റിയാദ്/ദുബയ്. ടൂറിസ്റ്റുകളുടെ വരവിൽ സൗദി അറേബ്യയിലും യുഎഇയിലും വൻ കുതിച്ചുചാട്ടം. കഴിഞ്ഞ വർഷം സൗദി സന്ദർശിച്ച വിനോദസഞ്ചാരികളുടെ എണ്ണം 10 കോടി ആയി കുതിച്ചുയർന്നു. ഇവരിൽ 2.7 കോടി പേരും വിദേശ ടൂറിസ്റ്റുകളായിരുന്നു. ഇവരെല്ലാം ചേർന്ന് സൗദിയിൽ ചെലവിട്ടത് 10,000 കോടി റിയാൽ ആണെന്നും ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. സൗദിയുടെ അഭിമാന പദ്ധതിയായ വിഷൻ 2030യുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ് ടൂറിസം രംഗത്തെ രാജ്യത്തിന്റെ വളർച്ച. ഇതിനായുള്ള പദ്ധതികൾ അതിവേഗം ലക്ഷ്യത്തിലേക്ക് കുതിക്കുകയാണ്. 2030ഓടെ ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണം 8 കോടിയായും വിദേശ വിനോദസഞ്ചാരികളുടെ എണ്ണം 7 കോടിയായും ഉയർത്തുകയാണ് ലക്ഷ്യം.
ഇതിനായി വിപുലമായ പദ്ധതികളാണ് ആവിഷ്ക്കരിച്ച് നടപ്പിലാക്കി വരുന്നത്. ടൂറിസം രംഗത്തെ ജോലികൾക്കായി കഴിഞ്ഞ ഒരു വർഷത്തിനിടെ ഒരു ലക്ഷത്തിലേറെ സൗദി യുവജനങ്ങളെ പരിശീലനം നൽകി സജ്ജരാക്കി. ഇവരിൽ 15,000 പേർ ലോകത്തെ ഏറ്റവും മികച്ച സ്ഥാപനങ്ങളിൽ നിന്നാണ് പരിശീലനം നേടിയത്. സർക്കാരാണ് ഇവരുടെ എല്ലാ പരിശീലന ചെലവുകളും വഹിക്കുന്നത്. 50 ടൂറിസം പദ്ധതികൾക്കായി 3500 കോടിയിലേറെ റിയാലിന്റെ വായ്പകളാണ് ടൂറിസം വികസന നിധി അനുവദിച്ചത്.
യുഎഇയിലും ടൂറിസ്റ്റുകളുടെ വരവിൽ വൻകുതിപ്പാണുണ്ടായത്. കഴിഞ്ഞ വർഷം ദുബായിൽ മാത്രമെത്തിയത് 1.7 കോടി ടൂറിസ്റ്റുകളാണ്. ദുബായിൽ ഒന്നര ലക്ഷത്തിലേറെ ഹോട്ടൽ മുറികളുണ്ട്. ഇവയിൽ 77 ശതമാനമായിരുന്നു കഴിഞ്ഞ വർഷത്തെ താമസനിരക്ക്. ആഗോള തലത്തിൽ തന്നെ ഏറ്റവും ഉയർന്ന നിരക്കാണിത്.
വിനോദം, വ്യവസായം എന്നീ രംഗങ്ങളിൽ ലോകത്തെ ഏറ്റവും മികച്ച മൂന്ന് നഗരങ്ങളിലൊന്നാക്കി ദുബായിയെ മാറ്റുകയാണ് ലക്ഷ്യമെന്ന് ദുബായ് കിരീടാവകാശിയും എക്സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ ലോകവിനോദ സഞ്ചാര ഭൂപടത്തിലെ മുൻനിര നഗരങ്ങളിൽ ദുബായ് സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. ലോകത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിൽ കഴിഞ്ഞ മാസം ഒന്നാം സ്ഥാനത്ത് ദുബായ് അന്താരാഷ്ട്കര വിമാനത്താവളമായിരുന്നു.