ഊബറില്‍ ഇനി വില പേശാം; ചെറുപട്ടണങ്ങളില്‍ UBER FLEX

trip updates

കൊച്ചി. UBER Flex എന്ന പേരില്‍, യാത്രക്കാർക്ക് വിലപേശാനുള്ള സൗകര്യം ഓണ്‍ലൈന്‍ ടാക്‌സി ആപ്പായ ഊബർ പരീക്ഷിക്കുന്നു. ഇന്ത്യയില്‍ 12ലേറെ ചെറുപട്ടണങ്ങളില്‍ ഇത് ഊബര്‍ നടപ്പിലാക്കിയിട്ടുണ്ട്. 2023 ഒക്ടോബറിലാണ് ഇത് രഹസ്യമായി ഊബര്‍ തുടങ്ങിയത്. ഇപ്പോള്‍ കൂടുതല്‍ ചെറു നഗരങ്ങളിലേക്ക് വ്യാപിപ്പിച്ചു. കോയമ്പത്തൂര്‍, ഗ്വാളിയോര്‍, ഇന്ദോര്‍, ജോധ്പൂര്‍, സൂറത്ത്, ഡെറാഡൂണ്‍, ചണ്ഡിഗഢ്, ബറേലി, അജ്‌മേര്‍, ഔറംഗാബാദ് എന്നീ പട്ടണങ്ങളില്‍ ഫ്‌ളെക്‌സ് ലഭ്യമാണ്. ആദ്യം കാര്‍ ബുക്കിങ്ങിനായിരുന്നു ഈ സൗകര്യം. പിന്നീട് ഓട്ടോകള്‍ക്കും ലഭ്യമാക്കി.

യാത്രക്കാരുടെ ഡിമാന്‍ഡിനും ട്രാഫിക്കിനും അനുസൃതമായി നിരക്ക് കൂടുകയും കുറയുകയും ചെയ്യുന്ന ഡൈനമിക് പ്രൈസിങ് രീതിയിലാണ് സാധാരണ ഊബര്‍ ടാക്‌സി നിരക്കുകള്‍ നിശ്ചിക്കുന്നത്. ഒരു നിരക്ക് മാത്രമെ ഇങ്ങനെ ബുക്കിങ് സമയത്ത് കാണിക്കൂ. എന്നാല്‍ പുതിയ ഫ്‌ളെക്‌സ് സംവിധാനത്തില്‍ ഒമ്പത് വ്യത്യസ്ത നിരക്കുകള്‍ കാണിക്കും. ഇതില്‍ നിന്ന് യാത്രക്കാര്‍ക്ക് ഒരു നിരക്ക് തിരഞ്ഞെടുക്കാം. ഡ്രൈവര്‍ ഈ തുകയ്ക്ക് സമ്മതം അറിയിച്ചാല്‍ ബുക്കിങ് പൂര്‍ത്തിയാകും. ഡ്രൈവര്‍ക്ക് ഇത് സ്വീകരിക്കാനും നിരസിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ട്.

ഇന്ത്യയില്‍ പ്രചാരമുള്ള മറ്റൊരു ഓണ്‍ലൈന്‍ ടാക്‌സി ആപ്പായ ഇന്‍ഡ്രൈവില്‍ ഈ സൗകര്യം നേരത്തെ നിലവിലുണ്ട്. ഈ മത്സര രംഗത്ത് പിടിമുറക്കാനാണ് ഊബറും ഈ സൗകര്യം അവതരിപ്പിക്കാനൊരുങ്ങുന്നത്. എന്നാല്‍ യാത്രക്കാര്‍ കൂടുതലും വളരെ കുറഞ്ഞ നിരക്ക് മാത്രമാണ് തിരഞ്ഞെടുക്കുന്നതെന്ന് ഇന്‍ഡ്രൈവ് ആപ്പ് ഉപയോഗിക്കുന്ന ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് പരാതിയുണ്ട്. ഇന്‍ഡ്രൈവില്‍, കൂടുതല്‍ നിരക്ക് ആവശ്യപ്പെടാന്‍ ഡ്രൈവര്‍മാര്‍ക്കും വില പേശാനുള്ള സൗകര്യം കൂടി ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഡ്രൈവര്‍മാര്‍ക്ക് ന്യായമായ നിരക്ക് ലഭിക്കുന്നതോടൊപ്പം യാത്രക്കാര്‍ക്ക് താങ്ങാവുന്ന നിരക്കില്‍ മികച്ച രീതിയില്‍ യാത്ര ചെയ്യാനുള്ള സൗകര്യവും ഈ സംവിധാനത്തിലൂടെ ലഭിക്കുന്നുവെന്നാണ് ഊബര്‍ പറയുന്നത്.

Legal permission needed