കൽപ്പറ്റ. മൺസൂൺ ടൂറിസം സീസണിൽ വയനാട്ടിലെത്തുന്ന വിനോദ സഞ്ചാരികൾക്ക് മഴയെ ആഘോഷമാക്കി മാറ്റാൻ ടൂറിസം വകുപ്പും വയനാട് ടൂറിസം ഓർഗനൈസേഷനും DTPCയും ചേർന്ന് മഴമഹോത്സവം സംഘടിപ്പിക്കുന്നു. സ്പ്ലാഷ് 2023 (Splash 2023) എന്ന പേരിൽ ജൂലൈ എട്ടു മുതൽ 15 വരെയാണ് വിപുലമായ ആഘോഷ പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്. ടൂറിസം സംരംഭകർക്ക് പുതിയ അവസരങ്ങളും ഈ ഉത്സവത്തോടെ തുറക്കും. മഡ്ഫൂട്ബോൾ, കയാക്കിങ്, ടൂറിസം സംരംഭകർക്കായി ബിസിനസ് മീറ്റ്, മാരത്തൺ തുടങ്ങി വൈവിധ്യമാർന്ന പരിപാടികളാണ് വയനാട്ടിൽ വിവിധയിടങ്ങളിലായി സംഘടിപ്പിക്കുന്നത്.
ജൂലൈ അഞ്ചിന് മാനന്തവാടി വള്ളിയൂർക്കാവിലും ആറിന് ബത്തേരി സപ്ത റിസോർട്ടിലും ഏഴ്, എട്ട്, ഒമ്പത് തീയതികളിൽ കാക്കവയലിലും മഡ്ഫുട്ബോൾ സംഘടിപ്പിക്കും. 10ന് സപ്ത റിസോർട്ടിൽ ബിസിനസ് മീറ്റ് സംഘടിപ്പിക്കും. കേരളത്തിനകത്തു നിന്നും പുറത്ത് നിന്നുമുള്ള നൂറിലേറെ സംരംഭകരും 600 ട്രാവൽ ഏജൻസികളും ഈ മീറ്റിൽ പങ്കെടുക്കും. 13ന് രാവിലെ ഒൻപതു മണിക്ക് കർളാട് തടാകത്തിൽ കയാക്കിങ് മത്സരം നടക്കും. 14, 15 തീയതികളിൽ വൈകീട്ട് ആറുമണിക്ക് പുളിയാർമല കൃഷ്ണഗൗഡർ ഹാളിൽ കലാപരിപാടികളും, 15ന് രാവിലെ ഏഴിന് കൽപ്പറ്റയിൽ മാരത്തണും സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.