THAILANDലേക്ക് കൊച്ചിയില്‍നിന്ന് പുതിയ പ്രീമിയം, ബജറ്റ് വിമാന സര്‍വീസുകള്‍

thailand trip updates

കൊച്ചി. THAILANDലെ ഔദ്യോഗിക വിമാന കമ്പനിയായ തായ് എയർവേയ്സ് (Thai Airways) കൊച്ചിയിൽ നിന്ന് ബാങ്കോക്കിലേക്ക് നേരിട്ടുള്ള പ്രീമിയം സർവീസ് ആരംഭിച്ചു. ബാങ്കോക്കിൽ നിന്നുള്ള ആദ്യ വിമാനം രാത്രി 12ന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലിറങ്ങി. ആഴ്ചയിൽ മൂന്ന് റൗണ്ട് ട്രിപ്പ്‌ സർവീസുകളാണുള്ളത്. ബാങ്കോക്കിലെ സുവർണഭൂമി രാജ്യാന്തര വിമാനത്താവളം കേന്ദ്രീകരിച്ചാണ് ഈ സർവീസ്. കൊച്ചിയിൽ നിന്ന് ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ രാത്രി 1.40ന് പുറപ്പെട്ട് പ്രാദേശിക സമയം രാവിലെ 7.35ന് ബാങ്കോക്കിലെത്തും. എയർബസ് എയർബസ് A320 ആണ് സർവീസിനു ഉപയോഗിക്കുന്നത്. ഓസ്ട്രേലിയ, ന്യൂസിലൻഡ് തുടങ്ങിയ രാജ്യങ്ങളിലേക്ക് തത്സമയ കണക്ഷൻ വിമാനങ്ങൾ പിടിക്കാനും കൊച്ചിയിൽ നിന്നുള്ള യാത്രക്കാർക്ക് ഈ സർവീസ് ഉപകരിക്കും.

തായ് ബജറ്റ് വിമാന കമ്പനിയായ തായ് ലയണ്‍ എയറും (Thai Lion Air) കൊച്ചിയില്‍ നിന്ന് ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ് ആരംഭിച്ചിട്ടുണ്ട്. കൊച്ചിയില്‍ നിന്ന് ബാങ്കോക്കിലെ ഡോണ്‍ മുആംഗ് എയര്‍പോര്‍ട്ടിലേക്കാണ് ഈ സര്‍വീസ്. ആഴ്ചയില്‍ മൂന്ന് റൗണ്ട് ട്രിപ്പ് സര്‍വീസുകളാണുള്ളത്. ചൊവ്വ, വ്യാഴം, ഞായര്‍ ദിവസങ്ങളില്‍ ബാങ്കോക്കില്‍ നിന്ന് രാത്രി 10.35ന് പുറപ്പെട്ട് അര്‍ദ്ധരാത്രി 1.10ന് കൊച്ചിയിലെത്തിച്ചേരും. തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ കൊച്ചിയില്‍ നിന്ന് പുലര്‍ച്ചെ 2.10ന് പുറപ്പെട്ട് ബാങ്കോക്കില്‍ രാവിലെ 7.50നും എത്തിച്ചേരും.

ഇതോടെ ബാങ്കോക്കിലേക്ക് കൊച്ചിയിൽ നിന്നുള്ള സർവീസുകളുടെ എണ്ണം ആഴ്ചയിൽ 16 ആയി ഉയർന്നു. നിലവില്‍ എയര്‍ ഏഷ്യ ആഴ്ചയില്‍ 10 സര്‍വീസുകള്‍ കൊച്ചിയില്‍ നിന്ന് ബാങ്കോക്കിലേക്ക് നടത്തുന്നുണ്ട്. കൊച്ചിയില്‍ നിന്ന് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനയുണ്ട്. ഫിലിപ്പീന്‍സ്, തായ്‌ലന്‍ഡ്, ഓസ്‌ട്രേലിയ, ന്യൂസീലന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് പുതിയ സര്‍വീസുകള്‍ ഏറെ ഗുണം ചെയ്യും. ഫിലിപ്പൈന്‍ എയര്‍ലൈന്‍സ്, ക്വന്റാസ്, എയര്‍ ന്യൂ സിലന്‍ഡ് തുടങ്ങിയ വിമാന കമ്പനികളേയും കൊച്ചിയിലെത്തിക്കാന്‍ സിയാല്‍ ശ്രമങ്ങള്‍ നടത്തി വരുന്നുണ്ട്.

Legal permission needed