വണ്ണപ്പുറത്തെ വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചുപൂട്ടി വനംവകുപ്പ്

ഇടുക്കി. മീനുളിയാൻപാറക്ക് പുറമേ വണ്ണപ്പുറത്തെ കാറ്റാടിക്കടവ് വിനോദസഞ്ചാരകേന്ദ്രവും അടച്ചുപൂട്ടി വനംവകുപ്പ് അധികൃതർ. ദിനംപ്രതി നൂറുകണക്കിന് സഞ്ചാരികളെത്തിയിരുന്ന കാറ്റാടിക്കടവിൽ യാതൊരു മുന്നറിയിപ്പും നൽകാതെയാണ് വനംവകുപ്പിന്റെ ഈ ക്രൂര നടപടി. വണ്ണപ്പുറം-ചേലച്ചുവട് റോഡിൽ നിന്ന് ഒരു കിലോമീറ്റർ ഉള്ളിലാണ് കാറ്റാടിക്കടവ്. കോട്ടപ്പാറമലയുടെ ഉച്ചിയിലുള്ള ഈ സ്ഥലത്ത് നിന്നാൽ എറണാകുളം നഗരം ഉൾപ്പെടെയുള്ള വിദൂരക്കാഴ്ചകൾ കാണാനാകും. നല്ല തണുത്തകാറ്റിനൊപ്പം പുൽമേടും ചോലമരങ്ങളും ഇവിടെയുണ്ട്. കാറ്റാടിക്കടവിനോട് ചേർന്ന് അമ്പതിൽപ്പരം കുടുംബങ്ങൾ താമസിക്കുന്നുണ്ട്. ഇങ്ങനെയുള്ള ജനവാസ മേഖലയിലാണ് വേനലവധിക്കാലമായിട്ടും വനംവകുപ്പ് പ്രവേശനം തടഞ്ഞ് ഫലകം സ്ഥാപിച്ചത്. അനധികൃമായി പ്രവേശിച്ചാൽ 25,000 രൂപയും മൂന്നുവർഷം തടവുമാണ് ശിക്ഷ.

വണ്ണപ്പുറം ഗ്രാമ പഞ്ചായത്തിൽ കോട്ടപ്പാറ, മീനുളിയാൻപാറ, കാറ്റാടിക്കടവ്, നാക്കയം, ആനചാടിക്കുത്ത് തുടങ്ങി മനോഹരമായ അഞ്ച്‌ വിനോദസഞ്ചാര കേന്ദ്രങ്ങളാണുള്ളത്. ഇതുകൂടാതെ കാളചാടിക്കുത്ത്, പണ്ടാരക്കുത്ത് തുടങ്ങിയ നിരവധി വിനോദസഞ്ചാരകേന്ദ്രങ്ങളും ഇവിടെയുണ്ട്. ഇവിടേക്കെത്തുന്ന സഞ്ചാരികൾ വണ്ണപ്പുറത്തിന്റെ വികസനത്തിനും വരുമാന വർധനക്കും നൽകുന്ന സംഭാവനകൾ ചെറുതല്ല. എന്നാൽ, വനംവകുപ്പ് ഇവയെല്ലാം ഒന്നൊന്നായി അടച്ചു പൂട്ടുകയും പ്രവേശന വിലക്ക് ഏർപ്പെടുത്തുകയുമാണ്. വിനോദസഞ്ചാര കേന്ദ്രങ്ങൾ വനംവകുപ്പിന്റെ കീഴിൽനിന്ന് മാറ്റി പഞ്ചായത്തിനെയോ, ഡി ടി പിസിയെയോ ഏൽപ്പിക്കണമെന്നതാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്. ജില്ലാ കലക്ടറുടെ ഉത്തരവിനെത്തുടർന്നാണ് നിരോധനം ഏർപ്പെടുത്തിയതെന്നാണ് കാളിയാർ റേഞ്ച് ഓഫീസർ പറയുന്നത്. എന്നാൽ, ജലാശയങ്ങളും പടുതാക്കുളങ്ങളും സംബന്ധിച്ച ഉത്തരവാണ് കലക്ടർ ഇറക്കിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

Legal permission needed