ഊട്ടി. വിനോദ സഞ്ചാരികളുടെ പ്രധാന വേനല്‍കാല ടൂറിസ്റ്റ് കേന്ദ്രമായ ഊട്ടിയില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഈ ഏപ്രിലില്‍ സന്ദര്‍ശകരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. 56 ശതമാനം അധികം പേരാണ് കഴിഞ്ഞ മാസം ഊട്ടിയിലെത്തിയത്. ഗവ. ബോട്ടാനിക്കല്‍ ഗാര്‍ഡില്‍ മാത്രം ഒരു ലക്ഷത്തിലേറെ പേരാണ് ഇത്തവണ അധികമായി എത്തിയത്. 2022 ഏപ്രില്‍ 2,21,643 പേരാണ് എത്തിയിരുന്നതെങ്കില്‍ ഈ വര്‍ഷം ഏപ്രിലില്‍ 3,45,752 പേരാണ് എത്തിയത്. ഏപ്രില്‍ അവസാന വാരം മാത്രം ഒന്നര ലക്ഷം പേരാണ് എത്തിയതെന്നും ബോട്ടാനിക്കല്‍ ഗാര്‍ഡ് അധികൃതര്‍ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപോര്‍ട്ട് ചെയ്യുന്നു.
ഈ വര്‍ഷം ഏപ്രില്‍ ആദ്യം തൊട്ടു തന്നെ സന്ദര്‍കര്‍ എത്തിത്തുടങ്ങിയിരുന്നു. സാധരണ 7000 പേരാണ് പ്രതിദിനം ബോട്ടാനിക്കല്‍ ഗാര്‍ഡന്‍ സന്ദര്‍ശിക്കാറുള്ളത്. എന്നാല്‍ ഇത്തണ പ്രതിദിനം പതിനായിരത്തിലേറെ പേരെത്തി. തുടര്‍ച്ചയായി മഴ പെയ്തതും നല്ല കാലാവസ്ഥയും ടൂറിസ്റ്റുകളെ ഇങ്ങോട്ട് കൂടുതലായി ആകര്‍ഷിച്ചു.
ഏപ്രിലില്‍ റിസോര്‍ട്ടുകള്‍ക്കും മറ്റു വ്യാപാര സ്ഥാപനങ്ങള്‍ക്കും മികച്ച ബിസിനസ് ലഭിക്കുകയും ചെയ്തു. ഊട്ടി സന്ദര്‍ശകരെ കൊണ്ട് തിങ്ങിനിറഞ്ഞതോടെ ഹോട്ടലുകളിലും മറ്റുമെല്ലാം മുറികളും ബുക്കിങ് ഫുള്‍ ആയിരുന്നു.