മുംബൈ. സാങ്കേതിക തകരാര്‍ മൂലം റഷ്യയിലെ ഒറ്റപ്പെട്ട സ്ഥലമായ മഗദാനില്‍ അടിയന്തരമായി ഇറക്കിയ എയര്‍ ഇന്ത്യയുടെ സാന്‍ഫ്രാന്‍സിസ്കോ വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരേയും 39 മണിക്കൂറിനു ശേഷം മറ്റൊരു വിമാനത്തില്‍ യുഎസിലേക്ക് കൊണ്ടു പോയി. വ്യാഴാഴ്ച പ്രാദേശിക സമയം 10:27നാണ് വിമാനം സാന്‍ ഫ്രാന്‍സിസ്കോയിലേക്ക് പറന്നത്. 216 യാത്രക്കാരും 16 ജീവനക്കാരുമാണ് തകരാറായ എയര്‍ ഇന്ത്യയുടെ AI 173 വിമാനത്തിലുണ്ടായിരുന്നത്. യുഎസിലെ പ്രാദേശിക സമയം അർദ്ധരാത്രി 12.15ന് സാൻ ഫ്രാൻസിസ്കോയിൽ ഇറങ്ങുമെന്ന് എയർ ഇന്ത്യ അറിയിച്ചു. സാൻ ഫ്രാൻസിസ്കോയിൽ ഇവർക്കുള്ള വൈദ്യ സഹായവും യാത്ര, തുടർ യാത്ര ആവശ്യമുള്ളവർക്ക് അതുമടക്കം എല്ലാ സഹായങ്ങളും നൽകുമെന്നും ഇതിനായി സാൻ ഫ്രാൻസിസ്കോ വിമാനത്താവളത്തിൽ അധികമായ ജീവനക്കാരെ നിയോഗിച്ചിട്ടുണ്ടെന്നും എയർ ഇന്ത്യ അറിയിച്ചു.
വിമാനം ഇറക്കിയ റഷ്യയിലെ മഗദാന്‍ ഒറ്റപ്പെട്ട സ്ഥലമായതിനാല്‍ കുടുങ്ങിയ യാത്രക്കാർക്ക് മതിയായ സൗകര്യങ്ങളുണ്ടായിരുന്നില്ല. ഹോട്ടലിൽ മുറികൾ ലഭ്യമല്ലാത്തതിനാൽ ഒരു ഹാളില്‍ നിരയായി കിടക്ക വിരിച്ചാണ് യാത്രാക്കരെ പാര്‍പ്പിച്ചത്. ഇവര്‍ക്കുള്ള ഭക്ഷണവും മറ്റു അവശ്യ വസ്തുക്കളും എയര്‍ ഇന്ത്യ മുംബൈയില്‍ നിന്നാണ് എത്തിച്ചത്.