തൊടുപുഴ. ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ ഇടുക്കി ഡാമിനു സമീപം നിർമ്മിച്ച Eco Lodge പൊതുജനങ്ങൾക്കായി തുറന്നു. പൂർണമായും തടിയിൽ നിർമ്മിച്ച ഈ താമസ കേന്ദ്രത്തിൽ വിനോദ സഞ്ചാരികൾക്ക് പ്രകൃതിസൗഹൃദ താമസം പുതിയ അനുഭവം നൽകും. 25 ഏക്കറോളം സ്ഥലത്ത് 12 കോട്ടേജുകളാണ് ഇക്കോ ലോഡ്ജിലുള്ളത്. കൂടാതെ പത്ത് കിലോമീറ്റര്‍ ചുറ്റളവിനുള്ളില്‍ സ്ഥിതി ചെയ്യുന്ന ചെറുതോണി ഇടുക്കി ഡാം, ഹില്‍വ്യൂ പാര്‍ക്ക്, ഇടുക്കി ഡിടിപിസി (DTPC) പാര്‍ക്ക്, കുടിയേറ്റ സ്മാരകടൂറിസം വില്ലേജ്, കാല്‍വരിമൗണ്ട് തുടങ്ങിയ ടൂറിസം കേന്ദ്രങ്ങളും ഇവിടെ എത്തുന്ന സഞ്ചാരികൾക്ക് സന്ദര്‍ശിക്കാനാകും.
എറണാകുളത്തു നിന്നും തൊടുപുഴയില്‍ നിന്നും വരുന്നവര്‍ക്ക് ചെറുതോണിയില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ മുന്‍പോട്ടു പ്രധാനപാതയില്‍ സഞ്ചരിച്ചാല്‍ ഇവിടെയെത്താം. വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. 6.72 കോടി രൂപ ചെലവിലാണ് ഇതു നിർമ്മിച്ചത്.
പ്രതിദിനം 4130 രൂപയാണ് ഇവിടുത്തെ താമസ നിരക്ക്. വ്യാഴാഴ്ച (നവംബർ 9) മുതൽ ബുക്കിങ് ആരംഭിച്ചു. വിനോദ സഞ്ചാര വകുപ്പിന്റെ വെബ്സൈറ്റ് വഴി ബുക്ക് ചെയ്യാം.