കണ്ണൂര്‍. Air India Express കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ (Kannur International Airport – KIAL) നിന്ന് ഡിസംബര്‍ മുതല്‍ കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കും. ബെംഗളൂരുവിലേക്ക് ഒരു പ്രതിവാര സര്‍വീസ് കൂടി തുടങ്ങും. യൂറോപ്പ് ഉള്‍പ്പെടെ വിവിധ ഡെസ്റ്റിനേഷനുകളിലേക്ക് കണക്ഷന്‍ ലഭിക്കുന്ന തരത്തില്‍ രാത്രികാല സര്‍വീസായിരിക്കുമിത്. 15 മുതല്‍ പ്രതിദിന സര്‍വീസും ആരംഭിക്കും.
ദല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ഹൈദരാബാദ് തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കും വിദേശ നഗരങ്ങളായ ജിദ്ദ, ദമാം, ക്വാലലംപൂര്‍, ഫുക്കറ്റ്, മാലി, കൊളംബോ എന്നിവിടങ്ങളിലേക്ക് രാജ്യാന്തര സര്‍വീസുകളും എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ പരിഗണനയിലുണ്ട്.
കണ്ണൂരിനടുത്ത പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ വയനാട്ടിലേക്കും കര്‍ണാടകയിലെ കുടകിലേക്കുമുള്ള ടൂറിസ്റ്റുകളുടെ പ്രധാന കവാടമാക്കി കണ്ണൂര്‍ വിമാനത്താവളത്തെ മാറ്റാനുതകുന്ന ടൂറിസം പാക്കേജുകള്‍ക്ക് വിവിധ ടൂര്‍ ഏജന്റുകളും ഓപറേറ്റര്‍മാരും ട്രാവല്‍ സംരംഭകരും രൂപം നല്‍കുന്നുണ്ട്. കൂടുതല്‍ വിമാന സര്‍വീസുകള്‍ എത്തുന്നതോടെ വിനോദ സഞ്ചാരികള്‍ക്ക് ഇത് ഏറെ പ്രയോജനകരമാകും.