ഒറ്റ AIR INDIA ടിക്കറ്റ് മതി, 100ലേറെ യുറോപ്യന്‍ നഗരങ്ങളില്‍ കറങ്ങാം

മുംബൈ. വിനോദ സഞ്ചാരികളെ മാടിവിളിക്കുന്ന മനോഹര യുറോപ്യന്‍ നഗരങ്ങള്‍ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കാത്തവരായി ആരുണ്ട്? ഈ യാത്ര സ്വപ്‌നം കാണുന്ന ഇന്ത്യക്കാര്‍ക്കായി Air India പുതിയൊരു കിടിലന്‍ പദ്ധതി അവതരിപ്പിക്കുകയാണ്. ഒറ്റ എയര്‍ ഇന്ത്യ ടിക്കറ്റ് എടുത്താല്‍ നൂറിലേറെ യുറോപ്യന്‍ നഗരങ്ങളിലുടനീളം ബസിലും ട്രെയിനിലും ചുറ്റിയടിക്കാം. എയര്‍പോര്‍ട്ട് ഇല്ലാത്ത നഗരങ്ങളും ഇതിലുള്‍പ്പെടും. ഇന്റര്‍നാഷനല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ പങ്കാളിയായ ആക്‌സസ്‌റെയില്‍ (AccesRail) എന്ന കമ്പനിയുമായി ചേര്‍ന്നാണ് എയര്‍ ഇന്ത്യ ഈ ഇന്റര്‍മോഡല്‍ ട്രാവല്‍ കരാര്‍ ഉണ്ടാക്കിയിരിക്കുന്നത്.

എയര്‍ ടിക്കറ്റിനൊപ്പം ലഭിക്കുന്ന ബാഗേജ് അലവന്‍സുകള്‍ യൂറോപ്യന്‍ നഗരങ്ങളിലെ ബസുകളിലും ട്രെയ്‌നുകളിലും എയര്‍ ഇന്ത്യ യാത്രക്കാര്‍ക്ക് ലഭിക്കും. ഓസ്ട്രിയ, ബെല്‍ജിയം, ജര്‍മനി, ചെക്ക് റിപബ്ലിക്, ഹംഗറി, ഇറ്റലി, യുകെ എന്നീ രാജ്യങ്ങളിലേക്കുള്ള യാത്രകള്‍ക്കാണ് ഈ സൗകര്യം ലഭിക്കു. ആംസ്റ്റര്‍ഡാം, ബര്‍മിങ്ങാം, ലണ്ടന്‍ ഹീത്രൂ, ലണ്ടന്‍ ഗാറ്റ്വിക്, മിലാന്‍, വിയെന്ന എന്നീ നഗരങ്ങളായിരിക്കും പ്രധാന ഗേറ്റ്‌വേകള്‍.

എയര്‍ ഇന്ത്യ നല്‍കുന്ന ഇന്റര്‍മോഡല്‍ ടിക്കറ്റ് ഉപയോഗിച്ച് യുകെയിലെ അവന്റി വെസ്റ്റ് കോസ്റ്റ്, നാഷനല്‍ എക്‌സ്പ്രസ്, ഇറ്റലിയിലെ ട്രെനിറ്റാലിയ, ഓസ്ട്രിയയിലെ ഒബിബി ഓസ്ട്രിയന്‍ റെയില്‍വേസ്, എസ്എന്‍സിബി ബെല്‍ജിയന്‍ റെയില്‍വേയ്‌സ്, നെതര്‍ലന്‍ഡിലെ തലിസ് എന്നീ റെയില്‍ സര്‍വീസുകളും ഉപയോഗിക്കാം.

തുടക്കത്തില്‍ ആഗോള ട്രാവല്‍ ഏജന്റുമാര്‍ മുഖേന മാത്രമെ ഈ ഇന്റര്‍മോഡല്‍ ടിക്കറ്റുകള്‍ വാങ്ങാന്‍ കഴിയൂ. സമീപ ഭാവിയില്‍ തന്നെ എയര്‍ ഇന്ത്യയുടെ സെയില്‍സ് ചാനലുകള്‍ വഴി ഈ സൗകര്യം ലഭ്യമാക്കാനും പദ്ധതിയുണ്ട്.

Legal permission needed