ഊട്ടി. കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചില്‍ റെയില്‍വെ ട്രാക്കിന് കേടുപാടുകള്‍ സംഭവിച്ചതിനെ തുടര്‍ന്ന് മേട്ടുപ്പാളയം-ഉദഗമണ്ഡലം (Mettupalayam-Udhagamandalam) നീലഗിരി മൗണ്ടന്‍ റെയില്‍വെ (Nilgiri Mountain Railway) സര്‍വീസ് വെള്ളിയാഴ്ച (നവംബർ 10) മുതല്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ഈ പാതയിലെ നവംബര്‍ 16 വരെയുള്ള എല്ലാ സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്. IRCTC വെബ്‌സൈറ്റില്‍ ബുക്കിങ് സ്വീകരിക്കുന്നില്ല. കല്ലാറിനടുത്ത് റെയില്‍വേ ട്രാക്കിനടിയിലെ മണ്ണും ട്രാക്ക് ഉറപ്പിച്ച ബലാസ്റ്റുകളും ഒഴുകിപ്പോയിട്ടുണ്ട്.
ഊട്ടി(Ooty)യിലെത്തുന്ന വിനോദ സഞ്ചാരികളുടെ പ്രധാന ആകർഷണങ്ങളിലൊന്നായ പൈതൃക ട്രെയിൻ സർവീസ് അഞ്ചു ദിവസത്തേക്ക് നിർത്തിവച്ചത് നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്ത സഞ്ചാരികളെ നിരാശരാക്കും. ടിക്കറ്റ് നിരക്കുകൾ റെയിൽവെ പൂർണമായും മടക്കി നൽകും.
നീലഗിരി മേഖലയില്‍ കനത്ത മഴയാണ്. കുനൂര്‍, ബര്‍ളിയാര്‍, എടപ്പള്ളി, കോത്തഗിരി, കില്‍ കോത്തഗിരി എന്നിവടങ്ങളിലാണ് ശക്തമായ മഴ പെയ്തത്. മേട്ടുപ്പാളയം-കുനൂര്‍ റോഡിലും കുനൂര്‍-ബന്ധിമയ് റോഡിലും വലിയ മണ്ണിടിച്ചിലുണ്ടായി. ഇത് റോഡ് ഗതാഗതത്തേയും ബാധിച്ചു. മണ്ണു മാന്തി യന്ത്രങ്ങളെത്തിച്ച് റോഡിലെ തടസ്സങ്ങള്‍ നീക്കി ഗതാഗതം പുനസ്ഥാപിച്ചിട്ടുണ്ട്.