ഷിംല. ഹിമാചല്‍ പ്രദേശിലെ കല്‍ക-ഷിംല TOY TRAIN റൂട്ടിലെ പത്ത് സ്റ്റേഷനുകള്‍ ഒഴിവാക്കി. യാത്രാ സമയം കുറയ്ക്കുന്നതിനാണ് ഈ നടപടി. കനോ, കഠ്‌ലീഘട്ട്, ഷോഗി, താരാദേവി, കഠ്‌ലിഘട്ട്, കുമാര്‍ഹട്ടി, സന്‍വാര, കോതി, ഗുമ്മം, തക്‌സല്‍ എന്നി സ്റ്റേഷനുകളില്‍ ഇന് ഈ പൈതൃക ട്രെയ്ന്‍ നിര്‍ത്തില്ല. UNESCO ലോക പൈതൃക പട്ടികയില്‍ ഇടംപിടിച്ച ഈ ചരിത്ര പാതയില്‍ ആകെ 18 സ്റ്റേഷനുകളാണുള്ളത്. പത്ത് സ്‌റ്റോപ്പുകള്‍ ഒഴിവാക്കിയതോടെ കല്‍ക്കയില്‍ നിന്ന് ഷിംലയിലേക്കുള്ള യാത്രാ സമയം 4.51 മണിക്കൂറായി കുറയും. നിലവില്‍ 5.17 മണിക്കൂറാണ് ഈ 94 കിലോമീറ്റര്‍ പൈതൃക പാതയിലെ യാത്രാ സമയം. സ്റ്റോപ്പുകള്‍ ഒഴിവാക്കിയുള്ള സര്‍വീസ് വിലയിരുത്തിയ ശേഷം തുടര്‍ നടപടികളുണ്ടാകും. പരീക്ഷണാടിസ്ഥാനത്തിലാണിത്.
പുതിയ ഷെഡ്യൂള്‍ പ്രകാരം പുലര്‍ച്ചെ 3.45ന് കല്‍ക്കയില്‍ നിന്ന് പുറപ്പെടുന്ന ടോയ് ട്രെയിന്‍ 8.55ന് ഷിംലയിലെത്തും. ഈ യാത്രയില്‍ കനോ, കഠ്‌ലിഘട്ട്, ഷോഗി, താരാ ദേവി എന്നീ സ്റ്റോപ്പുകളില്‍ നിര്‍ത്തില്ല. തിരിച്ച് ഷിംലയില്‍ നിന്ന് രാവിലെ 10.55ന് പുറപ്പെടുന്ന ട്രെയിന്‍ വൈകീട്ട് 4.35ന് കല്‍ക്കയില്‍ എത്തിച്ചേരും. ഈ യാത്രയില്‍ കഠ്‌ലിഘട്ട്, കുമാര്‍ഹട്ടി, സന്‍വാര, കോതി, ഗു്മ്മം, തക്‌സല്‍ എന്നീ സ്റ്റോപ്പുകളിലും നിര്‍ത്തില്ല. ഒറ്റ കോച്ചുള്ള റെയില്‍ മോട്ടോര്‍ കാറിനു പകരം ഏഴ് കോച്ചുകളുള്ള ട്രെയിനാണ് സര്‍വീസിനായി ഏര്‍പ്പെടുത്തിയിരിക്കുന്നത്. സ്റ്റോപ്പുകള്‍ കുറച്ചിട്ടുണ്ടെങ്കിലും കല്‍ക-ഷിംല റൂട്ടില്‍ ആറ് സര്‍വീസുകള്‍ ഉണ്ടായിരിക്കും.
ജൂലൈയിലും ഓഗസ്റ്റിലുമുണ്ടായ കനത്ത മഴയിലും പ്രളയത്തിലും ഈ പൈതൃക ട്രെയിന്‍ പാതയിലുടനീളം കനത്ത നാശനഷ്ടങ്ങളുണ്ടായിരുന്നു. പാതയില്‍ മുന്നൂറിലേറെ സ്ഥലങ്ങളില്‍ അറ്റക്കുറ്റപ്പണികള്‍ വേണ്ടി വന്നു. പാത പൂര്‍വ്വസ്ഥിതിയിലാക്കിയ ശേഷം ആറ് ടോയ് ട്രെയിനുകളും ഒരു റെയില്‍ മോട്ടോര്‍ കാറും സെപ്തംബറില്‍ സര്‍വീസ് പുനരാരംഭിച്ചിരുന്നു.