ന്യൂ ദല്‍ഹി. ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയം ഇനി ഇന്ത്യയിലായിരിക്കും. തലസ്ഥാന നഗരമായ ദല്‍ഹിയില്‍ വരാനിരിക്കുന്ന യുഗെ യുഗീന്‍ ഭാരത് നാഷനല്‍ മ്യൂസിയം (Yuge Yugeen Bharat National Museum) ഇന്ത്യയുടെ 5000 വര്‍ഷത്തെ ചരിത്ര പാരമ്പര്യത്തിന്റെ പ്രദര്‍ശന കേന്ദ്രമായി മാറും. എട്ടു തീമുകളിലായാണ് ഇവിടെ സാംസ്‌കാരിക, ചരിത്ര പൈതൃകങ്ങളുടെ വിവരണം ഒരുക്കുന്നത്. പാര്‍ലമെന്റ് സമുച്ചയത്തിലെ നോര്‍ത്ത് ബ്ലോക്കും സൗത്ത് ബ്ലോക്കും ഉള്‍പ്പെടുത്തിയാണ് പുതിയ മ്യൂസിയം സ്ഥാപിക്കുക. 1.17 ലക്ഷം ചതുരശ്രമീറ്റര്‍ വിസ്തൃതിയും 950 മുറികളും ബേസ്‌മെന്റ് അടക്കം മൂന്ന് നിലകളും ഉള്‍പ്പെട്ടതാണിത്. 27 ഏക്കർ സ്ഥലത്താണ് ഈ രണ്ട് ബ്ലോക്കുകളും സ്ഥിതി ചെയ്യുന്നത്.
പുതിയ മ്യൂസിയത്തിന്റെ വിര്‍ച്വല്‍ കാഴ്ചകള്‍ മേയില്‍ പ്രധാനമന്ത്രി പ്രകാശനം ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ഭാരത് മണ്ഡപം എന്ന പേരില്‍ പുതിയ ഇന്റര്‍നാഷനല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ ഉദ്ഘാടനം വേളയിലാണ് പുതിയ മ്യൂസിയത്തിന്റെ പേരും വിശദാംശങ്ങളും പുറത്തുവിട്ടത്.
പുരാതന ഇന്ത്യന്‍ വിജ്ഞാനീയം, പുരാതന കാലം തൊട്ട് മധ്യകാലം വരെ, മധ്യകാലം, മധ്യകാലം തൊട്ട് പരിവര്‍ത്തന ഘട്ടം വരെ, ആധുനിക ഇന്ത്യ, കോളനി ഭരണം, സ്വാതന്ത്ര്യ സമര പോരാട്ടം, 1947 തൊട്ടുള്ള 100 വര്‍ഷം, ഭാവി തുടങ്ങി ചരിത്ര കാലഘട്ടങ്ങളെ വേര്‍ത്തിരിച്ചാണ് ഈ മ്യൂസിയത്തില്‍ അവതരിപ്പിക്കുകയെന്ന് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ദല്‍ഹി ജന്‍പഥിലുള്ള നാഷനല്‍ മ്യൂസിയത്തിലെ പുരാവസ്തുക്കളും ചരിത്ര പ്രാധാന്യമുള്ള ശേഖരങ്ങളും പുതിയ മ്യൂസിയത്തിലേക്ക് മാറ്റാനാണു പദ്ധതി. പുതിയ മ്യൂസിയം വരാനിരിക്കുന്ന സൗത്ത് ബ്ലോക്കില്‍ ഇപ്പോള്‍ വിദേശകാര്യ മന്ത്രാലയം, പ്രതിരോധ മന്ത്രാലയം, പ്രധാനമന്ത്രിയുടെ ഓഫീസ് എന്നിവയും നോര്‍ത്ത് ബ്ലോക്കില്‍ ധനമന്ത്രാലയവുമാണ് പ്രവര്‍ത്തിക്കുന്നത്. രണ്ടു ബ്ലോക്കുകളിലേയും എല്ലാ സർക്കാർ ഓഫീസുകളും പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഭാഗമായി പണിയുന്ന കേന്ദ്ര സെക്രട്ടേറിയറ്റ് കെട്ടിടങ്ങളിലേക്ക് മാറ്റുമെന്ന് നേരത്തെ സർക്കാർ വ്യക്തമാക്കിയിരുന്നു.
ഇവിടെ പുതിയ പേരില്‍ പുതിയ ദേശീയ മ്യൂസിയം വരുന്നതോടെ 1955 മേയ് 12ന് അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു തറക്കല്ലിട്ട നിലവിലെ നാഷനല്‍ മ്യൂസിയം ഓര്‍മയാകും. കര്‍ത്തവ്യപഥ് എന്നു പേരുമാറ്റിയ രാജ്പഥിലാണ് ഇപ്പോഴത്തെ നാഷനല്‍ മ്യൂസിയം സ്ഥിതി ചെയ്യുന്നത്.