ടോക്കിയോ. സുരക്ഷിതമായ വിനോദ യാത്രയ്ക്ക് പേരുകേട്ട രാജ്യമാണ് ജപ്പാന് (JAPAN). സാങ്കേതികത്തികവും മികവും കൊണ്ട് ലോകത്തെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുന്ന രാജ്യം ഇപ്പോള്‍ വിദേശ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ വിവിധ പദ്ധതികളാണ് നടപ്പിലാക്കി വരുന്നത്. ഇവിടുത്തെ ഏറ്റവും വലിയ ടൂറിസ്റ്റ് ആകര്‍ഷണങ്ങളിലൊന്നാണ് അതിവേഗതയില്‍ കുതിക്കുന്ന ബുള്ളറ്റ് ട്രെയ്നുകള്‍ (Bullet trains). ഇവയുടെ യാത്രാ പാസ് നിരക്ക് ഈയിടെ ജപാന് റെയില്‍വേസ് ഇരട്ടിയാക്കിയാണ് വര്‍ധിപ്പിച്ചത്. പുതുക്കിയ നിരക്കു പ്രകാരം 45000 (80,000 യെന്‍) രൂപയ്ക്ക് വിദേശ സഞ്ചാരികള്‍ക്ക് ജപ്പാനിലുടനീളം 14 ദിവസം അണ്‍ലിമിറ്റഡായി ബുള്ളറ്റ് ട്രെയ്നുകളില്‍ യാത്ര ചെയ്യാം. നേരത്തെ 26500 (47250 യെന്‍) ഇന്ത്യന്‍ രൂപയ്ക്ക് ഈ യാത്രാ പാസ് ലഭിച്ചിരുന്നു. ഇതാണിപ്പോള്‍ ഇരട്ടിയോളം വര്‍ധിപ്പിച്ചത്.
പാസ് നിരക്കില്‍ വലിയ വര്‍ധന ഉണ്ടായെങ്കിലും യാത്രക്കാരുടെ എണ്ണത്തില്‍ ഒരു കുറവുമുണ്ടാകില്ലെന്നാണ് അധികൃതര്‍ പറയുന്നത്. ജാപ്പനീസ് കറന്‍സിയായ യെന്നിന്റെ കറന്‍സി വിനിമയ നിരക്ക് അനുകൂല ഘടകമാണെന്നതിനാല്‍ വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്ന ടൂറിസ്റ്റുകള്‍ക്ക് വര്‍ധിപ്പിച്ച തുക വലിയ പ്രശ്നമാകില്ലെന്നാണ് കണക്കു കൂട്ടല്‍.
14 ദിവസത്തെ പാസിനു പുറമെ പുതുതായി ഒരാഴ്ച, മൂന്നാഴ്ച, ഫസ്റ്റ് ക്ലാസ് പാസുകളും നല്‍കിത്തുടങ്ങിയിട്ടുണ്ട്. ബുള്ളറ്റ് ട്രെയിന്‍ സര്‍വീസുകള്‍ കൂടുതല്‍ ഡെസ്റ്റിനേഷനുകളിലേക്ക് വ്യാപിപ്പിച്ചതും ഓണ്‍ലൈന്‍ റിസര്‍വേഷന്‍, ഓട്ടോമാറ്റിക് ടിക്കറ്റ് ഗേറ്റ് തുടങ്ങി പരിഷ്കരണങ്ങലും നടപ്പിലാക്കിയതാണ് യാത്രാ പാസ് നിരക്ക് വര്‍ധിപ്പിക്കാന്‍ കാരണം. നേരത്തെ വളരെ കുറഞ്ഞ സ്ഥലങ്ങളിലേക്കു മാത്രമെ ബുള്ളറ്റ് ട്രെയിന്‍ സര്‍വീസ് ഉണ്ടായിരുന്നുള്ളൂ. ജപ്പാന് റെയില്‍വേസ് (Japan Railways) വടക്കന്‍ മേഖലകളിലേക്കു കൂടി നീട്ടിയതോടെ രാജ്യത്തുടനീളം 19,000 കിലോമീറ്റര്‍ ഇപ്പോള്‍ ഓടുന്നുണ്ട്.
ഏറ്റവും വേഗത കൂടിയ ഷിങ്കാസെന്‍ (Shinkansen) ബുള്ളറ്റ് ട്രെയിന്‍ സര്‍വീസുകളായ നൊസോമി, മിസുഹോ എന്നിവയില്‍ യാത്ര ചെയ്യാന്‍ സഞ്ചാരികള്‍ക്ക് അധിക ഫീ അടക്കാനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ പാസുകള്‍ ലോക്കല്‍, എക്സ്പ്രസ്, ചില ഫെറി സര്‍വീസുകള്‍ എന്നിവയിലും ഉപയോഗിക്കാന്‍ കഴിയും. എന്നാല്‍ ഈ യാത്രാ പാസ് ജപ്പാന്‍കാര്‍ക്കു ലഭിക്കില്ല. നിരക്ക് വര്‍ധിപ്പിച്ചാലും ഈ യാത്രാ പാസ് ഇപ്പോഴും ഏറ്റവും ആകര്‍ഷകമായ യാത്രാ മാര്‍ഗമായി തുടരും. നിരക്ക് വര്‍ധനയ്ക്കു മുമ്പ് ടിക്കറ്റെടുത്തവര്‍ക്ക് പഴയ നിരക്കില്‍ തന്നെ യാത്ര ചെയ്യാം.