മണ്ണാർക്കാട്. അവധിദിനങ്ങൾ ആഘോഷമാക്കാന്‍ തച്ചനാട്ടുകര തൊടുകാപ്പ്കുന്ന് ഇക്കോ ടൂറിസം കേന്ദ്രം സഞ്ചാരികളെ വിളിക്കുന്നു. സാഹസികതതക്കും പ്രകൃതി സന്ദര്യത്തിനും ഒരു പോലെ
അവസരമൊരുക്കുന്ന തൊടുകാപ്പ്‌കുന്ന് ഇക്കോ ടൂറിസം കേന്ദ്രത്തില്‍ കാഴ്ചകള്‍ ആസ്വദിക്കാനും വിശ്രമിക്കാനും സാകര്യങ്ങളൊരുക്കി 31 ലക്ഷം രൂപ ചെലവില്‍ ആദ്യഘട്ട നവീകരണ പൂര്‍ത്തിയാക്കി കഴിഞ്ഞ ദിവസം തുറന്നു. 30 ഹെക്ടര്‍ വനഭൂമിയിലായി വ്യാപിച്ച് കിടക്കുന്ന തൊടുകാപ്പ്കുന്ന് ഇക്കോ ടൂറിസം കേന്ദ്രത്തിന്റെ നവീകരണം വനം വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് പൂര്‍ത്തിയാക്കിയത്.
ഇക്കോ ടൂറിസം കേന്ദ്രത്തിലെ ശോചനീയവസ്ഥയിലായിരുന്ന ചില്‍ഡ്രന്‍സ് പാര്‍ക്കില്‍ പുതിയ റൈഡുകള്‍ ഉള്‍പ്പടെ സ്ഥാപിച്ചാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്. സന്ദര്‍ശകരുടെ സുരക്ഷ കണക്കിലെടുത്ത് നിലം ഇന്റര്‍ലോക്ക് ചെയ്തിട്ടുണ്ട്. സമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന് ടൂറിസം കേന്ദ്രത്തിന് ചുറ്റും രണ്ട് കിലോമീറ്റര്‍ മുള്ളുവേലി സജ്ജമാക്കിയിട്ടുണ്ട്. നാല് ശുചിമുറികള്‍ ഉള്‍പ്പെടുന്ന ടോയ്ലെറ്റ് കോംപ്ലെക്സ് നവീകരണം, ഇക്കോ ടൂറിസം കേന്ദ്രത്തിന് സമീപത്തായുള്ള മയിലാടിപ്പാറ വ്യൂ പോയിന്റിലേക്ക് രണ്ട് കിലോമീറ്റര്‍ നീളത്തില്‍ നടപ്പാത, പക്ഷികളെക്കുറിച്ചുള്ള ബോര്‍ഡുകള്‍ എന്നിവ ഒരുക്കിയിട്ടുണ്ട്.
രാവിലെയും വൈകിട്ടും ജോഗിംഗിനായി പൊതുജനങ്ങള്‍ക്ക് കേന്ദ്രം ഉപയോഗിക്കാം. സെക്യൂരിറ്റി ഉള്‍പ്പെടെ മൂന്ന് സ്റ്റാഫിന്റെ സേവനവും സന്ദര്‍ശകര്‍ക്ക് വനഉത്പന്നങ്ങള്‍ വാങ്ങുന്നതിന് വനശ്രീ ഇക്കോ ഷോപ്പും ക്യാന്റീന്‍ സൗകര്യവും സജ്ജമാക്കിയിട്ടുണ്ട്. രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് ആറ് വരെ ടൂറിസം കേന്ദ്രത്തിലേക്ക് സന്ദര്‍ശകര്‍ക്ക് പ്രവേശനമുണ്ടാകും. 40 രൂപയാണ് എന്‍ട്രി ഫീസ്. ടൂറിസം കേന്ദ്രത്തിന്റെ രണ്ടാം ഘട്ട നവീകരണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും.