✍🏻 വിമൽ കോട്ടയ്ക്കൽ
അടുത്ത ദിവസത്തെ യാത്ര ലുങ് ബിൻ എന്ന സ്ഥലത്തേക്കാണ്. 120 കി.മി ദൂരമുണ്ട്. റോഡുകളെല്ലാം നല്ലതായതു കൊണ്ട് ദൂരം പ്രശ്നമല്ല. ട്രെയിനിൽ ഇരിക്കുന്നതു പോലെ ഇരിക്കാം. ഈ സമയം കഴിഞ്ഞ വർഷം ഞങ്ങൾ നടത്തിയ നേപ്പാൾ യാത്ര ഓർമ വന്നു. ലുംബിനിയിൽ നിന്ന് പൊക്രാനിലേക്ക് പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ 16 മണിക്കൂർ!
ഞങ്ങളുടെ ഇത്തവണത്തെ വാഹനം ഒരു ട്രാവലർ സ്വഭാവവുള്ള നല്ല വണ്ടിയാണ്. അതിൽ ഞങ്ങളടക്കം ആറ് ഇന്ത്യാക്കാർ, പിന്നെ പെറു, ഫിലിപ്പീൻസ്, സ്പെയിൻ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവർ. ടൂർ ഗൈഡായി വിയൻ എന്നു പേരുള്ള ഒരു രസികൻ ചെറുപ്പക്കാരൻ. അവൻ സ്വയം പരിചയപ്പെടുത്തി. അഞ്ച് കൊല്ലം മുമ്പു വരെ ഒരു തരി ഇംഗ്ലിഷറിയില്ലായിരുന്നു. പിന്നെ ഈ പണിക്കു വേണ്ടി, കണ്ണാടിക്ക് മുമ്പിൽ നിന്ന് ഇംഗ്ലീഷ് പറഞ്ഞ് പഠിച്ചതാണത്രെ! നമ്മുടെയൊക്കെ വീട്ടിൽ എത്ര കണ്ണാടികൾ കിടക്കുന്നു, വല്ല കാര്യവുമുണ്ടോ?
യാത്രക്കിടയിൽ വിയൻ ഞങ്ങളെ വിയറ്റ്നാമി പഠിപ്പിക്കാൻ തുടങ്ങി. വിയറ്റ്നാമി പുരുഷൻമാരെ കണ്ടാൽ ഹായ് എന്ന് പറയുന്നതിന് പകരം പറയേണ്ടത് ‘ചാവോ അൻ’ എന്നാണ്. സ്ത്രീകളെയാണെങ്കിൽ ‘ചാവോ ചീ’ എന്നും. അൽപം ആദരവോടെ പറയുന്നതാണ്. ഇതിന് എത്രയാണ് വില എന്ന് ചോദിക്കാൻ “ബാവ് ന്യൂ ദിയൻ’ എന്ന് ചോദിച്ചാൽ മതി. പക്ഷേ തിരിച്ചെന്തെങ്കിലും പറഞ്ഞാൽ ഗൂഗിൾ ട്രാൻസ്ലേറ്ററിലിടേണ്ടി വരുമെന്ന് മാത്രം.
Also Read വിയറ്റ്നാം: കൃശഗാത്രിയാം സുന്ദരി
വിയറ്റ്നാമിലെ ആദ്യ രാജവംശമാണ് ലിങ് തിങ്ഹ്വാ. അവരുടെ സാമ്രാജ്യം സ്ഥിതിചെയ്തിരുന്ന ഇടത്തേക്കാണ് ആദ്യ യാത്ര. ‘ഹൊഅ ലു‘ എന്ന ഈ സ്ഥലം വിയറ്റ്നാമിൻ്റെ പുരാതന തലസ്ഥാനമായിരുന്നു. ദിങ് രാജവംശത്തിൻ്റേയും തുടർന്നു വന്ന ലേ വംശത്തിൻ്റേയുമൊക്കെ പഗോഡകൾ അവിടെയുണ്ട്. അതത് രാജാക്കൻമാരുടെ പ്രതിമയും ഉള്ളിൽ കാണാം. നിവേദ്യമായി ബിസ്ക്കറ്റും പഴങ്ങളുമൊക്കെ ഭക്തർ കൊണ്ടു വെച്ചത് കാണാം. നിക്കറിട്ട സ്ത്രീകൾക്ക് ഉള്ളിലേക്ക് കയറാൻ പാവാടപോലൊരു തുണി കൊടുക്കുന്നുണ്ട്. പുരുഷുക്കൾക്ക് എങ്ങനേയും കയറാം. ക്ഷേത്രത്തിനുള്ളിൽ കൂളിങ് ഗ്ലാസ്, തൊപ്പി എന്നിവ ധരിക്കാൻ പാടില്ല. എന്നാൽ ഷൂസും ചെരിപ്പുമൊക്കെ ഇടുകയും ചെയ്യാം. എത്ര മനോഹരമായ ആചാരങ്ങൾ.
അതിന് ശേഷം കുറേ ദൂരം സൈക്ലിങ്ങാണ്. ഒരു രാജ്യം വിനോദ സഞ്ചാരികൾക്ക് വ്യത്യസ്തമായ അനുഭവങ്ങൾ നൽകാൻ എത്രത്തോളം ജാഗ്രത കാണിക്കുന്നുവെന്നതിൻ്റെ തെളിവാണ് ഇതെല്ലാം. ഇരുവശങ്ങളിലും ആൽമരങ്ങൾ നട്ടുപിടിപ്പിച്ച മനോഹര പാതയിലൂടെ രണ്ടു കിലോമീറ്ററോളം എല്ലാവരും സൈക്കിൾ ചവിട്ടി.
മലകൾക്കുള്ളിലൂടെ മനം കവരും തോണിയാത്ര!
പടുകൂറ്റൻ ചുണ്ണാമ്പുകൽ മലകൾ നിറഞ്ഞ വിശാലമായ കായലിലൂടെയുള്ള തോണിയാത്ര അനിർവചനീയമായ അനുഭവമാണ്. വിയറ്റ്നാമിലെ ലോകപ്രശസ്തവും ഏറ്റവും പ്രധാനപ്പെട്ടതുമായ ടൂറിസ്റ്റ് മേഖലയാണിത്. ട്രാങ് ആൻ എന്നറിയപ്പെടുന്ന ഈ മേഖലക്ക് 12,252 ഹെക്ടർ വിസ്തീർണമുണ്ട്. 2014ൽ യുനസ്കോ വേൾഡ് ഹെറിറ്റേജ് സൈറ്റായി അംഗീകരിച്ചു. രണ്ടു മണിക്കൂറോളം കായലിൽ ചെലവഴിക്കുമ്പോൾ നാലോ അഞ്ചോ തവണ മലകൾക്കടിയിലെ വലിയ മാളങ്ങളിലൂടെ കടന്ന് അപ്പുറത്തെത്തും. ശ്രദ്ധിച്ചില്ലെങ്കിൽ തല മുകളിൽ തൂങ്ങിക്കിടക്കുന്ന പാറക്കൂമ്പുകളിൽ തട്ടി പൊട്ടും. തോണിക്കാരൻ ഇടക്കിടെ മുന്നറിയിപ്പു തരും, അപ്പോഴെല്ലാം നമ്മൾ വിനീതരായി തല കുനിച്ചു കൊടുക്കണം. അതൊരു വല്ലാത്ത യാത്രയായിരുന്നു, ഒരു പക്ഷേ ലോകത്ത് മറ്റൊരിടത്തും കിട്ടാനിടയില്ലാത്തതും.
ഡ്രാഗൺ മല; ആകാശത്തിലെ അത്ഭുതലോകം
അടുത്തതായി ഞങ്ങളെ കാത്തിരുന്നത് അതിനേക്കാൾ വലിയ അത്ഭുത ലോകമായിരുന്നു. അങ്ങോട്ടെത്താൻ നന്നായി വിയർക്കേണ്ടി വന്നു. ആകാശത്തോട് കിന്നരിച്ച് ഒരു പടുകൂറ്റൻ മല (Dragon Mountain). അതിൻ്റെ വലിപ്പം കണ്ടാൽ തിരിച്ചുപോരാൻ തോന്നുമെങ്കിലും സൗന്ദര്യം നമ്മെ അങ്ങോട്ടാകർഷിക്കും. 500 ചവിട്ടുപടികൾ താണ്ടി വേണം അവിടെയെത്താൻ. ഏത് മലയും തുരക്കുന്ന ഡിങ്ക ഭഗവാനെ മനസ്സിൽ ധ്യാനിച്ച് മലകയറ്റം തുടങ്ങി. മുന്നിൽ പയറു മണി പോലെ നടക്കുന്ന സായ്പ്പിനെ പരിചയപ്പെട്ടു. ഫിലിപ്പീൻസുകാരനാണ്, വയസ്സ് 76. കിതപ്പിൻ്റെ ഊക്കിൽ പേരു പറഞ്ഞത് മനസ്സിലായില്ല. കിതച്ചും വിയർത്തും ഒടുവിൽ ലക്ഷ്യത്തിലെത്തി. ഒന്നു കൈ നീട്ടിയാൽ ആകാശം തൊടാമെന്ന് തോന്നും. ഏറ്റവും അറ്റത്തായി ഒരു നീളമുള്ള ഡ്രാഗണെ നിർമിച്ചിട്ടുണ്ട്. മുകളിൽ നിന്ന് താഴേക്ക് നോക്കിയാൽ കാണുന്ന കാഴ്ച്ച, ഹോ… അത് വിവരിക്കാൻ ‘ഇന്നു ഭാഷയതപൂർണമിങ്ങഹോ’ എന്നേ പറയാനുള്ളൂ. ആകാശത്തിലെ ഒരത്ഭുതലോകം. താഴെ മറ്റൊരു കുഞ്ഞുലോകം. പല ലോകങ്ങൾ ഒരുമിച്ചു കീഴടക്കിയവരായി ഞങ്ങൾ. മലയുടെ ശിഖരങ്ങളെപ്പോലും ഉലയ്ക്കുന്ന കാറ്റ് കുറച്ചു സമയം ഏറ്റപ്പോൾ ക്ഷീണം പറന്നു. പിന്നെ താഴേയ്ക്കിറങ്ങാൻ തുടങ്ങി.
ബെങ് പാവു അഥവാ ഒരു തരം ഇഡലി
തിരിച്ചുള്ള യാത്രയിൽ കുറേ ശ്മശാനങ്ങൾ കണ്ടു. മരിച്ചവർക്ക് വലിയ പരിഗണനയാണ് നൽകിയിട്ടുള്ളത്. നല്ല നല്ല കല്ലറകൾ. വി.ഐ.പി മൃതദേഹങ്ങൾക്ക് കൊച്ചു പഗോഡകളുടെ രൂപത്തിൽത്തന്നെ കമാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ഹോട്ടലിലെത്തി വൈകാതെ തെരുവുകളിലൂടെ നടത്തം തുടങ്ങി. ഏതൊരു യാത്രയുടേയും ജീവൻ തെരുവുകളിലാണ്. ഒരു നാടിൻ്റെ യഥാർത്ഥ മിടിപ്പറിയാൻ ഇതിനേക്കാൾ നല്ല വഴിയില്ല. നല്ല വൃത്തിയുള്ള തെരുവുകൾ.നിറയെ വിവിധ കച്ചവടങ്ങൾ. 95 ശതമാനവും സ്ത്രീകളാണ്. നല്ല അധ്വാനശീലരാണ് ഇവിടത്തെ സ്ത്രീകൾ. വിശക്കാൻ തുടങ്ങിയപ്പോൾ ഭക്ഷണം തേടാൻ തുടങ്ങി. അപ്പോഴതാ ഒരു അമ്മായി റോഡരികിൽ ചെമ്പിലിട്ട് എന്തോ ആവി കൊണ്ട് വേവിക്കുന്നു. നമ്മുടെ ഇഡലിയുടെ സ്വഭാവമൊക്കെയുണ്ട്. ഒന്നു വാങ്ങി രുചിച്ചു നോക്കി. ഉള്ളിൽ തേങ്ങയും മറ്റെന്തൊക്കെയോ നിറച്ചിട്ടുണ്ട്. ചിക്കൻ നിറച്ചതുമുണ്ട്. രണ്ടും ഓരോന്നു കഴിച്ചു. വലിയ കുഴപ്പമില്ല, മറ്റ് ഭക്ഷണത്തേക്കാൾ ഭേദമാണ്. രണ്ടിനും കൂടി നാൽപതിനായിരം രൂപ! മറ്റൊരു കൊച്ചു കടയിൽ നിന്ന് ബണ്ണു പോലുള്ള ഒരു സാധനം വാങ്ങി.അതിനുള്ളിലും എന്തൊക്കെയോ നിറച്ചിരിക്കുന്നു. അതും തിന്നു. 15000 രൂപ കൊടുത്ത് ഒരു പേരക്ക കൂടി തിന്നപ്പോൾ അത്താഴം പൂർണമായി. (അവസാനിക്കുന്നില്ല)