THAILAND യാത്ര ചെലവ് കുറയുമോ? ഇന്ത്യക്കാര്‍ക്ക് വിസ ഇളവുകള്‍ വരുന്നു

ബാങ്കോക്ക്. ലോകത്തിലെ ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ തായ്ലൻഡ് (Thailand) ഇന്ത്യയിൽ നിന്നും ചൈനയിൽ നിന്നുമുള്ള സഞ്ചാരികൾക്ക് വിസ നിയമങ്ങൾ വൈകാതെ ലഘൂകരിച്ചു നൽകാൻ സാധ്യത. ഇക്കാര്യം തായ്ലൻഡ് സർക്കാരിന്റെ സജീവ പരിഗണനയിലാണ്. എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള സന്ദർശകരെ രാജ്യത്ത് കൂടുതൽ സമയം തങ്ങാൻ അനുവദിക്കുന്നതിനാണ് പദ്ധതി.

നിലവിൽ ഇന്ത്യക്കാർക്ക് തായ്ലൻഡിൽ Visa-on-Arrival ലഭ്യമാണ്. 15 ദിവസം മാത്രം കാലാവധിയുള്ള ഈ വിസയ്ക്ക് ഇന്ത്യക്കാർ 57 യുഎസ് ഡോളർ (5000 രൂപയോളം) നൽകണം. ചൈനക്കാർക്ക് അൽപ്പം കൂടി ചെലവേറും. മാത്രവുമല്ല ചൈനക്കാരുടെ വിസ നടപടികൾക്ക് പലപ്പോഴും മടുപ്പിക്കുന്ന കാത്തിരിപ്പും വേണ്ടിവരുമെന്നാണ് റിപോർട്ടുകൾ പറയുന്നത്.

നിലവിലെ 15 ദിവസ കാലാവധി ഒരു മാസമാക്കി വർധിപ്പിക്കുന്ന കാര്യമാണ് പരിഗണനയിലുള്ളത്. ഇതിന് അനുകൂലമായാണ് പ്രധാനമന്ത്രി സ്രെത്ത തവിസിൻ പ്രതികരിച്ചത്. കൂടുതൽ രാജ്യക്കാർക്ക് വിസയില്ലാതെ തായ്ലൻഡിലെത്താൻ സൗകര്യമൊരുക്കുന്ന കാര്യവും പരിഗണിക്കുന്നുണ്ട്. വിസ-ഓൺ-അറൈവൽ പട്ടികയിൽ കൂടുതൽ രാജ്യങ്ങളെ കൂടി ഉൾപ്പെടുത്തും. കാലാവധി വർധിപ്പിക്കുന്നതോടൊപ്പം വിസ ഫീസിൽ ഇളവ് നൽകുന്നതു സംബന്ധിച്ച് സൂചനകളൊന്നുമില്ല. ഇങ്ങനെ വന്നാൽ തായ്ലൻഡ് വിനോദ യാത്ര വീണ്ടും ചെലവ് കുറയും. ഇത് കൂടുതൽ വിദേശ ടൂറിസ്റ്റുകളെ ആകർഷിക്കും.

ഇതോടൊപ്പം തായ്ലൻഡിലേക്കുള്ള വിമാന സർവീസുകളുടെ എണ്ണവും വർധിപ്പിക്കുന്നതിനും ചർച്ചകൾ നടക്കുന്നുണ്ട്. മൊത്തം വിമാന സീറ്റുകളുടെ എണ്ണം 20 ശതമാനം കൂടി വർധിപ്പിക്കുന്നതിനാണ് ചർച്ച. ഇമിഗ്രേഷൻ നടപടിക്രമങ്ങൾ വേഗത്തിലാക്കുന്ന കാര്യവും പരിഗണിക്കുന്നു.

Also Read വിദേശ ടൂറിന് പ്ലാനുണ്ടോ? മലേഷ്യ വിളിക്കുന്നു

ഇന്ത്യയിൽ നിന്നും ചൈനയിൽ നിന്നുമുള്ള യാത്രക്കാർക്ക് വിസ കാലാവധി നീട്ടുന്നതിന് പകരം വിസ അപേക്ഷാ ഫീസ് ഒഴിവാക്കിയാൽ കൂടുതൽ പ്രയോജനകരമായിരിക്കുമെന്നാണ് ഫുകെത് ടൂറിസം അസോസിയേഷന്റെ പ്രതികരണം.

തായ്‌ലൻഡിൽ എന്തുണ്ട്?

സമ്പന്നമായ സാംസ്‌കാരിക പൈതൃകം, പ്രകൃതി സൗന്ദര്യം, മനോഹര നഗരങ്ങൾ, വൈവിധ്യ പാചകരീതികൾ, ശാന്ത സുന്ദരമായ ഗ്രാമങ്ങൾ, മനോഹര ബീച്ചുകൾ എന്നിവയെല്ലാമാണ് തായ്ലൻഡിനെ ലോകത്തെമ്പാടുമുള്ള സഞ്ചാരികളുടെ പ്രിയ വിനോദയാത്രാ കേന്ദ്രമാക്കുന്നത്. ചെറിയ ബജറ്റിലും മികച്ചൊരു വിദേശ ടൂർ അനുഭവം നൽകാൻ തായ്ലൻഡിനു സാധിക്കുന്നു. ഇതാണ് പ്രധാനമായും ഇന്ത്യക്കാരെ ആകർഷിക്കുന്നത്. ഫൂക്കറ്റ്, ക്രാബി, കോ സമുയി, ഫൈ ഫൈ ഐലൻഡ്സ് തുടങ്ങിയ സ്ഥലങ്ങൾ മികച്ച ഹണിമൂൺ ഡെസ്റ്റിനേഷനുകളാണ്. തായ്‌ലൻഡിലെ വംശീയ ചരിത്രം അടുത്തറിയാൻ സഹായിക്കുന്ന ഇടങ്ങളാണ്  ചിയാങ് മായ്, ചിയാങ് റായി എന്നിവ.

Legal permission needed