വിസിറ്റ് വിസയുള്ളവര്‍ക്ക് മക്കയില്‍ പ്രവേശിക്കാന്‍ ഉംറ പെര്‍മിറ്റ് നിര്‍ബന്ധം

ജിദ്ദ. വിസിറ്റ് വീസയില്‍ സൗദി അറേബ്യയില്‍ എത്തിയവര്‍ക്ക് വിശുദ്ധ നഗരമായ മക്കയിലേക്ക് പ്രവേശിക്കണമെങ്കില്‍ ഉംറ പെര്‍മിറ്റ് നിര്‍ബന്ധമാണെന്ന് ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. ഉംറ പെര്‍മിറ്റ് ഉള്ളവര്‍ അവര്‍ക്ക് അനുവദിച്ച സമയം കൃത്യമായി പാലിക്കണമെന്നും മന്ത്രാലയം നിര്‍ദേശം നല്‍കി.

പ്രത്യേക അനുമതിയില്ലാത്ത വിദേശികള്‍ക്ക് മക്കയിലേക്ക് പ്രവേശന നിയന്ത്രണങ്ങളുണ്ട്. ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്ന് അനുമതി മുന്‍കൂട്ടി വാങ്ങണം. ജോലി ആവശ്യാര്‍ത്ഥം പ്രത്യേക പെര്‍മിറ്റ് നേടിയവരേയും മക്ക ജവാസാത്ത് ഇഷ്യൂ ചെയ്ത ഇഖാമയുള്ളവരേയും ഉംറ, ഹജ് പെര്‍മിറ്റ് നേടിയവരേയും മാത്രമാണ് മക്കയിലേക്ക് പ്രവേശിപ്പിക്കുന്നത്. പെര്‍മിറ്റ് ഇല്ലാത്തവരെ മക്ക അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളില്‍ നിന്ന് തിരിച്ചയക്കും.

സൗദി കുടുംബങ്ങളിലെ ഗാര്‍ഹിക തൊഴിലാളികള്‍, സൗദികളല്ലാത്ത കുടുംബാംഗങ്ങള്‍, മക്കയില്‍ ആസ്ഥാനമുള്ള സ്ഥാപനങ്ങളിലെ ജീവനക്കാര്‍, ഹജ് സീസണില്‍ മക്കയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലെ, അജീര്‍ സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്ത തൊഴിലാളികള്‍ എന്നിവര്‍ക്കാണ് മക്കയിലേക്ക് പ്രവേശിക്കാനുള്ള പെര്‍മിറ്റ് അനുവദിക്കുന്നത്. എന്‍ട്രി പെര്‍മിറ്റ് ജവാസാത്ത് ഡയറക്ടറേറ്റ് ഓണ്‍ലൈനായി അനുവദിച്ചു തുടങ്ങിയിട്ടുണ്ട്.

Legal permission needed