✍🏻 വിമൽ കോട്ടയ്ക്കൽ
മെലിഞ്ഞ് നീണ്ട് സുന്ദരിയായ യുവതിയെപ്പോലെയാണ് വിയറ്റ്നാം (Vietnam). 1650 കി.മി നീളമുണ്ടെങ്കിലും വീതി പരമാവധി 200 കി.മി മാത്രം. അതിമനോഹരമായ കാഴ്ച്ചകളുടെ കേദാരം. വിമാനത്താവളത്തിൽ നിന്നു തന്നെ വിയറ്റ്നാം സിം കാർഡായ വിയടെൽ വാങ്ങി ഫോണിലിട്ടു. പിന്നെ ഞങ്ങൾ ഓൺലൈനായി ടൂറിന് ഏർപ്പാടാക്കിയ ടീം അയച്ച ഡ്രൈവറുടെ കൂടെ ഡലീക്ക എന്ന ഹോട്ടലിലേക്ക്. ചെറുതെങ്കിലും നല്ല വൃത്തിയും സൗകര്യവുമുണ്ട്. കിടന്ന് നന്നായി ഉറങ്ങി. രാവിലെ ഹോട്ടലിൽത്തന്നെ പ്രഭാത ഭക്ഷണമുണ്ട്. പല തരം പഴങ്ങൾ, കുഞ്ഞു തക്കാളി, ഒരുതരം പുലാവ്, പിന്നെ അൽപം പന്നി വറുത്തതും. വലിയ രുചിയൊന്നുമില്ലെങ്കിലും പരമാവധി കയറ്റി വിട്ടു.
ഇംഗ്ലീഷില്ല, ഞഞ്ഞാ പിഞ്ഞാ മാത്രം
ഒരു കാര്യത്തിൽ വിയറ്റ്നാമികളെ സമ്മതിച്ചേ പറ്റൂ, ഒറ്റയെണ്ണത്തിന് ഇംഗ്ലീഷറിയില്ല! പ്രധാന വിനോദ സഞ്ചാര കേന്ദ്രമായിട്ടും വിമാനത്താവളത്തിലെ ഉദ്യോഗസ്ഥർ മുതൽ ഡ്രൈവർമാർ, ഹോട്ടൽ ജീവനക്കാർ, കച്ചവടക്കാർ തുടങ്ങി എല്ലാവരും വിയറ്റ്നാമി ഭാഷയേ പറയൂ, അത്രയേ അവർക്ക് അറിയൂ. ഗൂഗിൾ ട്രാൻസലേറ്റർക്ക് നന്ദി, താങ്കളില്ലായിരുന്നുവെങ്കിൽ തെണ്ടിപ്പോവുമായിരുന്നു. അതിലെഴുതിയോ പറഞ്ഞോ കാണിച്ചു കൊടുക്കും, അപ്പോൾ മറുപടി പറയും.
ആദ്യ യാത്ര ഹലോങ് ബേയിലേക്ക്
ഒരു ബസ്സിലാണ് യാത്ര. പല ഹോട്ടലുകളിൽ നിന്ന് പല രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികളുണ്ട്. ഹലോങ് ബേ (Hạ Long Bay) മനോഹരമായ ഒരു കടൽക്കാഴ്ച്ചയാണ്. കടലിന് നടുവിൽ കൂറ്റൻ മലനിരകൾ, അവക്കിടയിലൂടെ ബോട്ടിൽ സഞ്ചാരം. മണിക്കൂറുകളോളം ചുണ്ണാമ്പു കല്ലുമലകളെ ചുറ്റി സഞ്ചരിക്കണം. അതിനിടയിൽ ബോട്ടിൽ വിഭവ സമൃദ്ധമായ ഭക്ഷണമുണ്ട്. കൂറ്റൻ മീൻ പൊരിച്ചുവെക്കും. പിന്നെ വരിവരിയായി, കൂന്തൾ, ചെമ്മീൻ, ചിക്കൻ, ചിക്കൻ റോൾ, തൊണ്ടോടെ പുഴുങ്ങിയ കടുക്ക, ഓംലെറ്റ് അടുക്കടുക്കാക്കി പ്രസ് ചെയ്തത്, ബിയർ, വൈൻ… അങ്ങനെ. സത്യം പറഞ്ഞാൽ ആ വലിയ ചെമ്മീനിനോടു പോലും സഹതാപം തോന്നിപ്പോകും. നമ്മുടെ തട്ടുകടകളിലെ രുചി ഭേദങ്ങളോട് മത്സരിക്കാൻ ഇവക്കൊന്നിനുമാകില്ല. എന്നാൽ ഭക്ഷണവും രുചിയുമെല്ലാം ശീലങ്ങളുടെ തീരുമാനമാണല്ലോ, അവർ പരിചയിച്ച രുചി ഇതാണെന്നു മാത്രം.

രണ്ടായിരത്തോളം ചെറു ദ്വീപുകളുണ്ട് ഹലോങ് ബേയിൽ. ചുറ്റം കാണുന്ന മലകൾ യുനസ്കോയുടെ സംരക്ഷിത പട്ടികയിലുള്ളതാണ്. മലകൾക്കുള്ളിലെ ഗുഹകളും. അത്ഭുതങ്ങളുടെ ലോകം തന്നെയാണ് ആ ഗുഹകൾ. മലമടക്കുകൾക്കുള്ളിൽ അതിവിശാലമായി അത് പരന്നു കിടക്കുന്നു. ചുണ്ണാമ്പുപാറകൾ ഒലിച്ചിറങ്ങി പല രൂപങ്ങൾ തീർത്തിട്ടുണ്ട്. പതിനായിരക്കണക്കിന് വർഷമെടുത്ത് പ്രകൃതി നടത്തുന്ന കലാപരിപാടിയാണ്. നല്ല തണുപ്പാണ് ഗുഹക്കുള്ളിൽ. ഒരു ഗുഹയിൽ നിന്ന് മറ്റൊന്നിലേക്ക് എന്ന മട്ടിൽ അതിവ്യാപിക്കുന്നു. 400 പടവുകൾ കയറി ഒരു മലയുടെ മുനമ്പത്തെത്തിയാൽ ചുറ്റുമുള്ള കാഴ്ച്ചകൾ അതി മനോഹരമാണ്. പ്രകൃതിയേക്കാൾ വലിയ അത്ഭുതങ്ങൾ മറ്റൊന്നുമില്ല എന്ന് ആ കാഴ്ച്ചകൾ നമ്മെ ഓർമിപ്പിച്ചു കൊണ്ടിരിക്കും.
മൈയും ഫോങ്ങും
ഞങ്ങളുടെ ഡ്രൈവറുടെ പേര് മൈ (ming) എന്നായിരുന്നു. ടൂർ ഗൈഡിൻ്റെ പേരാണെങ്കിൽ ഫോങ് (Phong) എന്നും. ഇരുവരും ചെറുപ്പക്കാരാണ്. 160 കി.മി ദൂരമുണ്ട് ഹാനോയിൽ നിന്ന് ഹാലോങ് ബേയിലേക്ക്. ഈ ദൂരമത്രയും തിരിച്ചും മൈ വായപൂട്ടിയിട്ടില്ല. ചറപറാ എന്ന് സംസാരിച്ചുകൊണ്ടേയിരിക്കുന്നു. പറയുന്നത് മുഴുവൻ ഫോങ്ങിനോടാണെങ്കിലും അവൻ മുക്കിയും മൂളിയും മാത്രം മറുപടി പറയുന്നു. മൈ യുടെ സംഭാഷണം ഞാൻ ശ്രദ്ധിച്ചു; ചീ, ഞ്ഞ്യാ, ഞ്ഞു, മീ, മ്യൂ… തുടങ്ങിയ ശബ്ദങ്ങൾ മാത്രം. ഒരക്ഷരം പോലും മനസ്സിലാവില്ല. ചൈനീസുമായി സാമ്യമുണ്ട്. എന്തെല്ലാം തരം ഭാഷകളാണ് ലോകത്ത് !
160 കി.മി ദൂരമുണ്ടെങ്കിലും അതിവിശാലമായ 6-4 വരിപ്പാതയായതിനാൽ യാത്ര സുഖകരമായിരുന്നു. ഹലോങ് ബേയെ അവർ സംരക്ഷിക്കുന്നത് നമ്മൾ കണ്ടു പഠിക്കേണ്ടതാണ്. അതുകൊണ്ടുതന്നെ ഓരോ ദിവസവും ആയിരങ്ങളാണ് ഇവിടെയെത്തുന്നത്. തോണിയാത്രക്ക് നേതൃത്വം കൊടുക്കുന്നവർ ഓരോരുത്തരും കൈയിൽ ഒരു കോരുവല കരുതും. തിരിച്ചു വരുമ്പോൾ കായലിലെ മാലിന്യം പരമാവധി കോരിക്കൊണ്ടുവരും. അങ്ങനെ കായലിനെ സംരക്ഷിക്കുന്നതിൽ അവരുടെ പൗരബോധവും വലിയൊരു പങ്കുവഹിക്കുന്നു.

ബസ്സിൽ കൂടെയുണ്ടായിരുന്ന ന്യൂയോർക്ക് കാരികളായ അമ്മക്കും മകൾക്കും ഇന്ത്യ കാണണമെന്ന് ആഗ്രഹമുണ്ട്. രണ്ടാഴ്ച കാണാൻ എന്തൊക്കെയുണ്ടെന്ന് ചോദിച്ചു. അവർക്ക് ഡൽഹിയും മുംബൈയും മാത്രമേ അറിയൂ… ഞാൻ അവരെ കേരളത്തിലേക്ക് ക്ഷണിച്ചു. രണ്ടാഴ്ച്ചയല്ല ,രണ്ടു മാസം കാണാനുള്ള കാഴ്ച്ചകളെക്കുറിച്ച് പറഞ്ഞു. പിന്നെ രാജസ്ഥാൻ, ഒറീസ, ഹിമാചൽ, വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ… തുടങ്ങിയ ഇന്ത്യയുടെ ബഹുസ്വര സംസ്കാരത്തെക്കുറിച്ചും പറഞ്ഞു. ഇംഗ്ലീഷിലായതു കൊണ്ട് അവർക്ക് വല്ലതും മനസ്സിലായിക്കാണുമോ എന്തോ?
രാത്രിഞ്ചരൻമാർ
തിരിച്ച് ഒമ്പതോടെ ഹോട്ടലിലെത്തിച്ചു. റൂമിൽ കയറി ബാഗുവെച്ച് ഉടനെ ഞങ്ങൾ തെരുവിൽ നടക്കാനിറങ്ങി. ഫുഡ് സ്ട്രീറ്റുകളാണ് കൂടുതലും. നടക്കുന്ന വഴികൾ പലയിടത്തും പലതായി പിരിയുന്നുണ്ട്. ലാൻഡ് മാർക്കൊക്കെ നോക്കി വെച്ചിട്ടും വഴി തെറ്റി കറങ്ങാൻ തുടങ്ങി. ഗൂഗിൾ അമ്മായിയെ അഭയം പ്രാപിച്ചു. അമ്മായിയും ഞങ്ങളെ കുറേ വട്ടം കറക്കി. ഈ കറങ്ങൽ കണ്ട് സംശയം തോന്നിയിട്ടാണോ എന്നറിയില്ല, ഒരു ചെറുപ്പക്കാരൻ സ്കൂട്ടർ നിർത്തി ലേഡീസ്? എന്നു ചോദിച്ചു. അവന് ആകെ അറിയുന്ന ഇംഗ്ലീഷാണ്. കാര്യം മനസ്സിലായപ്പോൾ ഞങ്ങൾ നോ എന്നു പറഞ്ഞു. അവൻ പോയി. ഉടനെ അടുത്തയാൾ വന്നു. അവൻ ഫോണിൽ ഒരു പെൺകുട്ടിയുടെ ചിത്രം കാണിച്ചാണ് ചോദിക്കുന്നത്. അവനിൽ നിന്നും രക്ഷപ്പെട്ട് ഞങ്ങൾ മുന്നോട്ടു തന്നെ നടന്നു. ദാ വരുന്നു അടുത്തയാൾ, അതൊരു പെൺകുട്ടി തന്നെയാണ്. എന്തൊക്കെയോ ചോദിച്ചു, പറഞ്ഞു… ഇതിന് പ്രത്യേകിച്ച് ഭാഷയൊന്നും ആവശ്യമില്ലാത്തതിനാൽ ഞങ്ങൾ നോ.. നോ താങ്ക്സ് എന്നും പറഞ്ഞ് നടപ്പു തുടർന്നു. അങ്ങനെ ഒടുവിൽ ഹോട്ടലിന് മുന്നിലെത്തി. (അവസാനിക്കുന്നില്ല)