ചൈന അതിർത്തിയോട് ചേർന്നുള്ള ഇന്ത്യയിലെ ഗ്രാമങ്ങൾ വിനോദ സന്ദർശക കേന്ദ്രങ്ങളായേക്കും. ഗ്രാമീണ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാർ അവതരിപ്പിച്ച വൈബ്രന്റ് വില്ലേജസ് (Vibrant Villages Programme) പദ്ധതിയുടെ ഭാഗമായി, ചൈന അതിർത്തിയോട് ചേർന്നുള്ള 17 ഗ്രാമങ്ങൾ ഈ പദ്ധതിക്ക് കീഴിൽ ഉടൻ തന്നെ ടൂറിസ്റ്റ് കേന്ദ്രങ്ങളാക്കി വികസിപ്പിക്കും.
മൂന്ന് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പാക്കുക. ആദ്യഘട്ടത്തിൽ നവീകരിക്കേണ്ട 663 ഗ്രാമങ്ങളുടെ കൂട്ടത്തിലാണ് 17 അതിർത്തി ഗ്രാമങ്ങൾ തിരഞ്ഞെടുത്തിരിക്കുന്നത്. ലഡാക്ക്, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, സിക്കിം, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിലാണ് ഈ ഗ്രാമങ്ങൾ ഉള്ളത്. മികച്ച കണക്റ്റിവിറ്റിക്കും ടൂറിസ്റ്റ് സൗകര്യങ്ങൾക്കുമാണ് പ്രാഥമികമായും ഊന്നൽ കൊടുക്കുന്നത്. ഈ പദ്ധതി പ്രകാരം വികസിപ്പിക്കേണ്ട ഗ്രാമങ്ങളിൽ ലഡാക്കിലെ ചുഷൂലും കർസോക്കും ഉൾപ്പെടുന്നു. കൂടാതെ, ഹിമാചൽ പ്രദേശിലെ ലാലുങ്, ഗിപു, ചരംഗ് ഖാസ് എന്നിവയും ഉത്തരാഖണ്ഡിലെ മന, നിതി, മലരി, ഗുഞ്ചി, സിക്കിമിലെ ലാചെൻ, ലാചുങ്, ഗ്‌നാതംഗ്, അരുണാചൽ പ്രദേശിലെ സെമിതാങ്, ടാക്സിങ്, ചയാങ്താജോ, ട്യൂട്ടിങ്, കിബിത്തൂ എന്നിവയുമുണ്ട്.
ഈ സംരംഭത്തിന് കീഴിൽ, ഉത്തരാഖണ്ഡിലെ ഗ്രാമങ്ങളിൽ 120 ഓളം ഹോംസ്റ്റേകൾ നിർമിക്കുകയോ പുനഃക്രമീകരിക്കുകയോ ചെയ്യും. മറ്റു വില്ലേജുകളിലും സമാനമായ താമസസൗകര്യങ്ങൾ ഉണ്ടാകും. ഹിമാചൽ പ്രദേശിലെയും ഉത്തരാഖണ്ഡിലെയും പ്രദേശങ്ങളിലൂടെ ട്രെക്കിംഗ് റൂട്ടുകൾ വികസിപ്പിക്കും. റിവർ റാഫ്റ്റിംഗ്, ഐസ് സ്‌കേറ്റിംഗ്, സ്‌കീയിംഗ് തുടങ്ങിയ സാഹസിക കായിക വിനോദങ്ങൾക്കായി അരുണാചൽ പ്രദേശിലെയും സിക്കിമിലെയും പ്രദേശങ്ങൾ വികസിപ്പിക്കും. ഈ സംസ്ഥാനങ്ങളുടെ വടക്കൻ അതിർത്തിയിലുള്ള 19 ജില്ലകളിലെ 46 ബ്ലോക്കുകളിലായി ആകെ 2,500 ലധികം വില്ലേജുകൾ കണ്ടെത്തി, ഈ പദ്ധതി പ്രകാരം നവീകരിക്കും. ഈ വർഷത്തെ കേന്ദ്ര ബജറ്റിലാണ് വൈബ്രൻറ് വില്ലേജസ് പ്രോഗ്രാം ആദ്യമായി പ്രഖ്യാപിച്ചത്.
എല്ലാ കാലാവസ്ഥയിലും റോഡ് പ്രവേശനം, ശുദ്ധമായ കുടിവെള്ളം, വൈദ്യുതി, മൊബൈൽ നെറ്റ്‌വ ർക്ക്, ഇന്റർനെറ്റ് കണക്റ്റിവിറ്റി, ടൂറിസം ഹബ്ബുകളുടെ വികസനം എന്നിവയാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. കൂടാതെ, ഇത് സാമൂഹിക സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കുകയും നൈപുണ്യ വികസന പരിപാടികളിലൂടെ യുവാക്കളെയും സ്ത്രീകളെയും ശാക്തീകരിക്കുകയും ചെയ്യും. കേന്ദ്ര, സംസ്ഥാന, ജില്ലാ, ബ്ലോക്ക് തലങ്ങളിലെ ഭരണത്തിൽ പഞ്ചായത്തിൻറെയും ഗ്രാമസഭയുടെയും പങ്കാളിത്തവും ഉത്തരവാദിത്തവും വൈബ്രൻറ് വില്ലേജസ് പ്രോഗ്രാം ഉറപ്പുനൽകുന്നു