വയനാട്ടില്‍ എയര്‍സ്ട്രിപ് എന്നു വരും? വീണ്ടും സ്ഥലപരിശോധന നടത്തി

കല്‍പ്പറ്റ. വയനാടിന്റെ ടൂറിസം സാധ്യതകള്‍ക്കും വികസനത്തിനും ഏറെ പ്രയോജനകരമായ എയര്‍സ്ട്രിപ് (Airstrip) നിര്‍മ്മിക്കുന്നതിനുള്ള സ്ഥലപരിശോധന വീണ്ടും നടന്നു. ഗതാഗതവകുപ്പ് സെക്രട്ടറി ബിജു പ്രഭാകര്‍ ഐഎഎസ്, കണ്ണൂര്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് (KIAL) എംഡി ദിനേശ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് എയര്‍സ്ട്രിപ്പിനായി പരിഗണിക്കുന്ന സ്ഥലത്ത് പരിശോധന നടത്തിയത്. ചെറു വിമാനങ്ങൾക്ക് ഇറങ്ങാനും പറന്നുയരാനുമുള്ള സൗകര്യങ്ങളാണ് എയര്‍സ്ട്രിപ്പില്‍ ഉണ്ടായിരിക്കുക.

സ്ഥലം അനുയോജ്യമാണോ എന്ന പ്രാഥമിക പരിശോധന മാത്രമാണ് നടന്നത്. ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ നിര്‍ദേശ പ്രകാരമാണിത്. പദ്ധതിയുടെ രൂപരേഖ സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ മന്ത്രിയുടെ അധ്യക്ഷതയില്‍ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഉള്‍പ്പെടുന്ന യോഗം ഉടന്‍ വിളിച്ചു ചേര്‍ക്കും.

ഏറെ നാളായി വയനാട് ജില്ലയുടെ ആവശ്യങ്ങളിലൊന്നാണ് എയര്‍ സ്ട്രിപ്. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ 2022ല്‍ 4.51 കോടി രൂപ ബജറ്റില്‍ വകയിരുത്തുകയും ചെയ്തിരുന്നു. 2013ല്‍ കേന്ദ്ര സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായും ചെറുവിമാനത്താവളം നിര്‍മ്മിക്കുന്നതിന് പനമരം ചീക്കല്ലൂരില്‍ സാധ്യതാ പഠനം നടത്തി സ്ഥലം അനുയോജ്യമാണെന്ന് കണ്ടെത്തിയിരുന്നു. വ്യവസായ വകുപ്പും ഇതിനെ പിന്തുണച്ചിരുന്നു. വയനാടിനു പുറമെ ഇടുക്കി ജില്ലയിലെ ഉടുമ്പന്‍ചോല അണക്കരയിലും എയര്‍ സ്ട്രിപിന് അനുയോജ്യമെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ പിന്നീട് കാര്യമായ തുടർ നടപടികളൊന്നും ഉണ്ടായില്ല.

അനുകൂല സാഹചര്യം ഒത്തുവന്നതിനു പിന്നാലെ നെല്‍കൃഷിയുള്ള വയല്‍ നഷ്ടമാകുമെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധങ്ങളും സമരവും ഉണ്ടായതോടെ ചീക്കല്ലൂരിലെ പദ്ധതി ഉപേക്ഷിക്കപ്പെടുകയായിരുന്നു.

Legal permission needed