മലഞ്ചെരുവിലെ മായാലോകം; ഖോര്‍ഫക്കാന്‍ ഷീസ് പാര്‍ക്കിലെ വിശേഷങ്ങളറിയാം

✍🏻 ജുനൈദ് ഹസന്‍

ഖോർഫക്കാൻ. കുന്നിൻ ചെരുവിൽ പ്രകൃതിരമണീയ കാഴ്ച്ചകളൊരുക്കി സഞ്ചാരികളെ മാടി വിളിക്കുകയാണ് ഷാർജ ഖോര്‍ഫക്കാനിലെ ഷീസ് പാർക്ക്. മനോഹരമായ വെള്ളച്ചാട്ടവും പച്ച വിരിച്ച മൈതാനവുമൊക്കെയായി യാത്രാപ്രേമികള്‍ക്ക് ഏറെ ആനന്ദം നല്‍കുന്ന ഒരിടമാണിത്. ഹജർ പർവതനിരകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന ഈ പാർക്കിൽ അതിശയിപ്പിക്കുന്ന ഔട്ട്‌ഡോർ സൗകര്യങ്ങളുമുണ്ട്. ശൈത്യകാലങ്ങളില്‍ ഇവിടേക്കുള്ള റോഡ് യാത്ര മികച്ച ഒരു അനുഭവമാണ്.

ഷീസ് പാർക്കില്‍ എങ്ങനെ എത്തിച്ചേരാം

ഖോർഫക്കാനിലെ വാദി ഷീസിന് സമീപമാണ് പാർക്ക് സ്ഥിതി ചെയ്യുന്നത്. പാർക്കിൽ എത്തിച്ചേരാൻ ഷാര്‍ജയിലെ അൽ ഖാസിമിയയില്‍ നിന്ന് ഏകദേശം 45 മിനിറ്റും അജ്മാൻ നുഐമിയയില്‍ നിന്ന് 45-60 മിനിറ്റും ദുബയില്‍ നിന്ന് ഏകദേശം ഒന്നര മണിക്കൂറും സമയമെടുക്കും.
ദുബയിൽ നിന്ന് ഷാർജയുടെ ദിശയിൽ എമിറേറ്റ്‌സ് റോഡിലൂടെ (E611) ഡ്രൈവ് ചെയ്ത് ഖോർഫക്കാൻ റോഡിലേക്കുള്ള എക്‌സിറ്റില്‍ പ്രവേശിക്കുക. ഷീസ് ഏരിയയിലേക്ക് റാംപിൽ കയറുന്നതിന് മുമ്പ്, ഖോർഫക്കാൻ റോഡിലൂടെ ഏകദേശം 70 കിലോമീറ്റർ ദൂരം സഞ്ചരിക്കുക. തുടർന്ന് റൗണ്ട് എബൗട്ടിൽ നിന്ന് നേരെ മസാഫി റോഡിലൂടെ സഞ്ചരിച്ചാൽ ഷീസ് പാർക്കിലെത്താം.

പ്രവേശന നിരക്ക്

ഷീസ് പാർക്കിൽ പ്രവേശന ഫീസ് ഇല്ല. പാർക്കിലേക്കുള്ള പ്രവേശനം എല്ലാ സന്ദർശകർക്കും സൗജന്യമാണ്!

എന്തൊക്കെ കാണാം

11,362 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന പാർക്കായതിനാൽ ധാരാളം കാര്യങ്ങൾ ചെയ്യാനും ആസ്വദിക്കാനുമുണ്ട്. 25 മീറ്റർ ഉയരത്തിലുള്ള വെള്ളച്ചാട്ടമാണ് പ്രധാന ആകർഷണം. മനോഹരമായ തടാകത്തിലേക്ക് പതിക്കുന്ന ഈ വെള്ളച്ചാട്ടം മനുഷ്യനിർമിതിയാണ്. മലമുകളിലേക്ക് കയറിപ്പോകാനുള്ള പടവുകൾ കരിങ്കല്ല് പതിച്ച് മനോഹരമാക്കിയിട്ടുണ്ട്. പൂന്തോട്ടവും പുൽത്തകിടികളും സഞ്ചാരികൾക്ക് ഏറെ ആകർഷിക്കുന്ന രീതിയിലാണ് ഒരുക്കിയിട്ടുള്ളത്. പാർക്കിന് അടുത്ത് തന്നെയാണ് വാദി ഷീസും. പ്രധാന വ്യൂവിംഗ് ഡെക്കിലെത്തിയാല്‍ പാർക്കിന്റെയും ചുറ്റുമുള്ള പ്രദേശങ്ങളുടെയും അതിശയകരമായ കാഴ്ചകൾ ആസ്വദിക്കാം.
കുട്ടികള്‍ക്ക് ആസ്വദിക്കാനായി ധാരാളം കളിസ്ഥലങ്ങളും പാര്‍ക്കിന്റെ പ്രത്യേകതയാണ്. ചെറിയ റോപ് വേയും ഊഞ്ഞാലുകളും കൊണ്ട് വിശാലമായാണ് പാർക്ക് രൂപകൽപന ചെയ്തിരിക്കുന്നത്.

ബാർബിക്യൂ ചെയ്യാം

പാർക്കിലെത്തുന്നവര്‍ക്ക് ബാർബിക്യൂ ചെയ്യാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. വാരാന്ത്യങ്ങളിൽ വലിയ ഇവിടെ വലിയ തിരക്ക് അനുഭവപ്പെടുന്നു. കുടുംബങ്ങള്‍‌ക്കും സുഹൃത്തുകള്‍ക്കും ഒത്തുകൂടാന്‍ ധാരാളം ഇരിപ്പിടങ്ങളുമുണ്ട്. കോഫി, ലഘുഭക്ഷണങ്ങൾ ലഭിക്കുന്ന റെസ്റ്റോറന്റും പാര്‍ക്കിലുണ്ട്.

ഔട്ട്‌ഡോർ തിയേറ്റര്‍

70 പേരെ വരെ ഉൾക്കൊള്ളുന്ന ഒരു ഓപ്പൺ എയർ ആംഫി തിയേറ്ററും പാര്‍ക്കിലുണ്ട്.

സന്ദർശകര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പാര്‍ക്കിലെത്തിയാല്‍ നിയുക്ത സ്ഥലങ്ങളിൽ മാത്രമേ ബാർബിക്യൂ അനുവദനീയമാകൂവെന്നത് ഓർക്കുക. ക്യാമ്പിംഗ്, ഫുട്‌ബോൾ, ഷീഷ, കുതിരസവാരി, വേട്ടയാടൽ, നീന്തൽ തുടങ്ങിയ മറ്റ് പ്രവർത്തനങ്ങളും നായകളെയും അനുവദിക്കില്ല.
പാര്‍ക്കിനുള്ളിലേക്ക് വാഹനങ്ങൾ അനുവദനീയമല്ല. പാർക്ക് പരിസരത്തിന് പുറത്ത് വിശാലമായ കാർ പാർക്കിംഗ് സ്ഥലങ്ങളുണ്ട്.

പാര്‍ക്ക് ഒറ്റനോട്ടത്തില്‍

  • പർവത നടപ്പാതകൾ
  • കൃത്രിമ വെള്ളച്ചാട്ടം
  • തടാകം
  • ഔട്ട്‌ഡോർ തിയേറ്റർ
  • കാഴ്ച ഏരിയ
  • ബാര്‍ബിക്യൂ ഏരിയ
  • ഇരിപ്പിടം
  • കുട്ടികൾക്കുള്ള കളിസ്ഥലം
  • റെസ്റ്റോറന്റ്/കഫേ

Leave a Reply

Your email address will not be published. Required fields are marked *

Legal permission needed