KOCHI – DUBAI കപ്പല്‍ സര്‍വീസിന് രണ്ടു കമ്പനികളെ തിരഞ്ഞെടുത്തു

Cochin shipyard MV arabian sea tripupdates

കൊച്ചി. കേരളത്തില്‍ നിന്ന് ഗള്‍ഫിലേക്കുള്ള (KOCHI – DUBAI) കപ്പല്‍ സര്‍വീസ് ആരംഭിക്കാനുള്ള നീക്കങ്ങള്‍ വേഗം വര്‍ധിച്ചു. കൊച്ചിയില്‍ നിന്ന് ദുബായിലേക്ക് സര്‍വീസ് നടത്താന്‍ രണ്ടു കപ്പല്‍ കമ്പനികളെ തിരഞ്ഞെടുത്തതായി തുറമുഖ വകുപ്പു മന്ത്രി വി. എന്‍ വാസവന്‍ അറിയിച്ചു. ബേപ്പൂര്‍-കൊച്ചി-ദുബായ് കപ്പല്‍ സര്‍വീസിന് നേരത്തെ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ഇതോടെ ലക്ഷക്കണക്കിന് പ്രവാസികള്‍ക്ക് വലിയ അനുഗ്രമാകുന്ന കപ്പല്‍ സര്‍വീസ് തുടങ്ങാനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ ത്വരിതപ്പെടുത്തിയിരുന്നു.

കപ്പല്‍ സര്‍വീസിന് താല്‍പര്യം പ്രകടിപ്പിച്ച കമ്പനികളുമായി മാര്‍ച്ചില്‍ കേരള മാരിറ്റൈം ബോര്‍ഡ് ഉന്നതാധികാരികള്‍ വിശദമായ ചര്‍ച്ചകള്‍ നടത്തിയിരുന്നു. വിദേശ കപ്പല്‍ കമ്പനികള്‍ ഉള്‍പ്പെടെ ഇരുപതോളം കമ്പനികളാണ് ഈ ചര്‍ച്ചയില്‍ പങ്കെടുത്തത്. യാത്ര, ടൂറിസം, ലോജിസ്റ്റിക്‌സ് തുടങ്ങി വിവിധ സാധ്യതകളാണ് യോഗത്തില്‍ പ്രധാനമായും ചര്‍ച്ചയായത്. ദുബായിലേക്ക് ക്രൂയിസ് ഷിപ്പുകളാണോ, യാത്രാ കപ്പലുകളാണോ വേണ്ടത് തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ ഈ യോഗത്തില്‍ ചര്‍ച്ച ചെയ്തിരുന്നു. ഗള്‍ഫിലേക്കുള്ള കപ്പല്‍ സര്‍വീസ് സംബന്ധിച്ച സംശയങ്ങള്‍ പരിഹരിക്കാനും പദ്ധതിയുടെ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യാനുമായിരുന്നു ഈ യോഗം. ഇതില്‍ പങ്കെടുത്ത കമ്പനികളാണ് സര്‍ക്കാരിന് താല്‍പര്യപത്രം സമര്‍പ്പിച്ചത്. കോഴിക്കോട് (ബേപ്പൂര്‍) നിന്ന് ദുബായിലേക്ക് മൂന്ന് ദിവസമാണ് കപ്പല്‍ യാത്രാ സമയം. കോഴിക്കോട് നിന്ന് കൊച്ചി വഴി ദുബായിലേക്കാണെങ്കില്‍ മൂന്നര ദിവസവും വേണ്ടി വരുമെന്ന് കപ്പല്‍ കമ്പനികള്‍ ഈ യോഗത്തില്‍ വിശദമാക്കിയിരുന്നു.

ഏതു തരത്തിലുള്ള സര്‍വീസായിരിക്കുമെന്നതു സംബന്ധിച്ച് പൂര്‍ണരൂപമായിട്ടില്ല. ടൂറിസം സാധ്യതകളെ കൂടി പ്രയോജനപ്പെടുത്തി ക്രൂയിസ് കപ്പലിനും ഈ റൂട്ടില്‍ വലിയ സാധ്യതയുണ്ട്. അതേസമയം, കുതിച്ചുയരുന്ന വിമാന യാത്രാ നിരക്കുകളില്‍ നിന്ന് മോചനമായി ലക്ഷക്കണക്കിന് മലയാളി പ്രവാസികള്‍ വര്‍ഷങ്ങളായി ആവശ്യപ്പെടുന്നതാണ് കപ്പല്‍ സര്‍വീസ്. വിമാന യാത്രയേക്കാള്‍ വളരെ കുറഞ്ഞ ചെലവില്‍ യാത്ര ചെയ്യാമെന്നതാണ് പ്രത്യേകത. 10000 രൂപയ്ക്ക് കപ്പല്‍ യാത്ര സാധ്യമാകുമെന്നാണ് പ്രതീക്ഷ. കൂടുതല്‍ ലഗേജും ചരക്കുകളും കപ്പല്‍ വഴി കൊണ്ടു പോകാം. യാത്രാ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നതിനൊപ്പം കേരളത്തില്‍ നിന്ന് ഗള്‍ഫിലേക്കുള്ള ചരക്കു നീക്കത്തിനും കപ്പല്‍ സര്‍വീസ് ഏറെ പ്രയോജനം ചെയ്യും.

Legal permission needed