ദുബായ്. VISIT VISAയില്‍ ദുബായിലേക്ക് പോകുന്ന നിരവധി ഇന്ത്യക്കാരെ ഈയിടെയായി ദുബായ് എയര്‍പോര്‍ട്ടില്‍ നിന്ന് തിരിച്ച് നാട്ടിലേക്ക് അയക്കുന്നത് വര്‍ധിച്ചിട്ടുണ്ട്. പലരേയും ഇന്ത്യന്‍ എയര്പോര്ട്ടുകളില്വച്ച് തടയുകയും ചെയ്യുന്ന സംഭവങ്ങളുണ്ടായി. കാരണം ലളിതമാണ്. നിയമപ്രകാരം സന്ദര്‍ശക വിസയില്‍ ദുബായില്‍ പ്രവേശിക്കണമെങ്കില്‍ കൈവശം കുറഞ്ഞത് 3,000 ദിര്‍ഹം കാശ് ആയി അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ്, റിട്ടേണ്‍ യാത്രയ്ക്കുള്ള കണ്‍ഫേംഡ് വിമാന ടിക്കറ്റ്, ദുബായിലെ താമസ സ്ഥലം തെൡയിക്കുന്ന രേഖ എന്നിവ നിര്‍ബന്ധമാണ്. പാസ്പോര്‍ട്ടിന് ചുരുങ്ങിയത് ആറു മാസമെങ്കിലും കാലാവധിയും ഉണ്ടായിരിക്കണം. ഇത് കാലങ്ങളായി നിലവിലുള്ള നിയമമാണ്. ഇതിപ്പോള്‍ അധികൃതര്‍ കര്‍ശനമായി പരിശോധിക്കാന്‍ തുടങ്ങിയതാണ് പലരും കുടുങ്ങാന്‍ കാരണമായത്. ഇവയിലേതെങ്കിലും ഒന്ന് ഇല്ലെങ്കിലും ദുബായിലേക്ക് പ്രവേശിപ്പിക്കില്ല. ഇപ്പോള്‍ പരിശോധന കര്‍ശനമാക്കിയതിനെ തുടര്‍ന്ന് നിരവധി മലയാളികള്‍ ഉള്‍പ്പെടെയുള്ളവരാണ് ദുബായ് എയര്‍പോര്‍ട്ടില്‍ കുടുങ്ങുകയും നാട്ടിലേക്ക് തിരിച്ചയക്കപ്പെടുകയും ചെയ്തത്.
താമസത്തിന് ഹോട്ടല്‍ ബുക്കിങ് അല്ലെങ്കില്‍ ബന്ധുക്കളുടെ വീട് എന്നിവ മതിയാകും. എന്നാല്‍ ബന്ധുക്കളുടേയും സുഹൃത്തുകളുടേയും താമസ സ്ഥലമാണെങ്കില്‍ അവരുടെ പേരില്‍ തന്നെ റെന്റ് എഗ്രിമെന്റ് ഉള്ളവയായിരിക്കുകയും വേണം. ബന്ധുക്കളുടെ കൂടെയാണ് താമസമെങ്കില്‍ അവരുടെ എമിറേറ്റ്സ് ഐഡിയാണ് തെളിവായി ചോദിക്കുന്നത്. താമസ സ്ഥലത്തിന്റെ തെളിവ് ഹാജരാക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ഒരു മലയാളി യുവാവിന് ദുബായ് എയര്‍പോര്‍ട്ടില്‍ നിന്ന് പുറത്തിറങ്ങാനാകാതെ നാലു ദിവസം എയര്‍പോര്‍ട്ടില്‍ തന്നെ കഴിച്ചുകൂട്ടേണ്ടി വരികയും ഒടുവില്‍ കൊച്ചിയിലേക്ക് തിരിച്ചയക്കുകയും ചെയ്ത് സംഭവം ഖലീജ് ടൈംസ് റിപോര്‍ട്ട് ചെയ്തിരുന്നു.
ഈയിടെ ദുബായിലേക്ക് പോകാനായി കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തിയ മറ്റൊരു യുവാവിനെ അധികൃതര്‍ വിമാനം കയറാന്‍ അനുവദിക്കാതെ തിരിച്ചയച്ചിരുന്നു. ദുബായിലെ താമസത്തിന് തെളിവായി ഹോട്ടല്‍ ബുക്കിങ് രേഖയും 5000 ദിര്‍ഹമും കാണിക്കണമെന്ന് കൊച്ചി എയര്‍പോര്‍ട്ട് അധികൃതര്‍ ആവശ്യപ്പെട്ടത്. അരലക്ഷം രൂപ കൈവശം ഉണ്ടായിരുന്നെങ്കിലും ദിര്‍ഹം തന്നെ ആവശ്യപ്പെടുകയായിരുന്നു. ദുബായില്‍ അമ്മാവന്റെ കൂടെയാണ് താമസമെന്നതിന് തെളിവായി അദ്ദേഹത്തിന്റെ എമിറേറ്റ്ഡ് ഐഡി കാണിച്ചെങ്കിലും അധികൃതര്‍ യുവാവിനെ കടത്തിവിട്ടില്ല.