TITANIC കാണാന്‍ പോയി മുങ്ങിയ TITAN മുങ്ങിക്കപ്പലിന് എന്തു സംഭവിച്ചു?

നോര്‍ത്ത് അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ അടിത്തട്ടില്‍ പതിറ്റാണ്ടുകള്‍ക്കു മുമ്പ് മുങ്ങിയടിഞ്ഞ ആഡംബര കപ്പലായ ടൈറ്റാനിക്കിന്റെ (Titanic) അവശിഷ്ടങ്ങള്‍ നേരിട്ടു കാണാനായി അഞ്ച് വിനോദയാത്രികരുമായി പുറപ്പെട്ട് കാണാതായ ടൈറ്റന്‍ (Titan) എന്ന ചെറുമുങ്ങിക്കപ്പലിനായുള്ള തിരച്ചില്‍ വന്‍ സന്നാഹങ്ങളുമായി തുടരുകയാണ്. യുഎസിന്റേയും കാനഡയുടേയും നാവിക, വ്യോമ സേനകളും കോസ്റ്റ് ഗാര്‍ഡുകളും മറ്റ് ഏജന്‍സികളും സംയുക്തമായാണ് തിരച്ചില്‍ നടത്തി വരുന്നത്. കാനഡയിലെ ന്യൂഫൗണ്ട്‌ലാന്‍ഡിലെ സെന്റ് ജോണ്‍സ് തീരത്തു നിന്നാണ് ടൈറ്റന്‍ യാത്രികള്‍ പുറപ്പെട്ടത്. സമുദ്രോപരിതലത്തില്‍ നിലയുറപ്പിച്ച പോളാര്‍ പ്രിന്‍സ് എന്ന കപ്പലില്‍ നിന്നാണ് ഞായറാഴ്ച രാവിലെ ഈ ചെറു മുങ്ങിക്കപ്പല്‍ കടലിന്റെ അടിത്തട്ടിലേക്ക് യാത്ര തുടങ്ങിയത്. പിന്നീട് ബന്ധം മുറിയുകയും ടൈറ്റനെ കുറിച്ച് ഒരു വിവരവും ലഭിക്കാതാകുകയുമായിരുന്നു. നാലു ദിവസത്തേകുള്ള ഓക്‌സിജന്‍ മാത്രമാണ് ടൈറ്റന്‍ മുങ്ങിക്കപ്പലില്‍ ഉള്ളത്.

ഓഷ്യന്‍ഗേറ്റ് (OceanGate) എക്‌സപഡീഷന്‍സ് എന്ന കമ്പനി സംഘടിപ്പിക്കുന്ന എട്ടു ദിവസം നീളുന്ന വിനോദ യാത്രയുടെ ഭാഗമാണ് കടലിന് അടിത്തട്ടിലെ ടൈറ്റനിക് അവശിഷ്ടങ്ങള്‍ സന്ദര്‍ശിക്കല്‍. ഇതിനായി 400 നോട്ടിക്കല്‍ മൈല്‍ (1450 കിലോമീറ്റര്‍) ആഴത്തിലേക്ക് മുങ്ങണം. ഇതിന് രണ്ടു മണിക്കൂര്‍ സമയമെടുക്കും. കാണാതായ മുങ്ങിക്കപ്പൽ ഒരു മണിക്കൂറും 45 മിനിറ്റും പിന്നിട്ട ശേഷമാണ് മാതൃകപ്പലുമായുള്ള ബന്ധം നഷ്ടപ്പെട്ട് കാണാതായത്. ഒരു നിലയ്ക്കും ബന്ധം പുനസ്ഥാപിക്കാന്‍ കഴിയാതെ വന്നതോടെ വിവരം പുറംലോകത്തെ അറിയിക്കുകയും ഉടന്‍ തിരച്ചില്‍ ആരംഭിക്കുകയും ചെയ്യുകയായിരുന്നു.

ആരൊക്കെയാണ് ആ അഞ്ച് വിനോദയാത്രികർ

എന്താണ് ഈ ചെറു മുങ്ങിക്കപ്പലിന് സംഭവിച്ചതെന്ന് ഒരു വിവരവുമില്ല. അഞ്ചു പേരാണ് ഇതിലെ യാത്രക്കാര്‍. ഒരാള്‍ ടൈറ്റന്‍ നിയന്ത്രിക്കുന്ന പൈലറ്റാണ്. യുഎഇയില്‍ കഴിയുന്ന ബ്രിട്ടീഷ് കോടീശ്വരന്‍ ഹമിഷ് ഹര്‍ഡിങ്, പാക്കിസ്ഥാനി വ്യവസായി ഷഹ്‌സാദ ദാവൂദ്, മകന്‍ സുലെയ്മാന്‍ ദാവൂദ് എന്നിവരാണ് കാണാതായവരില്‍ മൂന്ന് പേര്‍. ഡൈവര്‍ പോള്‍ ഹെന്റിക്കൊപ്പം ടൈറ്റാനിക് അവശിഷ്ടങ്ങള്‍ കാണാന്‍ പുറപ്പെടുന്നതായി ഹമിഷ് ശനിയാഴ്ച സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു. ഇവരില്‍ അഞ്ചാമന്‍ ആരെന്നു വ്യക്തമായിട്ടില്ല.

തിരച്ചിൽ വെല്ലുവിളി നിറഞ്ഞത്

കാണാതായ ടൈറ്റന്‍ മുങ്ങിക്കപ്പലില്‍ 96 മണിക്കൂര്‍ വരെ കഴിയാനുള്ള ഓക്‌സജിനെ ഉള്ളൂവെന്ന് കോസ്റ്റ് ഗാര്‍ഡ് അധികൃതര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വെള്ളിയാഴ്ചയ്ക്കകം മുങ്ങിക്കപ്പലിനെ കണ്ടെത്താനായില്ലെങ്കില്‍ അഞ്ചു യാത്രികരുടെയും ജീവന്‍ അപകടത്തിലാകും. ഇവരെ കാണാതായ സമുദ്ര ഭാഗത്തെ ആഴവും ദൂരവുമാണ് തിരച്ചലിന് വലിയ വെല്ലുവിളി. വിദൂര സമുദ്ര മേഖലയും ഇവിടുത്തെ മോശം കാലാവസ്ഥയും തിരിച്ചില്‍ കൂടുതല്‍ സങ്കീര്‍ണമാക്കുന്നു. കാണാതായ ടൈറ്റനിലെ അക്കോസ്റ്റിക് പിന്‍ജര്‍ പോലുള്ള ഉപകരണങ്ങള്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ടോ എന്നും വ്യക്തമല്ല. ഇവ പ്രവര്‍ത്തിച്ചാലെ തിരച്ചില്‍ സംഘത്തിന് സ്ഥല സൂചനകള്‍ ലഭിക്കൂ.

എന്താണ് ടൈറ്റന്‍ എന്ന സബ്മേഴ്സിബിൾ

കാര്‍ബണ്‍ ഫൈബറും ടൈറ്റാനിയവും ഉപയോഗിച്ച് നിര്‍മിച്ച 23000 പൗണ്ട് ഭാരമുള്ള ചെറുമുങ്ങിക്കപ്പല്‍ ആണ് ടൈറ്റന്‍. സാധാരണ മുങ്ങിക്കപ്പലുകളെ (submarine) പോലെ അല്ല സബ്‌മേഴ്‌സിബിള്‍ (submersible) എന്നു വിളിക്കപ്പെടുന്ന ഇവ. ഇവയെ നിയന്ത്രിക്കാന്‍ സമുദ്രോപരിതലത്തില്‍ ഒരു മാതൃ കപ്പലുണ്ടാകും. ഈ കപ്പലില്‍ നിന്നാണ് സബ്‌മേഴ്‌സിബിള്‍ കടലിനടിയിലേക്ക് തൊടുത്തു വിടുന്നതും തിരികെ വീണ്ടെടുക്കുന്നതും. മാത്രമല്ല സബ്മറീനുകളെ അപേക്ഷിച്ച് പരിമിത സംവിധാനങ്ങളാണ് ഇതിലുള്ളത്. കടലിന് അടിയില്‍ ജിപിഎസ് ഇല്ലാത്തതിനാല്‍ ടെക്സ്റ്റ് മെസേജുകളായാണ് ഈ ചെറുമുങ്ങിക്കപ്പല്‍ മുകളിലുള്ള മാതൃകപ്പലിലേക്ക് വിവരങ്ങള്‍ കൈമാറുന്നത്.

2 thoughts on “TITANIC കാണാന്‍ പോയി മുങ്ങിയ TITAN മുങ്ങിക്കപ്പലിന് എന്തു സംഭവിച്ചു?

Leave a Reply

Your email address will not be published. Required fields are marked *

Legal permission needed