പ്ലാസ്റ്റർ എന്നിവ ഉപയോഗിച്ചാണ് അല്‍ സീഫിന്റെ നിര്‍മാണം.
കോഫി ഷോപ്പുകൾ, റെസ്റ്ററന്റുകൾ, ബൂട്ടിക്കുകൾ എന്നിവ ഇവിടെ സുലഭമായുണ്ട്. ബ്രാസ് കോഫി ഷോപ്പ്, ബിക്കനേർവാല ഫുഡ് ഔട്ട്ലെറ്റ്, ലണ്ടൻ ഡയറി ഐസ്ക്രീം പാർലർ തുടങ്ങിയ ഔട്ട്ലെറ്റുകളും ഇവിടെയുണ്ട്. ഇവക്ക് പുറമേ, കൈകൊണ്ട് നിർമിച്ച കരകൗശല വസ്തുക്കൾ, തുണിത്തരങ്ങൾ, പെര്‍ഫ്യൂം തുടങ്ങിയവയും അൽ സീഫില്‍ ലഭ്യമാണ്. 1.8 കിലോമീറ്റർ നീളമുള്ള നടപ്പാതയിലൂടെ ബഗ്ഗി കാറുകളിലും സഞ്ചരിക്കാം.
ദുബൈ ക്രീക്കിലൂടെ ജലമാര്‍ഗം ഇവിടെയെത്താമെന്നതും സഞ്ചാരികളെ ആകര്‍ഷിക്കും. ദുബൈയുടെ ചരിത്രത്തിൽ ദുബൈ ക്രീക്കിന് പ്രത്യേക സ്ഥാനമുണ്ട്. പുരാതന കാലം മുതൽ സഞ്ചാരികളെയും വ്യാപാരികളെയും സ്വാഗതം ചെയ്തിട്ടുണ്ട്. അടുത്തുള്ള മെട്രോ സ്റ്റേഷനായ ബുർജുമാൻ 400 മീറ്റർ അകലെയാണ്, എതിര് ഭാഗത്ത് നിന്ന് അൽ ഫാഹിദി സ്റ്റേഷനിലേക്കും ചെറിയ ദൂരം മാത്രം. സ്വകാര്യ ബോട്ടുകൾക്കൊപ്പം വാട്ടർ ബസുകൾ, വാട്ടർ ടാക്സികൾ, അബ്ര എന്നിവയുൾപ്പെടെയുള്ള സമുദ്ര ഗതാഗത ശൃംഖലയുമായും അൽ സീഫിലെത്താം. ഒട്ടേറെ വാഹനങ്ങള്‍ക്ക് നിര്‍ത്താന്‍ പറ്റുന്ന ബേസ്മെന്റ് പാര്‍ക്കിംഗ് സൗകര്യവും ഇവിടെയുണ്ട്.