വാഗമണ്‍. ഇടുക്കി ജില്ലയിലെ വിനോദ സഞ്ചാരമേഖലയ്ക്ക് കരുത്തേകാന്‍ വാഗമണ്‍ കേന്ദ്രീകരിച്ച് ഹെലികോപ്റ്റര്‍ സഫാരി വരുന്നു. വാഗമണ്‍, മൂന്നാര്‍, തേക്കടി എന്നീ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് ഹെലികോപ്റ്റര്‍ സര്‍വീസ് ആരംഭിക്കുന്നത്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ സഞ്ചാരികളെത്തുന്ന ഇടമാണ് വാഗമണ്‍. ദിവസവും ആയിരക്കണക്കിന് സഞ്ചാരികളാണ് ഇവിടെ എത്തുന്നത്. വാഗമണ്ണിലെ അഡ്വഞ്ചര്‍ പാര്‍ക്ക്, ഇന്ത്യയിലെ ആദ്യ കാന്റി ലിവര്‍ ഗ്ലാസ് ബ്രിജ്, മൊട്ടക്കുന്നുകള്‍ എന്നിവ ഏറെ പ്രശസ്തമാണ്.
ഡിടിപിസിയുടെ നേതൃത്വത്തിലുള്ള അഡ്വഞ്ചര്‍ പാര്‍ക്കിലാണ് ഹെലികോപ്റ്റര്‍ സഫാരി കേന്ദ്രം ആരംഭിക്കാന്‍ ആദ്യം സ്ഥലം നോക്കിയത്. എന്നാല്‍ ഇവിടെ അനൂകലമായ അന്തരീക്ഷമല്ലെന്ന് കണ്ടെത്തി. തുടര്‍ന്ന് കോലാഹലമേട്ടില്‍ പദ്ധതിക്ക് അനുയോജ്യമായ ഒരേക്കര്‍ ഭൂമി കണ്ടെത്തിയിട്ടുണ്ട്. ഈ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഇതു പൂര്‍ത്തിയായാല്‍ ഹെലിപ്പാഡ് അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളുടെ നിര്‍മ്മാണം ആരംഭിക്കും. സ്വകാര്യ കമ്പനി ആയിരിക്കും ഹെലികോപ്റ്റര്‍ സര്‍വീസ് ആരംഭിക്കുക.