കൊല്ലം. തങ്കശ്ശേരിക്ക് പുതിയ മുഖവുമായി ബ്രേക്ക് വാട്ടർ ടൂറിസം പാർക്ക് നാടിന് സമർപ്പിച്ചു. മന്ത്രി പി എ മുഹമ്മദ് റിയാസാണ് ഉദ്ഘാടനം നിർവഹിച്ചത്. 400 പേർക്ക് ഇരിക്കാവുന്ന ഓപ്പൺ എയർ ഓഡിറ്റോറിയം, പുലിമുട്ടിനോടു ചേർന്ന് കടലിന്റെ സൗന്ദര്യം ആസ്വദിക്കാനായി ഇരിപ്പിടങ്ങളും കുട്ടികൾക്കായി കളിസ്ഥലവും, ഉയരത്തിൽനിന്ന് കടൽക്കാഴ്ചകൾ ആസ്വദിക്കാൻ വ്യൂ ടവർ, സൈക്കിൾ സവാരിക്കുള്ള സൗകര്യം, റെസ്റ്റോറന്റ്, കോഫി ഷോപ്പുകൾ, കിയോസ്കുകൾ, റാമ്പ്, കൈവരി, സുരക്ഷാവേലിയോടു കൂടിയ നടപ്പാതകൾ, ടൂറിസ്റ്റ് ഇൻഫർമേഷൻ സെന്റർ, ടോയ്‌ലെറ്റ് ബ്ലോക്ക് എന്നിവ സജ്ജമാക്കിയിട്ടുണ്ട്.
ബോട്ടിങും വാട്ടർ സ്പോർട്സും ഇവിടെ ഏറെ വൈകാതെ ആരംഭിക്കും. ലൈറ്റ് ഹൗസിലേക്കും ബ്രേക്ക് വാട്ടർ ടൂറിസത്തിലേക്കും എത്തുന്ന സഞ്ചാരികളുടെ വാഹനം പാർക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ട്. ഈ മാസം 30 വരെ പ്രവേശനം സൗജന്യമായിരിക്കും. അതിനുശേഷം ഒരു മാസത്തേക്ക് 10 രൂപ നിരക്കിലാകും പ്രവേശന ഫീസ് ക്രമീകരിക്കുക.
പദ്ധതിയുടെ പ്രാരംഭ ഘട്ടമെന്നനിലയിൽ കുട്ടികളുടെ കളിസ്ഥലം, സൈക്കിൾ ട്രാക്ക്, കിയോസ്കുകൾ, ഇരിപ്പിടങ്ങൾ, പുലിമുട്ടിന്റെ സൗന്ദര്യവത്കരണം, ലാൻഡ്‌സ്കേപ്പിങ്, റാമ്പ്, ചെറുപാലം, സുരക്ഷാവേലി, പാർക്കിങ് സൗകര്യം എന്നിവ 2021ൽ പൂർത്തിയാക്കിയിരുന്നെങ്കിലും പലകാരണങ്ങളാൽ പ്രവേശനം അനുവദിച്ചിരുന്നില്ല.