✍🏻 വിമൽ കോട്ടയ്ക്കൽ
ഹാനോയ് എന്ന തലസ്ഥാന നഗരിയിൽ ഇനി ബാക്കിയുള്ളത് നഗര പരിസരം മാത്രം. അതിനായി ഒരു ടാക്സി അന്വേഷിച്ചു. അവർ പറഞ്ഞത് 75 ഡോളർ. മലയാളികളോടാ കളി, അതും മൽപ്രത്തുകാരോട്. ഞങ്ങൾ ഒരു ബൈക്ക് കിട്ടുമോ എന്ന് ഹോട്ടലിൽ അന്വേഷിച്ചു. അവർ ഉടനെ ഒരു ബൈക്ക് ടാക്സി റെഡിയാക്കി. ലൈസൻസ് പ്രശ്നമാവില്ലേ എന്നു ചോദിച്ചപ്പോൾ ടൂറിസ്റ്റുകളായതു കൊണ്ട് വേണ്ടെന്ന് ഹോട്ടലിലെ യുവതി പറഞ്ഞു. 15 മിനിറ്റ് കൊണ്ട് സാധനമെത്തി. സ്കൂട്ടറോ ബൈക്കോ എന്ന് തിരിച്ചറിയാനാവാത്ത ഒരു നായ്ക്കുറുക്കൻ! ഗിയറുണ്ട്, പക്ഷേ ക്ലച്ചില്ല. ഫുൾ ടാങ്ക് പെട്രോളടിച്ചാണ് ഞങ്ങളെ ഏൽപിച്ചത്. 24 മണിക്കൂറിന് വാടക രണ്ടര ലക്ഷം. നമ്മുടെ 875 രൂപ വരും. അങ്ങനെ യാത്ര തുടങ്ങി. റോഡു മുഴുവൻ ബൈക്കുകളാണ്. ചെറിയ പിള്ളേർ പോലും വണ്ടിയെടുത്തിറങ്ങുന്നു. തലങ്ങും വിലങ്ങും സിഗ്നലുകളുണ്ട്, എന്നാൽ ഇരുചക്രവാഹനക്കാർ അതൊന്നും നോക്കുന്നില്ല. വഴി ചോദിച്ചാൽ ഉത്തരം ആംഗ്യ ഭാഷ മാത്രം. കൊന്നാലും ഒരക്ഷരം പോലും ഇംഗ്ലീഷ് പറയില്ല എന്ന ഭാവം. ഹോട്ടലിൽ നിന്ന് ടൗണിൻ്റെ മാപ്പ് കിട്ടിയിരുന്നതിനാൽ അതും വെച്ചൊരുവിടലായിരുന്നു. നമ്മുടെ നാട്ടിലെപ്പോലെയല്ല, വലതു വശത്തുകൂടിയാണ് വണ്ടിയോടിക്കേണ്ടത്. ഫോർ വീലർ അടക്കമുള്ള വാഹനങ്ങളുടെ ഡ്രൈവിങ് സീറ്റ് ഇടതുഭാഗത്താണ്.
ഹോ ചി മിൻ്റെ ലോകം
വിയറ്റ്നാമിൻ്റെ ഗാന്ധിയായ ഹോ ചി മിൻ്റെ ശവകുടീരം സ്ഥിതി ചെയ്യുന്ന പ്രദേശത്തേക്കാണ് ആദ്യയാത്ര. ഏക്കർ കണക്കിന് സ്ഥലത്ത് പരന്നു കിടക്കുകയാണ്. പ്രസിഡൻഷ്യൽ പാലസ്, ഹോ ചി മിൻ പല ലോകനേതാക്കളുമായും ചർച്ച നടത്തിയ മുറികൾ, പോളിറ്റ് ബ്യൂറോ നടത്തിയ ഹാളുകൾ, കസേരകൾ, യുദ്ധസമയത്ത് അദ്ദേഹം ഉപയോഗിച്ച ഇരുമ്പ് ഹെൽമറ്റ്, കിടപ്പുമുറി അങ്ങനെ പലതും. ചരിത്ര കുതുകികൾക്ക് താത്പര്യമുണർത്തുന്നതാണ് ഇവിടത്തെ കാഴ്ചകൾ. മൈതാനത്തെ ഡിസ്പ്ലേ ബോർഡിൽ ‘ഹോ ഹോ ഹോചി മിൻ’ എന്ന ഗാനത്തിൻ്റെ ദൃശ്യാവിഷ്കാരം നടക്കുന്നു.
Also Read മലകൾക്കുള്ളിലൂടെ തോണിയാത്രയും ആകാശത്തെ അത്ഭുതലോകവും
തുടർന്ന് നേരേ വിയറ്റ്നാമിലെ അതിപുരാതന സർവകലാശാലയിലേക്ക്. ടെമ്പിൾ ഓഫ് ലിറ്ററേച്ചർ എന്നറിയപ്പെടുന്ന ഈ സർവകലാശാല 1400 കളിൽ നിർമിക്കപ്പെട്ടതാണ്. രാജാവിനെ ഭരണകാര്യങ്ങളിൽ സഹായിക്കാനുള്ള ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കാൻ പരീക്ഷ നടത്തിയിരുന്നു. 1442നും 1774നുമിടയിൽ 82 പരീക്ഷകൾ നടത്തി 1304 പേരെ തിരഞ്ഞെടുത്തതായ രേഖകളുണ്ട്. പരീക്ഷയെഴുതാൻ അർഹതയില്ലാത്തവരുടെ ലിസ്റ്റാണ് രസകരം. ക്രിമിനലുകൾ, സംഗീതജ്ഞർ, പാട്ടുകാർ, പിന്നെ ദുഖാചരണത്തിലിരിക്കുന്നവർ എന്നിവരെയാണ് അകറ്റിയത്. പ്ലേറ്റോ താൻ വിഭാവനം ചെയ്ത റിപ്പബ്ലിക്കിൽ കവികളേയും കലാകാരൻമാരേയും പ്രവേശിപ്പിക്കില്ലെന്ന് പറഞ്ഞിരുന്നു. അതിൻ്റെ മറ്റൊരു വകഭേദമായി ഇത്.
തീറ്റ ഇലയും പുല്ലും നൂഡിലും തന്നെ
നന്നായി വിശക്കാൻ തുടങ്ങിയിരുന്നു. ഭക്ഷണം തേടി ഒന്നലഞ്ഞു നോക്കി. എത്ര അലഞ്ഞാലും നമുക്ക് പറ്റിയത് കിട്ടില്ലെന്ന് അറിയുന്നതു കൊണ്ട് ഒരു അമ്മായിയുടെ തട്ടുകടക്ക് മുന്നിലിരുന്നു. ആദ്യം ഒരു പാത്രത്തിൽ പലതരം ഇലകൾ മുറിച്ചിട്ടത് കൊണ്ടു വെച്ചു. അത് തിന്നാൻ തന്നെയാണോ എന്ന് ഒന്നു സംശയിച്ചെങ്കിലും വിശപ്പിൻ്റെ കാഠിന്യം കൊണ്ട് വാരിത്തിന്നാൻ തുടങ്ങി. മൂന്നോ നാലോ തരം ഇലകൾ ഉണ്ടതിൽ. അരുചിയൊന്നുമില്ല താനും. അപ്പോഴേക്കും മറ്റൊരു കുഴിയൻ പാത്രത്തിൽ നൂഡിൽസും മറ്റെന്തൊക്കെയോ പച്ചക്കറികളും പുഴുങ്ങിയിട്ടത് എത്തി. പിന്നെ ആക്രമണം അതിനോടായി. രണ്ട് വടിക്കഷ്ണങ്ങളും തന്നിരുന്നു. അത് ആദ്യം തന്നെ മാറ്റി വെച്ചു. നമ്മുടെ ദോശയേയും ഇഡലിയേയും അപ്പത്തേയുമൊക്കെ മനസ്സിൽ ധ്യാനിച്ച് പന്നിവരട്ടി രാഗത്തിൽ ഒരു കാച്ചങ്ങട്ട് കാച്ചി. അര മണിക്കൂറോളം കെട്ടിമറിഞ്ഞാണ് അതൊന്ന് അകത്താക്കിയത്. കുറച്ചു സമാധാനമായപ്പോൾ വണ്ടിയെടുത്തിറങ്ങി.
തടവറയിലെ നടുങ്ങും കാഴ്ചകൾ
ഇനിയുള്ള കാഴ്ച്ച ഒട്ടും സന്തോഷം നൽകുന്നതല്ല. ഒരു ജനത സ്വന്തം രാജ്യത്തെ തടവറയിൽ നരകയാതനയനുഭവിച്ചതിൻ്റെ നേർ ചിത്രമാണത്. ഫ്രഞ്ച് അധിനിവേശ ശക്തികൾ വിയറ്റ്നാം ജനതയോട് ചെയ്ത ക്രൂരതയുടെ കഥകളാണ് ഈ ജയിലിൻ്റെ ഇരുണ്ട അറകൾക്ക് പറയാനുള്ളത്. എത്രയോ നിശ്വാസങ്ങൾ, നിലവിളികൾ, തേങ്ങലുകൾ, ഞരക്കങ്ങൾ… എല്ലാം ഇവിടത്തെ കൽച്ചുമരുകൾക്കുള്ളിൽ ഞെരിഞ്ഞു തീർന്നിരിക്കുന്നു. ഹൊ ആലോ പൊളിറ്റിക്കൽ ജയിൽ (Hỏa Lò Prison) ഇന്ന് രാഷ്ട്രം സംരക്ഷിച്ച് സൂക്ഷിച്ചിരിക്കുന്ന ഒരു ഓർമയാണ്.
കനത്ത ചുമരുകൾക്കുള്ളിൽ കുത്തിനിറക്കപ്പെട്ട തടവുകാർ. വെളിച്ചമോ ആവശ്യത്തിന് ശുദ്ധവായുവോ പോലും കിട്ടാൻ വഴിയില്ലാതെ വിളറി ദുർബലരായവർ. കൊടിയ കുറ്റം ആരോപിക്കപ്പെട്ടവരെ കാലുകൾ ഒരു നീണ്ട ഇരുമ്പുപട്ടക്കുള്ളിൽ കടത്തി പൂട്ടി വെക്കും. മലർന്ന് കിടക്കുകയോ ഇരിക്കുകയോ മാത്രം ചെയ്യാം. മറ്റൊരു തരത്തിലും അനങ്ങാനാവില്ല. ഒരു കൊച്ചുമുറിയിൽ അമ്പതിൽപ്പരം തടവുകാരുണ്ടാവും. ഇവർക്ക് മലമൂത്ര വിസർജനം ചെയ്യാൻ മുറിയിൽ ഒരറ്റത്ത് ഒരു മറയുമില്ലാതെ ഒരു ഉയർന്നതറ കെട്ടി കുഴിയുണ്ടാക്കിയിട്ടുണ്ട്. അതിലിരുന്ന് പരസ്യമായി വിസർജ്ജിക്കണം. താഴെ ഒരു ലോഹ ബക്കറ്റിൽ വീഴുന്ന വിസർജ്യം നിറഞ്ഞു കഴിഞ്ഞാൽ തടവുകാർ തന്നെ കോരിക്കളയണം. കുറച്ചു കൂടി ‘കൂടിയ കുറ്റം’ ചെയ്തവർക്ക് ഇതേപോലെ ഒരു കുടുസ്സ് മുറിയിൽ കിടക്കാം. ചുവരുകൾ കറുത്ത ടാറടിച്ച് കറുപ്പിച്ചിട്ടുണ്ട്. ഒരു തരി വെളിച്ചം കാണാൻ കഴിയാതെ വർഷങ്ങൾ ഏകാന്ത തടവ്.
തൊട്ടപ്പുറത്തായി മറ്റൊരു യന്ത്രം പ്രദർശിപ്പിച്ചിരിക്കുന്നു. തടവുകാരെ കഴുത്തു വെട്ടിക്കൊല്ലാനുള്ള യന്ത്രമാണ്. കഴുത്ത് ഒരു വട്ടത്തിലുള്ള ദ്വാരത്തിലൂടെ പുറത്തിട്ട് പൂട്ടും. മുകളിൽ തൂക്കിയിട്ട മൂർച്ചയുള്ള, ഭാരമേറിയ ബ്ലേഡ് കെട്ടഴിച്ച് താഴേക്കിടും. ഉടൽ അപ്പുറവും തല ഇപ്പുറവുമായി വീഴും. അങ്ങനെ ആയിരങ്ങളാണ് ഈ ജയിലിൽ നരകിച്ചു മരിച്ചത്. സ്ത്രീകൾക്കുള്ള തടവറകൾ വേറെത്തന്നെയുണ്ട്. അത്രത്തോളം ദുരിത പാതകൾ താണ്ടി നേടിയതാണ്ഓരോ വിയറ്റ്നാമിയുടേയും സ്വാതന്ത്ര്യം. ഇന്ത്യ പോലൊരു രാജ്യത്ത് ജീവിക്കുകയും ചരിത്രം പഠിക്കുകയും ചെയ്ത ഒരാൾക്ക് അവരെ എളുപ്പം മനസ്സിലാക്കാൻ കഴിയും.
തിളച്ചുമറിയുന്ന രാവുകൾ
രാത്രിജീവിതം ആഘോഷിക്കുന്നവരാണ് വിയറ്റ്നാമുകാർ. പല തെരുവുകളും വൈകുന്നേരമായാൽ കൂടുതൽ സജീവമാകും. അതിൽ പ്രധാനപ്പെട്ട ഒരു തെരുവാണ് ഹാങ് ദ്വാങ്. വിശാലമായ ഈ തെരുവിൽ അഞ്ചു മണിയോടെ വാഹന ഗതാഗതം നിലക്കും. മിനിറ്റുകൾ കൊണ്ട് റോഡിൻ്റെ നടുവിൽത്തന്നെ കിലോമീറ്ററുകൾ നീളത്തിൽ കച്ചവട കൂടാരങ്ങളുയരും. അതിൽ ഓരോന്നിലും വൈവിധ്യങ്ങളുടെ വിപണിനിരക്കും. ലോകത്തുള്ള സകല സാധനങ്ങളും ഇവിടെ നിരത്തിയിട്ടുണ്ടാകും. റോഡിൻ്റെ ഇരുവശങ്ങളിലുള്ള കച്ചവട സ്ഥാപനങ്ങൾ വേറേയും. അങ്ങനെ ഒരു തെരുവു മുഴുവൻ ആളുകൾ പാതിരാത്രി വരെ പുഴ പോലെയൊഴുകും. അത് ഒരു കാഴ്ച്ച തന്നെയാണ്. തിന്നും കുടിച്ചും വാങ്ങിച്ചും ഒരു ബഹളവുമില്ലാതെ അവരങ്ങനെ ആനന്ദിക്കും. 12 മണിയായാൽ ക്ഷണനേരം കൊണ്ട് ഈ കൂടാരങ്ങളെല്ലാം അഴിച്ചു മാറ്റും. സാധനങ്ങളെല്ലാം ചാക്കിലാക്കി മാറ്റിവെക്കും. ഒരു കടലാസു പോലും റോഡിൽ അവശേഷിക്കാത്ത വിധം റോഡ് വൃത്തിയാക്കും. അടുത്ത ദിവസം പുലർച്ചെ ഒന്നും സംഭവിക്കാത്ത മട്ടിൽ നഗരം ഉറക്കമുണരും. പിന്നെ സാധാരണ ജീവിതത്തിലേക്ക് വഴുതി വീഴും.
ജീവിതം ടെൻഷനടിച്ച്, പരാതിയും പായ്യാരവും പറഞ്ഞ് തീർക്കാനുള്ളതല്ലെന്ന് പഠിപ്പിക്കുകയാണിവർ. ഉള്ളതുകൊണ്ട് സന്തോഷിച്ച് ജീവിക്കാൻ ഈ ജനത നമ്മളോട് ആഹ്വാനം ചെയ്യുന്നു. വൈകുന്നേരമായാൽ അച്ഛനമ്മമാരും മക്കളുമെല്ലാം റോഡരികിലിറങ്ങി ചെറു സ്റ്റൂളുകളും കൊച്ചുമേശകളുമൊക്കെയിട്ട് തമാശ പറഞ്ഞും കളികളിൽ മുഴുകിയും ഭക്ഷണം കഴിച്ചും അങ്ങനെ ഇരിക്കുന്നതു കാണാം. കുടുംബ ജീവിതത്തിന് ഏറെ പ്രാധാന്യം കൊടുക്കുന്നവരാണ് വിയറ്റ്നാമുകാർ
ബുൻ ച എന്ന പ്രത്യേക വിഭവം
ഇനി രാത്രി ഭക്ഷണം കഴിക്കണം. വിയറ്റ്നാമിലെ ഒരു വിശേഷ വിഭവമാണ് ബുൻ ച എന്ന് ഇവിടെ നേരത്തേ വന്ന സുഹൃത്തുക്കൾ പറഞ്ഞു കേട്ടിട്ടുണ്ട്. അങ്ങനെ അതന്വേഷിച്ച് നടന്നു. ഒടുവിൽ കണ്ടെത്തി, 1969 മുതൽ പ്രവർത്തിക്കുന്ന ഒരു കട. ഓർഡർ ചെയ്തപ്പോൾ ചിക്കൻ ബുൻ ച ഇല്ല, പോർക്ക് മാത്രമേ ഉള്ളൂ എന്ന് കുഞ്ഞിക്കണ്ണുള്ള സുന്ദരി. എന്തായാലും പോരട്ടെ എന്ന് ഞങ്ങളും. ആദ്യം വന്നത് പതിവുപോലെ ഇലകളുടെ കൂമ്പാരമാണ്. പിന്നെ ഒരു കുഴിഞ്ഞ പിഞ്ഞാണപ്പാത്രത്തിൽ കഥാനായകനെത്തി. ഇളം മധുര മുള്ള വെള്ളം കലർന്ന പാനീയത്തിൽ, ചുട്ടെടുത്ത ചതുരരൂപത്തിലുള്ള പന്നിയിറച്ചിക്കഷ്ണങ്ങൾ. പിന്നെ എന്തൊക്കെയോ ഇലയും തണ്ടുമൊക്കെയുണ്ട്. മറ്റൊരു പാത്രത്തിൽ ഇടിയപ്പം പോലെ തോന്നിപ്പിക്കുന്ന ന്യൂഡിൽസ്. വേറൊരു പാത്രത്തിൽ നമ്മുടെ പഴം നിറവിനെ അനുസ്മരിപ്പിക്കുന്ന മറ്റൊരു വിഭവം. അതിൻ്റെ ഉള്ളിൽ തേങ്ങയും മറ്റെന്തൊക്കെയോ ഉണ്ട്. പിന്നെ ഒരു ചെറുപാത്രത്തിൽ വെളുത്തുള്ളി പൊടിയായി അരിഞ്ഞിട്ടിരിക്കുന്നു. മറ്റൊന്നിൽ വറ്റൽമുളക് ചതച്ച പോലൊരു സാധനം. ഇവിടെ ഒന്നിനും കറി എന്നൊരു സങ്കൽപമില്ല. പല രുചികളുള്ള ഒരു ദ്രാവകം മാത്രം.
Also Read വിയറ്റ്നാം: കൃശഗാത്രിയാം സുന്ദരി
എന്തായാലും ബുൻ ച കഴിച്ചില്ലെന്നൊരു ചീത്തപ്പേര് ഉണ്ടാവാൻ പാടില്ലെന്ന വാശിയോടെ ഞങ്ങൾ തുടങ്ങി. ചുട്ടെടുത്ത പന്നിക്കഷ്ണങ്ങൾ കൊള്ളാം. ബാക്കിയൊക്കെ കണക്കു തന്നെ. ഒരു മുക്കാൽ ഭാഗത്തോളം കഴിച്ചു തീർത്ത് ഞങ്ങൾ ആയുധം വെച്ച് കീഴടങ്ങി. പിന്നെ ഹോട്ടലിലേക്ക്… ഇന്നത്തോടെ ഹാനോയ് നഗരത്തിലെ ഞങ്ങളുടെ സഞ്ചാരം അവസാനിക്കുകയാണ്. നാളെ രാവിലെ നേരത്തേ ഫ്ലൈറ്റിൽ ഹോ ചി മിൻ സിറ്റിയിലെത്തണം. അങ്ങേയറ്റത്തുള്ള ആ നഗരത്തിലേക്ക് 1700 കി.മിയോളം ദൂരമുണ്ട്. (അവസാനിക്കുന്നില്ല)