മണാലി. ശൈത്യം കടുത്തതോടെ Manali-Leh Highway ഔദ്യോഗികമായി അടച്ചു. ഈ സീസണില്‍ ഇനി ഇതുവഴി യാത്ര സാധ്യമല്ല. നവംബർ 20 മുതലാണ് യാത്രാ വിലക്ക്. വിന്റര്‍ ശക്തിപ്രാപിക്കുന്നതോടെ മഞ്ഞ് മൂടുന്ന മണാലി-ലേ ദേശീയ പാതയിലൂടെ യാത്ര അത്യന്തം ദുര്‍ഘടമായി മാറും. സഞ്ചാരികളുടെ സുരക്ഷ കണക്കിലെടുത്താണ് എല്ലാ വര്‍ഷവും നവംബര്‍ മുതല്‍ ആറു മാസത്തേക്ക് ഈ പാത അടച്ചിടുന്നത്. കാലാവസ്ഥ മാറി മഞ്ഞ് സ്വാഭാവികമായി ഉരുകുന്ന മേയിലാണ് ഹൈവെ ഇനി യാത്രികര്‍ക്കായി തുറന്നു നല്‍കുക. ലഹോള്‍-സ്പിതി ജില്ലാ ഭരണകൂടവും ലഡാഖ് ഭരണകൂടവുമാണ് യാത്രാ നിരോധന ഉത്തരവിറക്കിയത്. ഗ്രംഫു-കസ, ദര്‍ച്ച-സര്‍ച്ചു, ദര്‍ച്ച-ഷിങ്കു ലാ എന്നീ പ്രധാന റോഡുകളാണ് അടച്ചത്.
സുരക്ഷാ മാര്‍ഗനിര്‍ദേശം ലംഘിച്ച് ഈ പാത വഴി യാത്രയ്ക്ക് ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് ലഹോള്‍ അധികാരികള്‍ മുന്നറിയിപ്പ് നല്‍കുന്നു. ലേ മുതല്‍ മണാലി വരെ റോഡ് അടച്ചിട്ടുണ്ടെങ്കിലും മണാലി മുതല്‍ ദര്‍ച്ച വരെ കാലാവസ്ഥ അനുകൂലമാണെങ്കില്‍ വാഹന ഗതാഗതം അനുവദിക്കുമെന്നും അധികൃതര്‍ അറിയിച്ചു. ലേ ഭരണകൂടത്തിന്റെ ഉത്തരവ് പ്രകാരം ലേയിലെ ഉപ്ഷി പൊലീസ് ചെക്ക് പോസ്റ്റ് മുതല്‍ റോഡിലേക്ക് പ്രവേശന വിലക്കുണ്ടാകും. വിലക്ക് ലംഘിക്കുന്നവരെ തടയാന്‍ പൊലീസിന് നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
കടുത്ത മഞ്ഞു വീഴ്ചയുള്ള സീസണില്‍ മണാലി-ലേ ഹൈവേയില്‍ വിനോദ സഞ്ചാരികള്‍ കുടുങ്ങുന്നത് പതിവാണ്. വളരെ പ്രയാസമേറിയ രക്ഷാപ്രവര്‍ത്തനത്തിലൂടെയാണ് ഇവരെ രക്ഷിക്കുന്നത്. പൊലീസും ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്‍ ജവാന്‍മാരുമാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.