അധികമാരും കാണാത്ത ഈ മനോഹര രാജ്യം വൈകാതെ അപ്രത്യക്ഷമാകും!

ലോകത്തിലെ അതിമനോഹരവും ജനവാസം കുറഞ്ഞതുമായ ദ്വീപ് രാജ്യമാണ് തുവാലു (Tuvalu). അധികമൊന്നും വിനോദ സഞ്ചാരികള്‍ എത്തിപ്പെടാത്ത ഈ കൊച്ചു നാട് സമീപഭാവിയില്‍ തന്നെ ആര്‍ക്കും കാണാന്‍ കഴിയാത്ത വിധം അപ്രത്യക്ഷമാകാനിരിക്കുകയാണ്. പ്രതീക്ഷിച്ചതിലും നേരത്തെ ഭൂമുഖത്ത് നിന്ന് തുവാലു എന്ന രാജ്യം അപ്രത്യക്ഷമാകുമെന്നാണ് പുതിയ റിപോര്‍ട്ടുകള്‍. ഇന്ത്യൻ പാസ്പോർട്ട് ഉള്ളവർക്ക് വീസയില്ലാതെ സന്ദർശിക്കാവുന്ന രാജ്യം കൂടിയാണ് തുവാലു.

ഓഷ്യാനിയ മേഖലയിൽ മധ്യപടിഞ്ഞാറന്‍ പസഫിക് സമുദ്രത്തിലാണ് ഈ ദ്വീപു രാജ്യം സ്ഥിതിചെയ്യുന്നത്. ഒരു ലഗൂണിനെ ചുറ്റന്ന മോതിര മാതൃകയിലുള്ള പവിഴ തുരുത്തിന്റെ അരികുകളിലാണ് ഈ ദ്വീപുകള്‍. ഓസ്‌ട്രേലിയ്ക്കും ഹവായിക്കുമിടില്‍ ഏതാണ്ട് മധ്യഭാഗത്തായി വരും. വെറും 12000-ഓളമാണ് ജനസംഖ്യ. ലോകത്ത് ഏറ്റവും കുറവ് ടൂറിസ്റ്റുകളെത്തുന്ന രാജ്യം, ഏറ്റവും ചെറിയ രാജ്യം തുടങ്ങി പല വിശേഷണങ്ങളുമുണ്ട് തുവാലുവിന്. സ്വന്തമായി കറന്‍സിയും ഉണ്ട്.

ഉയര്‍ന്നു കൊണ്ടിരിക്കുന്ന സമുദ്ര ജലനിരപ്പ് ഈ ദ്വീപു രാജ്യത്തെ വൈകാതെ കടലില്‍ മുക്കി ഭൂമുഖത്ത് നിന്ന് തുടച്ചു നീക്കുമെന്നാണ് റിപോര്‍ട്ടുകള്‍. സമുദ്ര നിരപ്പില്‍ നിന്ന് വെറും രണ്ട് മീറ്റര്‍ മാത്രമാണ് ഈ ദ്വീപിന്റെ ഉയരം. ഓരോ വര്‍ഷവും 3.9 മില്ലിമീറ്റര്‍ വീതം സമുദ്ര നിരപ്പ് ഉയരുന്നുവെന്ന റിപോര്‍ട്ട് കണക്കിലെടുത്താല്‍ അധികം വൈകാതെ ഈ ദ്വീപും വെള്ളത്തിനടയിലാകും എന്നുറപ്പാണ്.

എല്ലിസ് ഐലന്‍ഡ്‌സ് എന്നായിരു തുവാലുവിന്റെ പഴയ പേര്. ഒരു വര്‍ഷം രണ്ടായിരമോ അതിന് അല്‍പ്പം മുകളിലോ വിനോദ സഞ്ചാരികള്‍ മാത്രമാണ് ഇവിടെ എത്തുന്നത്. രണ്ടാം ലോക മഹായുദ്ധ കാലത്ത് 1943ല്‍ യുഎസ് നാവിക സേന നിര്‍മ്മിച്ചതാണ് ഇവിടെയുള്ള ഒരേഒരു വിമാനത്താവളം. ഫിജി എയര്‍വേയ്‌സ് മാത്രമാണ് ഈ വിമാനത്താവളം ഉപയോഗിക്കുന്നത്.

സന്ദര്‍ശിക്കാന്‍ പറ്റിയ അതിമനോഹര പരിസ്ഥിതിയും ചുറ്റുപാടുമുള്ള സ്ഥലമാണ്. പ്രശാന്തമായ ബീച്ചുകളും തിങ്ങിനിറഞ്ഞ തെങ്ങുകളും ദ്വീപിലെ റോഡുകളും മത്സ്യ വിഭവങ്ങളും രാത്രികളിലെ ക്യാംപ് ഫയറുകളുമെല്ലാം ഇവിടെ ആസ്വദിക്കാം. ബ്രിട്ടീഷ് കോളനിയായിരുന്ന ഈ രാജ്യം 1978ലാണ് സ്വതന്ത്രപരമാധികാര രാജ്യമായി മാറുന്നത്. 2000 സെപ്തംബര്‍ അഞ്ചിന് തുവാലു യുഎന്നിലെ 189ാമത് അംഗരാജ്യമായി.

ഫുനാഫുതി ആണ് തലസ്ഥാനം. ഇന്ത്യക്കാർക്ക് വീസയില്ലാതെ യാത്ര ചെയ്യാവുന്ന രാജ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് തുവാലു ടൂറിസം വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാം.

Legal permission needed