തെന്മല. ‘വിനോദത്തോടൊപ്പം വിജ്ഞാനവും’ എന്നപേരിൽ തെന്മല ഇക്കോടൂറിസം അധികൃതർ കുട്ടികള്‍ക്കായി പഠനക്യാമ്പ് ഒരുക്കുന്നു. കാനന സൗന്ദര്യം ആസ്വദിക്കുന്നതോടൊപ്പം മലഞ്ചെരിവുകളിൽ നിന്നെത്തുന്ന ചെറു അരുവികൾക്കരികിലൂടെയുള്ള ട്രെക്കിംഗും രാത്രിയുടെ തണുപ്പിൽ ഒരു ക്യാമ്പ് ഫയറും ഉള്‍പ്പെടെ വേറിട്ട അനുഭവമൊരുക്കുന്ന ഈ പഠന ക്യാമ്പ് മെയ് അഞ്ച് മുതൽ ഏഴ് വരെയാണ് നടക്കുന്നത്. 12നും 20നും ഇടയില്‍ പ്രായമുള്ള കുട്ടികൾക്കാണ് പ്രവേശനം. ഒരാൾക്ക് 2,200 രൂപയാണ് ഈടാക്കുന്നത്. ഒറ്റക്കൽ ലുക്കൗട്ടിന് സമീപമുള്ള എണ്ണപ്പനത്തോട്ടം കാൽനടയായി സന്ദർശിക്കുന്നതിനൊപ്പം ഇക്കോ ടൂറിസത്തിന്റെ പ്രത്യേക ആകർഷണമായ അഡ്വഞ്ചർ സോണിൽ സാഹസിക വിനോദം, ചിത്രശലഭ പാർക്ക് സന്ദർശനവും പക്ഷിനിരീക്ഷണവും, രാത്രിയിൽ മ്യൂസിക്കൽ ഫൗണ്ടൻ, ലൈറ്റ് ആൻഡ് സൗണ്ട് ഷോ തുടങ്ങിയവയും ആസ്വദിക്കാം.
ടൂറിസം അധികൃതരുടെ വാഹനത്തിൽത്തന്നെ പാലരുവി ജലപാതം, ബോർഡിലോൺ തേക്കുതോട്ടം, പതിമ്മൂന്നുകണ്ണറ റെയിൽവേപ്പാലം തുടങ്ങിയവ സന്ദർശിക്കാനും അവസരമുണ്ട്. പഠനക്ലാസ് തുറസ്സായ സ്ഥലത്താണ് നടത്തുന്നതെന്ന പ്രത്യേകതയുമുണ്ട്.