AI ക്യാമറ: 12 വയസ്സ് വരെയുള്ള കുട്ടിക്ക് പിഴ ഈടാക്കില്ല; ഇളവ് തേടി കേന്ദ്രത്തിന് കത്തയച്ചു

തിരുവനന്തപുരം. സംസ്ഥാനത്തുടനീളം സ്ഥാപിച്ച എഐ ക്യാമറകള്‍ പിടികൂടുന്ന റോഡ് ഗതാഗത നിയമലംഘനങ്ങള്‍ക്ക് ജൂണ്‍ അഞ്ചു മുതല്‍ പിഴ ഈടാക്കിത്തുടങ്ങാന്‍ ഗതാഗത വകുപ്പ് തീരുമാനം. ഇരുചക്ര വാഹനങ്ങളില്‍ കുട്ടികളുമായി യാത്ര ചെയ്യുന്നതിന് ഇളവ് തേടി ഗതാഗത വകുപ്പ് കേന്ദ്ര സര്‍ക്കാരിന് കത്തയച്ചു. കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം വരുന്നത് വരെ, ഇരുചക്ര വാഹനങ്ങളില്‍ മൂന്നാമത്തെ ആളായി യാത്ര ചെയ്യുന്ന 12 വസസ്സിനു താഴെ പ്രായമുള്ള കുട്ടികള്‍ക്ക് പിഴ ഈടാക്കേണ്ടതില്ലെന്നും ഗതാഗത വകുപ്പു മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ഇതോടെ കുട്ടികളുമായി ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്താല്‍ എഐ ക്യാമറ പിടികൂടുമെന്ന ആശങ്കയ്ക്ക് താല്‍ക്കാലിക പരിഹാരമായി.

12 വയസ്സിനു താഴെ പ്രായമുള്ള ഒരു കുട്ടി രണ്ട് മുതിര്‍ന്നവര്‍ക്കൊപ്പം യാത്ര ചെയ്യുന്നത് നിയമലംഘനമായി കണക്കാക്കാത്ത തരത്തില്‍ നിയമ ഭേദഗതി വേണമെന്നാണ് കേന്ദ്ര ഗതാഗത മന്ത്രാലയത്തിന് സംസ്ഥാന ഗതാഗത കമ്മീഷണര്‍ എസ് ശ്രീജിത്ത് അയച്ച കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഈ ഭേദഗതി രാജ്യത്ത് എല്ലായിടത്തും ബാധകമാകുമെന്നതിനാല്‍ ഇത് കേന്ദ്ര ഗതാഗത മന്ത്രാലയത്തില്‍ നിന്നും അനൂകല മറുപടി വരുമെന്ന പ്രതീക്ഷ കുറവാണ്. അതേസമയം കേന്ദ്രത്തില്‍ നിന്ന് ഏതെങ്കിലും തീരുമാനം ഉണ്ടാകുന്നത് വരെ കേരളത്തില്‍ പിഴ ഇടാക്കില്ല എന്നാശ്വസിക്കാം.

Leave a Reply

Your email address will not be published. Required fields are marked *

Legal permission needed