കശ്മീരില്‍ മഞ്ഞില്ല, വിനോദ സഞ്ചാരികള്‍ മടങ്ങുന്നു; എന്താണ് സംഭവിച്ചത്?

no snowfall in gulmarg trip updates

വിന്റര്‍ സീസണില്‍ മഞ്ഞില്‍ പുതയുന്ന കശ്മീരിലേക്ക് വിനോദ സഞ്ചാരികൾ ഒഴുകിയെത്തുക പതിവാണ്. എന്നാല്‍ ഇത്തവണ സ്ഥിതിഗതികള്‍ മാറിമറിഞ്ഞിരിക്കുകയാണ്. പതിറ്റാണ്ടുകള്‍ക്ക് ശേഷം കശ്മീരില്‍ മഞ്ഞു വീഴ്്ചയില്‍ വന്‍ ഇടിവുണ്ടായതോടെ ലോക പ്രശസ്ത മഞ്ഞു വിനോദ കേന്ദ്രമായ ഗുല്‍മര്‍ഗിനെ പോലും വിനോദ സഞ്ചാരികള്‍ കൈയ്യൊഴിയുകയാണ്. വിനോദ സഞ്ചാരികളും പ്രാദേശിക ടൂര്‍ ഓപറേറ്റര്‍മാരും ഹോട്ടല്‍ നടത്തിപ്പുകാരും ടൂറിസത്തെ ചുറ്റിപ്പറ്റിയുള്ള ചെറുകിട കച്ചവടക്കാരുമെല്ലാം വലിയ നിരാശയിലാണ്.

മഞ്ഞു വീഴ്ചയില്‍ 80 ശതമാനം വരെയാണ് കുറവുണ്ടായിരിക്കുന്നത്. പടിഞ്ഞാറന്‍ ഹിമാലയ നിരകളിലെ പ്രധാന താഴ്‌വരയായ ഗുല്‍മര്‍ഗ് മഞ്ഞില്ലാതെ വരണ്ടു കിടക്കുകയാണ്. ഒറ്റപ്പെട്ട ചെറിയ തുരുത്തുകളായി പേരിനു മാത്രമാണ് മഞ്ഞുള്ളത്. ഇവിടെ എത്തിയ വിനോദ സഞ്ചാരികള്‍ വേഗം മടങ്ങുകയും ചെയ്യുന്നു. ഒന്നോ രണ്ടോ ദിവസമൊക്കെ ടൂറിസ്റ്റുകള്‍ ഇവിടെ ചെലവിട്ടിരുന്നു. ഇപ്പോള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ സ്ഥലം വിടുകയാണ്. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ വിദേശികള്‍ ഉള്‍പ്പെടെ 96,000ലേരെ വിനോദ സഞ്ചാരികളാണ് ഗുല്‍മര്‍ഗ് സന്ദര്‍ശിച്ചതെന്ന് സര്‍ക്കാര്‍ കണക്കുകള്‍ പറയുന്നു. ഇത്തവണ ഔദ്യോഗിക കണക്കുകളൊന്നും പുറത്തു വന്നിട്ടില്ലെങ്കിലും, ഇതുവരെ 60 ശതമാനത്തോളം ഇടിവുണ്ടായി എന്നാണ് കണക്കാക്കപ്പെടുന്നത്.

ടൂറിസം വരുമാനത്തിലും വലിയ ഇടിവുണ്ടായി. മഞ്ഞില്ലെന്ന വാര്‍ത്ത പരന്നതോടെ കശ്മീര്‍ ട്രിപ്പുകള്‍ കാന്‍സല്‍ ചെയ്യുന്നതും വര്‍ധിച്ചതായി ടൂര്‍ ഓപറേറ്റര്‍മാര്‍ പറയുന്നു. സാധാരണ ഡിസംബര്‍, ജനുവരി മാസങ്ങളില്‍ ഇതായിരുന്നില്ല സ്ഥിതി. സീസണില്‍ ഏറ്റവും കൂടുതല്‍ ടൂറിസ്റ്റുകള്‍ എത്തുന്നതും മികച്ച വരുമാനം ലഭിക്കുന്നതുമായ മാസങ്ങളാണിത്.

ടൂറിസത്തെ മാത്രം ആശ്രയിച്ച് ഉപജീവനം നടത്തിയിരുന്ന നിരവധി പേര്‍ ആശങ്കയിലാണ്. ഗുല്‍മര്‍ഗില്‍ മഞ്ഞിലൂടെ സ്‌കീയിങ് നടത്താന്‍ 1000 രൂപ മുതല്‍ 1500 രൂപ വരെ ഈടാക്കിയിരുന്നത് 200 രൂപയായി ഇടിഞ്ഞിട്ടുണ്ട്. മഞ്ഞില്ലെന്നതു തന്നെ കാരണം. സാഹസിക ടൂറിസം സംരംഭകര്‍ക്കും കച്ചവട സ്ഥാപനങ്ങല്‍ക്കും 60 ശതമാനം വരെ ഇതിനകം നഷ്ടം സംഭവിച്ചതായാണ് റിപോര്‍ട്ട്.

എന്താണ് സംഭവിച്ചത്

കാലാവസ്ഥാ വ്യതിയാനവും എല്‍ നിന്യോ പ്രതിഭാസവുമാണ് കശ്മീരിലും ലഡാക്കിലും മഞ്ഞുവീഴ്ച അസാധാരണമായി കുറയാന്‍ കാരണമെന്ന് കാലാവസ്ഥാ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഹിമപാതത്തിന്റെ പാറ്റേണുകളെ ഈ കാലാവസ്ഥാ പ്രതിഭാസങ്ങള്‍ പ്രതികൂലമായി ബാധിക്കുന്നു. നിലവിലെ സ്ഥിതി ഏതാനും മാസങ്ങള്‍ കൂടി നീണ്ടുനില്‍ക്കാന്‍ സാധ്യതയുമുണ്ട്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കശ്മീരില്‍ മഞ്ഞുവീഴ്ചയില്‍ നേരിയതെങ്കിലും സ്ഥിരമായ കുറവുണ്ട്. താപനില ഉയരുന്നതാണ് ഇതിനു കാരണമെന്ന് കശ്മീരിലെ ഇസ്ലാമിക് യൂനിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജിയിലെ ശാസ്ത്രജ്ഞന്‍ ശക്കില്‍ അഹമദ് റൊംഷൂ പറയുന്നു. ഇതു ടൂറിസത്തെ മാത്രമല്ല കൃഷിയേയും കുടിവെള്ള ലഭ്യതയേയും ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. വരണ്ട വിന്റര്‍ ഫെബ്രുവരിയിലും തുടര്‍ന്നാല്‍ വേനല്‍കാലത്ത് കശ്മീരിലെ ജലാശയങ്ങളിലെ വെള്ളം കാര്യമായി കുറയുമെന്ന് അദ്ദേഹം പറഞ്ഞു.

Legal permission needed