കുറുവ ദ്വീപിൽ സുരക്ഷിത യാത്രയൊരുക്കി വി എസ് എസ് ഗൈഡുകൾ

കൽപ്പറ്റ. വയനാട്ടിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ കുറുവ ദ്വീപിൽ സഞ്ചാരികൾക്ക് സുരക്ഷിത യാത്രയൊരുക്കി വി എസ് എസ് ഗൈഡുകൾ. ആഴമേറിയ കയങ്ങളും വഴുക്കലുള്ള പാറക്കെട്ടുകളും പുഴയിലേക്ക് ചാഞ്ഞും ചരിഞ്ഞും നിൽക്കുന്ന മരങ്ങളും വിശ്രമിക്കാനെത്തുന്ന ചീങ്കണ്ണികളുമെല്ലാം അപകട ഭീഷണി ഉയർത്തുമ്പോഴും ഓരോ സഞ്ചാരിയുടെയും സുരക്ഷ പൂർണതോതിൽ നിറവേറ്റാൻ ഇവർ സുസജ്ജരാണ്. 40 വളണ്ടിയർമാരാണ് കുറുവ ടൂറിസം നിയന്ത്രിക്കുന്നത്.

വനംവകുപ്പിന്റെ മാർഗനിർദേശങ്ങൾ പാലിച്ച് വിവിധ തലങ്ങളിലുള്ള പരിശീലനം ലഭിച്ച ഇവർ എല്ലാവരും നീന്തല്‍ അറിയുന്നവരാണ്. അപകടമുണ്ടായാൽ നടത്തേണ്ട പ്രാഥമിക പരിശീലനം അഗ്നിരക്ഷാ സേന ഇവർക്ക് നൽകിയിട്ടുണ്ട്. സ്ട്രെച്ചറും ഫസ്റ്റ് എയ്ഡ് സംവിധാനങ്ങളും ദ്വീപിലുണ്ട്. മുളച്ചങ്ങാടത്തിലാണ് സഞ്ചാരികളെ ദ്വീപിലെത്തിക്കുന്നത്. പല തട്ടുകളിൽ കല്ലൻമുളകൊണ്ട് നിർമിച്ച ചങ്ങാടം മറിയില്ല. അക്കരെയിക്കരെ വലിച്ചുകെട്ടുന്ന വടവുമായി ബന്ധിച്ചാണ് ചങ്ങാടത്തിന്റെ നീക്കം.

60 പേർക്ക് യാത്രചെയ്യാവുന്ന ചങ്ങാടത്തിൽ 35 പേരെ മാത്രമേ പ്രവേശിപ്പിക്കൂ. 25 പേർ കയറുന്ന ചങ്ങാടത്തിലും പുഴയിൽ കറങ്ങുന്ന ചെറുചങ്ങാടത്തിലും യാത്ര ചെയ്യുന്നവർക്കു ലൈഫ് ജാക്കറ്റ് നിർബന്ധമാണ്. 75 ലൈഫ് ജാക്കറ്റ് ഇവിടെയുണ്ട്. കാറ്റുണ്ടെങ്കിലും ഇല്ലെങ്കിലും ചങ്ങാടങ്ങളിൽ ആരെയും നിർത്തി യാത്ര ചെയ്യിക്കില്ല. ഇപ്പോൾ കുറുവയിലേക്ക് 1150 പേർക്കാണ് പ്രവേശനം. മുഴുവൻ പേരും ചങ്ങാടത്തിൽ യാത്രചെയ്യുന്നുണ്ട്. ഇരട്ടിയാളുകളെത്തിയ സമയത്തും ഇവിടെ സവാരി സുരക്ഷിതമായിരുന്നു. അനധികൃതമായി പുഴയിലിറങ്ങിയ പലരും കബനിയുടെ കയങ്ങളിൽ അകപ്പെട്ടിരുന്നു. ദ്വീപിലെത്തുന്ന ഓരോരുത്തരുടെയും മേൽ വോളന്റിയർമാരുടെ കണ്ണുണ്ട്. സഞ്ചാരപഥത്തിൽ 150 മീറ്റർ ഇടവിട്ട് രണ്ട് പേർ വീതം കാവലുണ്ട്. പുഴയിലിറങ്ങുന്നവരെ അവർ കയറ്റിവിടും. സഞ്ചാരികൾക്ക് കുളിക്കാൻ അനുവദിച്ച സ്ഥലത്തും അപകടമൊഴിവാക്കാൻ വനിതകളടങ്ങിയ സുരക്ഷാ ജീവനക്കാരുണ്ട്.

കുറുവ ദ്വീപ് സന്ദർശിക്കാനും പഠിക്കാനുമെത്തുന്നവരിൽ ഭൂരിഭാഗം വിദ്യാർഥികളാണ്. അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണധികവും. അപകട സാധ്യതയൊന്നുമറിയാത്തവരുടെ സുരക്ഷയുറപ്പാക്കുന്നത് ഇവിടെ ജനിച്ച് പുഴയിൽ നീന്തിക്കളിച്ചു വളർന്ന ഗോത്രസമൂഹമാണ്. പ്രദേശത്തിന്റെ മുക്കും മൂലയും കൃത്യമായി അറിയുന്നവരാണിവര്‍. പാക്കം–കുറുവ വനസംരക്ഷണ സമിതി കുറുവയുടെ നിയന്ത്രണമേറ്റ ശേഷം അപകടമൊന്നുമുണ്ടായിട്ടില്ലെന്ന് സമിതി ഭാരവാഹികൾ പറയുന്നു.

നിയന്ത്രണം സഞ്ചാരികളെ വലക്കുന്നു

ദ്വീപില്‍ കൂടുതല്‍ നിയന്ത്രണമേർപ്പെടുത്തിയത് സഞ്ചാരികൾക്ക് തിരിച്ചടിയാണ്. അവധിക്കാലമായതിനാൽ ദിനംപ്രതി ആയിരങ്ങളാണ് കുറുവാദ്വീപിലെത്തുന്നത്. ഡി ടി പി സിക്ക് കീഴിലും വനംവകുപ്പിന് കീഴിലുമായി ദിനംപ്രതി 1,080 പേർക്ക് മാത്രമാണ് പ്രവേശനാനുമതി.
സാധാരണ ദിവസങ്ങളിൽ രാവിലെ 10.30ഓടെ ടിക്കറ്റുകൾ തീരും. അവധി ദിനങ്ങളിൽ രാവിലെ 8.30 ഓടെ ടിക്കറ്റ് വിതരണം പൂർത്തിയാകും. രാവിലെ ഏഴ് മുതലാണ് ടിക്കറ്റുകൾ വിതരണം ആരംഭിക്കുക. ഇതൊന്നുമറിയാതെ അയൽ സംസ്ഥാനങ്ങളിൽ നിന്നടക്കം എത്തുന്ന നൂറ്കണക്കിന് സഞ്ചാരികൾ ടിക്കറ്റ് ലഭിക്കാതെ മടങ്ങുകയാണ്.
2017ൽ രാഷ്ട്രീയമായ ചില തർക്കത്തെ തുടർന്ന് ദ്വീപ് അടച്ചിട്ടിരുന്നു. സർക്കാർ തലത്തിൽ നിരവധി തവണ നടത്തിയ ചർച്ചകൾക്കൊടുവിലാണ് രണ്ടിടങ്ങളിൽ നിന്നായി 540 ആളുകളെ വീതം പ്രവേശിപ്പിക്കാൻ അനുമതി നൽകിയത്.
അതിന് മുമ്പ് സഞ്ചാരികൾ പ്രവേശിക്കുന്നതിന് നിയന്ത്രണം ഉണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ നല്ല വരുമാനമായിരുന്നു ഡി ടി പി സിക്കും വനസംരക്ഷണ സമിതിക്കും ലഭിച്ചിരുന്നത്. പുൽപ്പള്ളി പാക്കം വഴിയും കാട്ടിക്കുളം പാൽവെളിച്ചം വഴിയുമായി രണ്ട് ഭാഗങ്ങളിലൂടെയാണ് കുറുവാദ്വീപിലേക്ക് പ്രവേശനമുള്ളത്.

ദ്വീപിനെ അറിയാം

കബനി നദിയിലെ നദീതടത്തിൽ 950 ഏക്കർ വിസ്തീർണമുള്ള ഒരു ദ്വീപ് സമൂഹമാണ് കുറുവാ ദ്വീപ്.
കേരളത്തിൽ നിന്നും കിഴക്കോട്ടൊഴുകുന്ന നദിയായ കബനിയുടെ പോഷക നദിയിലാണ് കുറുവ ദ്വീപ് സ്ഥിതി ചെയ്യുന്നത്. ജനവാസമില്ലാത്ത ദ്വീപാണിത്. സംരക്ഷിത മേഖലയായ ഇവിടെ പലവിധത്തിലുള്ള പക്ഷികളും ഔഷധ ചെടികളും സസ്യങ്ങളും വളരുന്നു. 150 ഓളം ചെറുദ്വീപുകളുടെ കൂട്ടമാണ് ഈ പ്രദേശം. അതുകൊണ്ടു തന്നെ കുറുവ ദ്വീപിന്റെ മുഖ്യഭാഗത്തേക്ക് പ്രവേശിക്കാൻ വെള്ളപ്പൊക്കമുള്ള അവസരങ്ങളിൽ വഞ്ചിയോ, മറ്റു സൗകര്യങ്ങളോ ആവശ്യമാണ്. പാറക്കെട്ടുകൾ നിറഞ്ഞ കൊച്ചരുവികളിലൂടെ കാൽനടയായി ദ്വീപുകളിലെല്ലാം എത്തിച്ചേരാവുന്നതാണ്.

റൂട്ട്

മാനന്തവാടിയിൽ നിന്നും 17 കിലോമീറ്ററാണ് കുറുവ ദ്വീപിലേക്കുള്ള ദൂരം. പലപ്പോഴും അടഞ്ഞ് കിടക്കുന്ന പ്രദേശമായത് കൊണ്ട് തന്നെ ജില്ലാ ടൂറിസം ഇൻഫർമേഷൻ നമ്പറിൽ വിളിച്ച് പോകാൻ ശ്രമിക്കുക.

Leave a Reply

Your email address will not be published. Required fields are marked *

Legal permission needed